27 April Saturday

ഭാവിയുടെ താരമാകാന്‍ ടിഗോര്‍ ഇവി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ  ലക്ഷ്യമിടുന്നത് 2020ൽ 70 ലക്ഷംവരെ വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങൾ രാജ്യത്ത് നിരത്തിലിറക്കുക എന്നതാണ്. അങ്ങനെ സംഭവിച്ചാൽ, ക്രൂഡ് ഓയിലിന്റെ ഉപയോഗത്തിൽ പ്രതിവർഷം 12 കോടി ബാരലിന്റ കുറവ് വരുത്താം. 40 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടയാനും സാധിക്കും. 

ലക്ഷ്യബോധത്തോടെയുള്ള ചുവടുവയ്‌പ്പുകളാണ് ഇതിൽ നിർണായകമാകുക. രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ  ടിഗോർ ഇവിയിലൂടെ ഇത്തരത്തിലൊരു നീക്കം നടത്തിക്കഴിഞ്ഞു. ടാറ്റയുടെ ആദ്യത്തെ വൈദ്യുത കാറാണ് ടിഗോർ ഇവി. കോംപാക്ട് സെഡാനായ ടിഗോറിനെ അടിസ്ഥാനമാക്കിയുള്ള ഈ വൈദ്യുത കാർ,  142 കിലോമീറ്റർ റേഞ്ചുമായി നേരത്തെ വിപണിയിലിറക്കിയിരുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കു കൂടിയുള്ള പുതിയ വേർഷൻ ഒറ്റച്ചാർജിൽ 213 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് എആർഎഐ സാക്ഷ്യപ്പെടുത്തുന്നത്.

 

കാഴ്ചയിൽ സാധാരണ ടിഗോറുമായി കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിന്റെ സ്ഥാനത്ത്, 72 വോൾട്ട്, ത്രീ ഫേസ് എസി ഇൻഡക്‌ഷൻ മോട്ടോർ വന്നു. എസി ചാർജിങ് സോക്കറ്റും ബോണറ്റിനടിയിലുണ്ട്. ഇതുപയോഗിച്ച് പൂർണമായും ചാർജ് ചെയ്യാൻ 11.5 മണിക്കൂർ വേണം. ഫ്യൂവൽ ഫില്ലറിന്റെ സ്ഥാനത്താണ് ഡിസി ഫാസ്റ്റ് ചാർജിങ് സോക്കറ്റുള്ളത്. രണ്ട് മണിക്കൂർ കൊണ്ട് 80 ശതമാനംവരെ ചാർജ് ചെയ്യാൻ ഇതുപകരിക്കും. 16.2 കെഡബ്ല്യുഎച്ച് ലിഥിയം അയേൺ ബാറ്ററി പാക്ക് സീറ്റിനടിയിൽ ഫ്യുവൽ ടാങ്കിന്റെ സ്ഥാനത്തുനിന്ന് ബൂട്ട് ഫ്ലോർവരെ നീളുന്നു. അതുകൊണ്ട് തന്നെ, സ്പെയർ വീൽ, ലഗേജിന്റെ സ്ഥലം കുറേയൊക്കെ അപഹരിച്ചു.

ഇതിന്റെ മോട്ടോർ 41 എച്ച്പി പവറും 105 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. മണിക്കൂറിൽ 80 കിലോമീറ്ററാണ് ടോപ് സ്പീഡ്. സിംഗിൾ സ്പീഡ് ഗിയർ ബോക്സാണെങ്കിലും ഡ്രൈവ്, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിങ് മോഡുകളുണ്ട്. 2 ഡിൻ ഹർമാൻ ഓഡിയോ സിസ്റ്റം,14 ഇഞ്ച് അലോയ് വീലുകൾ, ഡ്യൂവൽ എയർബാഗുകൾ, എബിഎസ് തുടങ്ങിയ ഫീച്ചറുകൾ വിവിധ വേരിയന്റുകളിലായി ലഭ്യമാണ്. 12.59 ലക്ഷം മുതൽ 12.91 ലക്ഷം രൂപ വരെയാണ് വ്യക്തിഗത ഉപയോക്താക്കൾക്കുള്ള എക്സ് ഷോറൂം
വില. വാണിജ്യ ആവശ്യങ്ങൾക്കുള്ളതിന്റെ എക്സ് ഷോറൂം വില 10.44 ലക്ഷം രൂപ യിൽ തുടങ്ങുന്നു

(ടോപ്​ഗിയർ മാ​ഗസിന്റെഎഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top