25 April Thursday

ട്രയംഫ് ടൈഗർ സ്പോർട്ട് 660

സുരേഷ് നാരായണൻUpdated: Wednesday May 4, 2022


ഒരു വൈൻ രണ്ടുതരം കുപ്പികളിൽ വിൽപ്പനയ്‌ക്ക് വയ്ക്കുക എന്നു പറയുന്നതുപോലെയാണ് ഈയിടെയായി ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്. അതിന്‌ ഉത്തമോദാഹരണമാണ് യെസ്ഡി പുറത്തിറക്കിയ മൂന്നുതരം ബൈക്കുകൾ–- റോഡ്സ്റ്റെർ, സ്ക്രാംബ്ലർ പിന്നെ അഡ്വഞ്ചർ. ഇവയ്ക്കെല്ലാം ഒരേ കപ്പാസിറ്റി എൻജിനാണെങ്കിലും തികച്ചും വ്യത്യസ്തമായ ഉപയോഗവും ഡിസൈനുമാണ്. മറ്റൊരു ഉദാഹരണം റോയൽ എൻഫീൽഡ് സ്‌ക്രാം. റോയൽ എൻഫീൽഡ് ഹിമാലയന്റെ അതേ 411സി‌സി എൻജിൻതന്നെയാണ് സ്ക്രാമിലും ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ ട്രയംഫും അതേവഴിയിലേക്ക് ടൈഗർ സ്പോർട്ട് 660മായി  എത്തിയിരിക്കുന്നു.

ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ കപ്പാസിറ്റി ബൈക്കാണ് ട്രൈഡന്റ്‌ 660. ഈ ബൈക്കിനെ ആധാരമാക്കി ട്രയംഫ് പുറത്തിറക്കുന്ന സ്പോർട്ട്‌ ബൈക്കാണ് ടൈഗർ സ്പോർട്ട് 660! പേര് ടൈഗർ എന്നാണെങ്കിലും അവരുടെ അഡ്വഞ്ചർ ബൈക്കുകളായ ടൈഗർ 850 സ്പോർട്ട്, ടൈഗർ 900 എന്നിവയിൽനിന്ന്‌ തികച്ചും വ്യത്യസ്തമായ ലുക്കും ഉപയോഗവുമാണ്. അതായത് ടൈഗർ 660 ഒരു ടൂറർ ബൈക്കാണ്, ദീർഘദൂരയാത്രകൾക്ക് ചേരുന്ന രീതിയിലാണ് ഈ ബൈക്കിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ട്രൈഡന്റ്‌ റൗണ്ട് ഹെഡ് ലാമ്പുള്ള നേക്കഡ് ബൈക്കാണ്. എന്നാൽ, ട്വിൻ ഹെഡ് ലാമ്പുള്ള ത്രികോണ ഫെയറിങ്ങാണ് ടൈഗറിന്റെ മുൻവശം അലങ്കരിക്കുന്നത്. അതിനാൽ ഒരു ബ്രിട്ടീഷ് ബൈക്കിന്റെ രൂപവും ഭാവവും ടൈഗർ 660ക്ക്‌ നഷ്ടമാകുന്നു.  ഫെയറിങ്ങും അഡ്ജസ്റ്റ് ചെയ്യാവുന്ന വൈസറും ചേർന്ന് ടൈഗറിന് ട്രൈഡന്റിനെക്കാൾ ഉയരം കൂട്ടുന്നു. ട്രൈഡന്റിനെ അപേക്ഷിച്ച് ടൈഗറിന് നീളമുള്ള സബ് ഫ്രെയിമായതിനാൽ സീറ്റിനും നീളക്കൂടുതലാണ്. 


 

എൻജിൻ പ്രൊട്ടക്ടറും ബെല്ലി പാനും എക്സ്ട്രാ ഫിറ്റിങ്ങാണ്. പിൻവശം ഏതാണ്ട് ട്രൈഡന്റുപോലെതന്നെയാണ്. ടൂറിങ് ബൈക്കുകൾക്ക് അനിവാര്യമായ പാനീയറുകൾ ഫിറ്റ് ചെയ്യാനുള്ള സൗകര്യം പിൻവശത്ത് കൊടുത്തിരിക്കുന്നത് ചെലവ് കുറയ്‌ക്കുന്നു എങ്കിലും ചിത്രത്തിൽ കാണുന്ന ബെല്ലി പാൻ എക്സ്ട്രാ ഫിറ്റിങ്ങാണ്.   ട്രൈഡന്റിലുള്ള ടി‌എഫ്‌ടി ഡിസ്‌പ്ലേയാണ് ടൈഗറിലുള്ളതെങ്കിലും രൂപത്തിൽ വ്യത്യാസമുണ്ട്.

ഓപ്ഷണൽ ബ്ലൂടൂത്ത് കണക്ടിവിറ്റി വഴി മ്യൂസിക്കും നാവിഗേഷനും ലഭ്യമാണ്‌. ഫീച്ചറിന്റെ കാര്യത്തിൽ ട്രൈഡന്റുപോലെ സ്വയം ക്യാൻസൽ ചെയ്യുന്ന ഇന്റികെറ്ററും ഓഫ് ചെയ്യാവുന്ന ട്രാക്‌ഷൻ കൺട്രോൾ സിസ്റ്റവും ടൈഗറിലുമുണ്ട്. ടൈഗറിന്റെ റൈഡിങ് പൊസിഷൻ ട്രൈഡന്റിനെ അപേക്ഷിച്ച് നിവർന്നുള്ളതാണ്. വലിയ ഫ്യുവൽ ടാങ്കും (17 ലിറ്റർ) ഉയരക്കൂടുതലും ശ്രദ്ധ പിടിച്ചുപറ്റാൻ ഉതകുന്നു. 

ബൈക്കിന്റെ പേരിൽ പറഞ്ഞിരിക്കുന്നതുപോലെ എൻജിൻ കപ്പാസിറ്റി 660സി‌സിയാണ്. 80ബി‌എച്ച്‌പിയും 64 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ് ഈ മൂന്ന് സിലിണ്ടർ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. ഏത് സ്പീഡിലും സുഗമമായി ഓടിക്കാൻ കഴിയുന്ന ഈ എൻജിന്റെ മിഡ് റേഞ്ച് പ്രകടനം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് ഹൈ ഗീയറിൽ സ്ലോ സ്പീഡിൽ ഓടുന്നത്.  ഒമ്പതുലക്ഷം രൂപമുതൽ വില തുടങ്ങുന്ന ട്രയംഫ് ടൈഗർ സ്പോർട്ട്‌ 660 എതിരാളിയായ കവാസാകി വേർസിസിനെക്കാൾ ഏകദേശം രണ്ടുലക്ഷം രൂപ കൂടുതലാണ്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top