19 April Friday

ബിഎസ് 6 മികവുമായി ഇന്നോവ ക്രിസ്റ്റ

എസ് ശ്രീകുമാർUpdated: Monday Feb 24, 2020

ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവുമധികം വിൽപ്പനയുള്ള വാഹനങ്ങളുടെ കൂട്ടത്തിൽ മുൻനിരയിലാണ് ഇന്നോവയുടെ സ്ഥാനം. 2016ൽ ഇന്നോവയുടെ പിൻഗാമിയായി എത്തിയ ക്രിസ്റ്റയുടെ ഏകദേശം 2.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്നോവയേക്കാൾ വില കൂടുതലായിട്ടും മികച്ച വിൽപ്പന നേടാൻ ക്രിസ്റ്റയ്ക്കും കഴിഞ്ഞുവെന്നു വ്യക്തം.

ഗംഭീരമായ റോഡ് പ്രസൻസാണ് ഇന്നോവയുടെ ആകാരസവിശേഷതയിൽ പ്രധാനം. ക്രിസ്റ്റയിൽ പുതുതായി ഉൾപ്പെടുത്തിയ സ്റ്റൈലിങ് ഘടകങ്ങൾ ആകാരഭംഗിക്ക്‌ പ്രീമിയം മാനംനൽകുന്നു. എൽഇഡിയോടുകൂടിയ വലിയ പ്രൊജക്ടർ ഹെഡ് ലാമ്പുകളും ക്രോം ഗ്രില്ലും വിശാലമായ സിഗ്നേച്ചർ എയർ ഡാമും മുൻ കാഴ്ചയെ സമ്പന്നമാക്കുന്നു.




വീൽ ആർച്ചിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന 17 ഇഞ്ച് അലോയ് വീലുകൾ (ടോപ്പ് വേരിയന്റുകളിൽ), റിയർ സ്പോയിലർ, ഷാർക്ക് ഫിൻ ആന്റിന, വലിയ വിൻഡോകൾ, ചേർന്നിരിക്കുന്ന ബോഡി പാനലുകൾ എന്നിവയൊക്കെ ക്രിസ്റ്റയുടെ വ്യക്തിത്വത്തിന്റെ സവിശേഷ ഘടകങ്ങളാണ്. തലതിരിച്ചിട്ട ‘എൽ' പോലെയുള്ള ടെയ്ൽ ലാമ്പുകൾ പിൻഭാഗത്ത് ശ്രദ്ധ പിടിച്ചുപറ്റും.

ഇന്നോവയിൽനിന്ന് ക്രിസ്റ്റയിലേക്കുള്ള പരിണാമത്തിൽ ഉൾഭാഗത്ത് വരുത്തിയ പരിഷ്കാരങ്ങളിലൂടെ പ്രീമിയം നിലവാരം സൃഷ്ടിച്ചിരിക്കുന്നു. ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, എസി വെന്റിനു മുന്നിലെ നിവർത്തിവയ്‌ക്കാവുന്ന ബോട്ടിൽ ഹോൾഡറുകൾ, തണുപ്പിക്കാവുന്ന അപ്പർ ഗ്ലവ് ബോക്സ്, മധ്യനിരയിൽ ഇരുന്നുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാവുന്ന കോ ഡ്രൈവർ സീറ്റ്, ലിവർ ഉപയോഗിച്ച് ലളിതമായി മുന്നോട്ട് മടക്കാവുന്ന മധ്യനിര സീറ്റുകൾ, ഫ്രണ്ട് സീറ്റുകൾക്ക് പിന്നിലുള്ള, മടക്കിവയ്‌ക്കാവുന്ന ട്രേകൾ തുടങ്ങിയ പ്രായോഗിക സൗകര്യങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു.


 

4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എൻജിനുകളുമായാണ് ക്രിസ്റ്റ വിപണിയിലെത്തിയത്. വൈകാതെ, 2.7 ലിറ്റർ പെട്രോൾ എൻജിനും ക്രിസ്റ്റയ്ക്ക് കരസ്ഥമായി. ഈ മാസം ആദ്യം ബിഎസ് 6 മോഡലുകളുടെ ബുക്കിങ്‌ ആരംഭിച്ചപ്പോൾ 2.8 ലിറ്റർ ഡീസൽ വേർഷൻ ഒഴിവാക്കി. അതേസമയം, 2.4 ലിറ്റർ ഡീസലിന്റെ ബിഎസ് 6 വേർഷനിൽ 5 സ്പീഡ് മാനുവലിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാക്കി. 15.49 ലക്ഷം രൂപമുതൽ 22.24 ലക്ഷം രൂപവരെയാണ് ബിഎസ് 6 പെട്രോൾ മോഡലുകളുടെ എക്സ് ഷോറൂം വില. ഡീസൽ മോഡലുകൾക്ക് 17.30 ലക്ഷം രൂപമുതൽ 24.28 ലക്ഷം രൂപവരെ.

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top