28 September Thursday

ടി‌വി‌എസ് ഐ ക്യൂബ് ; ആകർഷകമായ മോഡേൺ ഡിസൈൻ!

സുരേഷ് നാരായണൻUpdated: Wednesday Dec 8, 2021

ഐ ക്യൂബുമായി നിരത്തിലിറങ്ങിയപ്പോൾ ഞാൻ നേരിട്ട ചോദ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വില എന്താണ് എന്നതാണ്. പിന്നെ റേഞ്ച്, ചാർജിങ് സമയം, ബാറ്ററി ലൈഫ് എന്നിങ്ങനെ പോകുന്നു. റീചാർജ് ചെയ്യാനുള്ള സൗകര്യക്കുറവിൽ നിന്നുടലെടുക്കുന്ന വിശ്വാസക്കുറവ് ഒരു പരിധിവരെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ ബാധിച്ചിട്ടുണ്ട് എന്നുപറയുന്നതിൽ തെറ്റില്ല! ഇലക്ട്രിക് വാഹനങ്ങളുടെ വില, പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നത് മറ്റൊരു കാരണം ആകുന്നു. തുടക്കത്തിൽ നിലവിലുള്ള ഒറിജിനൽ എക്വിപ്മെന്റ്‌ മാനുഫാക്‌ചറേഴ്‌സ് (ഒഇ‌എം) കാണിച്ച വിമുഖതയും നിലവാരം കുറഞ്ഞ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപാരടിസ്ഥാനത്തിൽ മാത്രമുള്ള ഇറക്കുമതിയും ഇലക്ട്രിക് വാഹനങ്ങളുടെ ഇമേജിനെ ബാധിച്ചു. നിലവാരം കുറഞ്ഞ വാഹനങ്ങൾ ഉണ്ടാക്കിയ ചീത്തപ്പേര് മാറ്റുക എന്നതുതന്നെയാണ് ആദ്യ കടമ്പ!


 

ഇക്കാലത്ത് വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് ഡിസൈൻ. മറ്റേതൊരു മോഡേൺ പെട്രോൾ സ്കൂട്ടർ പോലെയാണ് ഐ ക്യൂബിന്റെയും ഡിസൈൻ. ഹാൻഡിൽ ഫെയറിങ്ങിൽ ബ്ലാക്ക്‌ വൈസറും താഴെയായി യു ആകൃതിയിലുള്ള  ഡി‌ആർ‌എൽ, ഫ്രണ്ട്‌ പാനലിലും ബ്ലാക്ക്‌ കൊടുത്തിരിക്കുന്നു. അതിനു താഴെയായി പാനലിന് കുറുകെ ഹെഡ് ലാമ്പ്, ഇൻഡികേറ്റർ സമുച്ചയം ഫ്ലോട്ടിങ്ങായി കൊടുത്തിരിക്കുന്നത് വളരെ ആകർഷമാണ്. സീറ്റിന് ജൂപിറ്ററിന്റെ സീറ്റുമായി സാമ്യമുണ്ട്. അതുകൊണ്ടാകാം സൈഡിന് ജൂപിറ്ററിന്റെ ഛായ തോന്നുന്നത്. ടെയ്ൽ ലാമ്പും ഇൻഡികേറ്ററും മുന്നിലെപ്പോലെതന്നെ ഫ്ലോട്ടിങ് ഡിസൈനാണ്. സൈഡ് പാനലിന് താഴെയായി കൊടുത്തിരിക്കുന്ന നീല ഇലക്ട്രിക് സൈനും പച്ച നമ്പർപ്ലേറ്റും മാത്രമാണ് ഐ ക്യൂബിനെ ഇലക്ട്രിക് സ്കൂട്ടർ ആണെന്ന് വിളിച്ചറിയിക്കുന്ന ഘടകങ്ങൾ.  ബിൽഡ് ക്വാളിറ്റിയും എടുത്തുപറയേണ്ട കാര്യം തന്നെ. സീറ്റിനുതാഴെ ഒരു ഹാഫ് ഹെൽമെറ്റ് വയ്‌ക്കാനുള്ള സ്ഥലം ഉണ്ട്. മുന്നിൽ ഒരു ഷോപ്പിങ് ബാഗ് വയ്‌ക്കാനുള്ള സൗകര്യവും യൂട്ടിലിറ്റി ഹുക്കുകളും ഉണ്ട്.


 

ഐ ക്യൂബിന് ഊർജം പകരുന്നത് മൂന്ന് ലിഥിയം അയൺ ബാറ്ററിയാണ്. ബാറ്ററിക്ക് മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാരന്റി ഉണ്ട്. ഐ ക്യൂബിന്റെ ഹൃദയം ആയ  ഹബ് മൗണ്ടഡ് ബി‌എൽ‌ഡി‌സി മോട്ടർ 4.4 കിലോവാട്ടാണ് പുറപ്പെടുവിക്കുന്നത്. ഈ മോട്ടോറിന്റെ ടോർക് 140 ന്യൂട്ടൻ മീറ്ററാണ്.  എക്കോ, പവർ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകൾ ഉണ്ട്. എക്കോ മോഡിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത കിട്ടുമെങ്കിൽ പവർ മോഡിൽ 78 കിലോമീറ്റർ വേഗതയിൽ ഓടിക്കാം. അഞ്ചു മണിക്കൂർകൊണ്ട് ഫുൾ ചാർജ് ആകുന്ന ഐ ക്യൂബ് എക്കോ മോഡിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാം പവർ മോഡിൽ 45 കിലോമീറ്ററും.  റൈഡ് ക്വാളിറ്റിയും ബ്രേക്കിങ്ങും കുറ്റമറ്റതാണ്. 

ടി‌എഫ്‌ടി എൽ‌സി‌ഡി ആണ് ഇൻസ്ട്രമെന്റ്‌ ക്ലസ്ടർ. ഇതിൽ ടി‌വി‌എസിന്റെ സ്മാർട്ട് ക്‍സോനെക്ട് കണക്റ്റഡ് ഫീച്ചർ ഉള്ളതാണ്.   ബ്ലൂ ടൂത്ത് വഴി സ്മാർട്ട് ഫോൺ കണക്റ്റ് ചെയ്യാവുന്നതാണ്. ഇതിലൂടെ റൈഡിങ്ങിന്റെ സ്ഥിതിവിവരങ്ങൾ അറിയാൻ സാധിക്കും കൂടാതെ, നാവിഗേഷൻ, ജിയോ ഫെൻസിങ്, കോൾ, മെസേജ് സൂചന എന്നിവയും ഉണ്ട്. പ്രത്യേകിച്ച് പറയേണ്ടത് പാർകിങ് ലളിതമാക്കുന്ന ക്യൂ പാർക് ഫീച്ചറാണ്,
ടി‌വി‌എസ് ഐ ക്യുബിന്റെ എക്സ് ഷോറൂം വില കൊച്ചിയിൽ 1.23 ലക്ഷമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top