29 March Friday

യമഹ എറോക്സ് 155 ; മോസ്റ്റ് മോഡേൺ ഡിസൈൻ

സുരേഷ് നാരായണൻUpdated: Wednesday Jan 12, 2022

ഒരുകാലത്ത് ഇന്ത്യയിൽ ഇരുചക്രവാഹനങ്ങൾ 150 സി‌സി കപ്പാസിറ്റിയിൽ കൂടുതൽ വളരാൻ സാധ്യത കുറവാണ് എന്നായിരുന്നു പ്രവചനങ്ങൾ. അക്കാലത്തുതന്നെ ബജാജ് പ്രിയ പോലെയുള്ള 150 സി‌സി സ്കൂട്ടറുകൾ ഉണ്ടായിരുന്നു എന്നത് മറക്കാനാകില്ല. മാന്വൽ ഗീയർ ഉണ്ടായിരുന്ന ഈ സ്കൂട്ടറുകൾ സ്ത്രീകൾ ഉപയോഗിച്ചിരുന്നില്ല, ഉണ്ടെങ്കിൽ വളരെ തുച്ഛം! 1984ൽ കൈനെറ്റിക് ഹോണ്ടയുടെ വരവോടെയാണ് സ്ത്രീകൾ കൂടുതലായി സ്കൂട്ടർ ഉപയോഗിക്കാൻ തുടങ്ങിയത്. കൈനെറ്റിക് ഹോണ്ട വഴിയൊരുക്കിയത് സ്ത്രീകളുടെ സ്വതന്ത്രസഞ്ചാരത്തിനായിരുന്നു എങ്കിലും കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ സ്കൂട്ടർ വിപണി ഇടിയാൻ തുടങ്ങി. ഇന്ത്യയിൽ സ്കൂട്ടർ നിർമാണത്തിൽ കുലപതിയായിരുന്ന ബജാജ് ഓട്ടോപോലും സ്കൂട്ടർ നിർമാണം പാടേ നിർത്തി! അതിനുശേഷം ഈയിടയ്ക്കാണ് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഇറക്കിയത്. ഇങ്ങനെ, സ്കൂട്ടറുകളുടെ കാലം കഴിഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് ഹോണ്ട സ്വതന്ത്രമായി ഇന്ത്യയിൽ വാഹന നിർമാണം തുടങ്ങിയത്.

കൈനെറ്റിക് ഹോണ്ടയുടെ വിജയം മനസ്സിൽ കണ്ടായിരിക്കണം, സ്ത്രീകളെ ലക്ഷ്യമിട്ട് ആക്ടിവ വിപണിയിൽ ഇറക്കാൻ ഹോണ്ട ധൈര്യപ്പെടുന്നത്. അത് കുറിക്കു കൊണ്ടെന്നുതന്നെ പറയാം, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടിവ! 110 സി‌സി, 125 സി‌സി പരിധിയിൽ നിന്നിരുന്ന സ്കൂട്ടർ കപ്പാസിറ്റി 150 സി‌സി, 160 സി‌സി എന്നിങ്ങനെ വളർന്നത് അപ്രീലിയ, വെസ്പ മുതലായ നിർമാതാക്കളുടെ ഈ അടുത്ത കാലത്തുള്ള വരവോടെയാണ്. എന്നാൽ, ഒരു സ്പോർട്സ് സ്കൂട്ടർ ഇന്ത്യയിൽ കൊണ്ടുവരാൻ ഇവരാരും ധൈര്യം കാണിച്ചില്ല! അതിന് മുന്നോട്ടുവന്നത് സ്കൂട്ടർ നിർമാണത്തിൽ ഇന്ത്യയിൽ വൈകിയെത്തിയ യമഹയാണ്. ഈ ലക്കത്തിൽ യമഹയുടെ സ്പോർട്സ് സ്കൂട്ടർ അല്ലെങ്കിൽ മാക്സി സ്പോർട്ട് സ്കൂട്ടർ എറോക്സ് ആണ് താരം!


