28 September Thursday

ടി‌വി‌എസ് റോനിൻ ; ഒരു മാസ്റ്റർ ഇല്ലാത്ത യോദ്ധാവ്

സുരേഷ് നാരായണൻUpdated: Wednesday Jul 20, 2022

ഇക്കാലത്ത് പുതിയൊരു പ്ലാറ്റ്ഫോമിൽ പുതിയൊരു മോഡൽ വാഹനം നിർമിക്കുകയെന്ന സാഹസത്തിന് മുതിരുന്നത് അസാധാരണമാണ്. സാധാരണയായി  വിജയിച്ച ഒരു മോഡലിനെ കണ്ണെഴുതി പൊട്ടുംതൊടുവിച്ച് വീണ്ടും വീണ്ടും വിപണിയിൽ എത്തിക്കുന്നതാണ് സുരക്ഷിതമായ നീക്കം. ആ ഒരു രീതി ടി‌വി‌എസ്‌ സ്വീകരിക്കുന്നുണ്ടെങ്കിലും പുതിയ മോഡലുകൾ കൊണ്ടുവരുന്നതിൽ അവർ മടികാണിക്കുന്നില്ല. റേഡിയോൺ, റെയ്ഡർ എന്നിവ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ടി‌വി‌എസ് അവതരിപ്പിച്ച പുതിയ മോഡലുകളാണ്. 2022ലെ ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദി ഇയർ ജേതാവാണ് ടി‌വി‌എസ് റെയ്ഡർ. ഇപ്പോഴിതാ ഒരു പുതിയ മോഡൽകൂടി ടി‌വി‌എസ് നിരത്തിലിറക്കുന്നു, അതാണ് റോനിൻ, ഒരു മാസ്റ്റർ ഇല്ലാത്ത സമുറായി യോദ്ധാവ്

ഏറ്റവും പുതിയ 225സി‌സി എൻജിനാണ് ടി‌വി‌എസ് റോനിനിൽ കാണാൻകഴിയുന്നത്. ഈ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നത് സുഖകരമായ 65 മുതൽ 80 കിലോമീറ്റർ പ്രതിമണിക്കൂർവരെ സ്പീഡിൽ സഞ്ചരിക്കാനാണ്. അതുകൊണ്ടുതന്നെ റേസിങ് ഡി‌എൻ‌എ ഈ ബൈക്കിൽനിന്ന്‌ പ്രതീക്ഷിക്കരുത് എന്ന്‌ ടി‌വി‌എസ് ആദ്യംതന്നെ പറയുന്നു. എന്നാൽ, 100 കിലോമീറ്റർ സ്പീഡുവരെ അനായാസം എത്താൻ ഈ എൻജിന് കഴിയും. 5 സ്പീഡ് ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എൻജിന്റെ മിഡ് റേഞ്ച് പെർഫോമൻസ് ഉയർന്ന ഗീയറിൽ വളരെ സ്ലോ സ്പീഡിൽ സഞ്ചരിക്കാൻ സാധിക്കുന്നതിനാൽ തിരക്കുള്ള സിറ്റി റൈഡിങ് സുഗമമാകുന്നു. ഏകദേശം 20ബി‌എച്ച്‌പിയും (15 കെ‌ഡബ്ല്യു) 20 ന്യൂട്ടൻ മീറ്റർ ടോർക്കും ആണ് റോനിൻ തരുന്ന ഊർജം.

ടി‌വി‌എസ് റോനിൻ പുറംകാഴ്ചയിൽ അൽപ്പം ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ള ഡിസൈനാണ്. വിവിധ ദിശയിൽനിന്ന്‌ നോക്കുമ്പോൾ പലതരം ബൈക്കുകളാണ് മനസ്സിൽ എത്തുന്നത്. ഉദാഹരണത്തിന് മുന്നിലെ അപ് സൈഡ് ഡൗൺ (യു‌എസ്‌ഡി) സസ്പെൻഷൻ ഒരു ക്രൂസ് ബൈക്കുപോലെയാണെങ്കിലും അതിന്റെ ആംഗിൾ ഒരു ഡെർട്ട് ബൈക്കിന് യോജിക്കുന്ന രീതിയിലാണ്. ടയറുകൾക്ക് ഒരു സ്ക്രാംബ്ലർ സ്റ്റൈലിങ് ആണ് ഉള്ളത്. എങ്കിൽ റിമ്മുകൾക്ക് വലിയ ക്രൂസ് ബൈക്ക് സ്റ്റൈലാണ്. വലിയ ചെയിൻ കവർ ഡിസൈൻ ബെൽട്ട് ഡ്രിവൺ ബൈക്കുകൾപോലെയാണ്. പഴയ സ്റ്റൈലിൽ ഉള്ള സീറ്റ് ഡിസൈനും നീളമുള്ള ഹാൻഡിൽ ബാറും സ്ട്രെയിറ്റ് റൈഡിങ് പൊസിഷൻ തരുന്നു. മുന്നിലെ യു‌എസ്‌ഡി  ഫോർക്കും 14 ലിറ്റർ ഇന്ധന ടാങ്കും ചേർന്ന് മുൻവശത്തിന് വലിയ ക്രൂസ് ബൈക്കിന്റെ നോട്ടം കൊടുക്കുന്നു. വളവുള്ള ലൈറ്റ് ബാർ ടെയ്ൽ ലാമ്പും ആരോ ഷേപ്പിലുള്ള സൈഡ് ഇൻഡികെറ്ററും വളരെ ഭംഗിയുള്ളതാണ്

മുന്നിലെ യു‌എസ്‌ഡി ഫോർക്കും പിന്നിലെ ഗ്യാസ് ചാർജ്ഡ് മോണോഷോക്ക് സസ്പെൻഷനും ചേർന്ന് റോനിന്റെ യാത്ര സുഖകരമാക്കുന്നു. 160 കിലോ ഭാരംമാത്രമുള്ള റോനിൻ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടില്ല! ഫീച്ചറുകളിൽ, ടൂർ മോഡ്, രണ്ട് റൈഡിങ് മോഡുകൾ, ബേസ്, മിഡ് വേരിയന്റുകളിൽ സിംഗിൾ ചാനൽ എ‌ബി‌എസും ടോപ് വേരിയന്റിൽ ഡ്യുവൽ ചാനൽ എ‌ബി‌എസും കൊടുത്തിരിക്കുന്നു. ഓഫ് സെറ്റ് ഇൻസ്ട്രമെന്റ്‌ ക്ലസ്ടർ, ഹസ്സാർഡ് ലൈറ്റ്, സൈഡ് സ്റ്റാൻഡ്‌ എൻജിൻ ഷട്ട് ഓഫ്, ടി‌വി‌എസ് ആപ്പ് വഴി കണക്‍റ്റഡ് ഫീച്ചറുകൾ എന്നിവയാണ്. സിംഗിൾ കളറിലും ഡ്യുവൽ ടോണിലും ലഭിക്കുന്ന ടി‌വി‌എസ് റോനിന്റെ എക്സ് ഷോറൂം വില 1.49 ലക്ഷംമുതൽ 1.68 ലക്ഷം രൂപവരെയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top