 

പുറംമോടിയിൽ താരംതന്നെയാണ് എറോക്സ്! കൊച്ചിയിൽനിന്ന്‌ ചേർത്തലയിലേക്കുള്ള യാത്രയിൽ കാണുന്നവരെല്ലാം തിരിഞ്ഞുനോക്കുകയായിരുന്നു! ചിലർ ഏത് വണ്ടിയെന്ന് അൽപ്പം സംശയത്തോടെ ചോദിക്കുകയും ചെയ്തു! സംശയത്തിന് കാരണം എറോക്സിന്റെ വേറിട്ട മോഡേൺ ഡിസൈനാണ്. എൽ‌ഇ‌ഡി ഹെഡ് ലാമ്പ്, ഡി‌ആർ‌എൽ സമുച്ചയം ഡിസൈൻ ചെയ്തിരിക്കുന്നത് ഫെയറിങ്ങുള്ള ബൈക്കിന്റേതുപോലെയാണ്. നെഗറ്റീവ് ഡിസ്‌പ്ലേയുള്ള ഇൻസ്ട്രമെന്റ്‌ പാനലിൽ ട്വിൻ ടക്കോ മീറ്റർ, ഡിജിറ്റൽ സ്പീഡോ, സാധാരണയുള്ള മറ്റ്‌ ഇൻഫർമേഷനുകളുണ്ട്. വശങ്ങളിൽനിന്ന്‌ നോക്കുമ്പോഴാണ്‌ സ്‌കൂട്ടറിന്റെ വലിപ്പം മനസ്സിലാകുന്നത്. 14 ഇഞ്ച് അലോയ് വീലുകൾ നോട്ടത്തിൽമാത്രമല്ല, സ്കൂട്ടറിന്റെ ഹൈ സ്പീഡ് ഹാൻഡ്‌ലിങ്ങും മെച്ചപ്പെടുത്തുന്നു. പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബർ അൽപ്പം സ്റ്റിഫ് സൈഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. മോണോഷോക്സ് ആയിരുന്നെങ്കിൽ ലുക്ക് ഒന്നുകൂടി നന്നാക്കാമായിരുന്നു. 

പ്രായോഗികതയുടെ കാര്യത്തിൽ സാധാരണ സ്കൂട്ടറുകളെക്കാൾ സ്ഥലസൗകര്യത്തിൽ കുറവ് എന്നു പറയാൻ ഫൂട്ട്‌ ബോർഡിന്റെ അഭാവം മാത്രമാണ്. സീറ്റിനടിയിൽ 25.4 ലിറ്റർ സ്ഥലമുണ്ട്. ഒരു ഫുൾ ഫേസ് ഹെൽമെറ്റ് വയ്‌ക്കാൻ ഇത് ധാരാളം. ചാർജിങ് സൗകര്യത്തോടെ ഫോൺ വയ്‌ക്കാൻ ഒരു ഗ്ലോവ് ബോക്സും കൊടുത്തിരിക്കുന്നു. പിന്നിൽ ഇരിക്കുന്നയാൾക്ക് കൊടുത്തിരിക്കുന്ന ഫൂട്ട് റസ്റ്റിന് അൽപ്പംകൂടി വീതി ഉണ്ടായിരുന്നെങ്കിൽ സുഖകരമാകുമായിരുന്നു.


 

യമഹ ആർ15 യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്. അതേ ആർ15ന്റെ എൻജിനാണ് എറോക്സിൽ ഉപയോഗിച്ചിരിക്കുന്നത്! അൽപ്പം പവർ കുറച്ചാണ് ട്യൂൺ ചെയ്തിരിക്കുന്നത് എന്നുമാത്രം. 8000 ആർ‌പി‌എമ്മിൽ 15 പി‌എസ് ഊർജം പുറപ്പെടുവിക്കുന്ന നാല്‌ വാൽവുകളുള്ള ലിക്വിഡ് കൂൾഡ് 4 സ്ട്രോക്ക് എസ്‌ഒഎച്ച്‌സി 155 സി‌സി എൻജിനാണ്‌ എറോക്സിന്റെ ശക്തിക്ക് ഉറവിടം. ഈ എൻജിൻ ഉണ്ടാക്കുന്ന ടോർക് 6500 ആർ‌പി‌എമ്മിൽ 13.9 ന്യൂട്ടൻ മീറ്ററാണ്.  സ്മാർട്ട് മോട്ടോർ ജനറേറ്റർ സിസ്റ്റം ഒച്ച കുറഞ്ഞ സ്റ്റാർട്ട് ഉറപ്പുവരുത്തുന്നു. ഓട്ടോമാറ്റിക് എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം ഐഡിൽ ആയിരിക്കുന്ന എൻജിനെ നിർത്തുകയും ത്രോട്ടിൽ ടേൺ ചെയ്യുമ്പോൾ സ്റ്റാർട്ട് ആകുകയും ചെയ്യുന്നതിനാൽ ഇന്ധനച്ചെലവ് കുറയ്ക്കുന്നു. എറോക്സിന്റെ എക്സ് ഷോറൂം വില കൊച്ചിയിൽ 1.32 ലക്ഷം രൂപയാണ്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top