25 April Thursday

ടാറ്റ പഞ്ച് ; സബ് കോപാക്റ്റ് എസ്‌യുവിയു‌മായി ടാറ്റ മോട്ടോഴ്‌സ്

സുരേഷ് നാരായണൻUpdated: Wednesday Oct 20, 2021

 

ഇക്കാലത്ത് എസ്‌യു‌വികൾ അന്തസ്സിന്റെ അടയാളമായി മാറിയിരിക്കുകയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഫുൾ സ്പെക് എസ്‌യു‌വി വാങ്ങിക്കാൻ കഴിവില്ലാത്തവർക്കായി കോപാക്റ്റ് എസ്‌യു‌വി വിപണിയിൽ വന്നു. കോപാക്റ്റ് എസ്‌യു‌വികളുടെ വരവോടെ വംശനാശം നേരിടുന്ന ഗണത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ് മിഡ് സൈസ് സെഡാനുകൾ. ഇപ്പോഴിതാ ‘സബ് കോപാക്റ്റ് എസ്‌യുവി’ എന്ന പുതിയ സെഗ്‌മെന്റുമായി ടാറ്റ മോട്ടോഴ്‌സ്  എത്തിയിരിക്കുന്നു, അതാണ് പഞ്ച്! ഈ വാഹനം ലക്ഷ്യമിടുന്നത് പ്രീമിയം ഹാച്ച് ബാക്ക്‌ മുതൽ കിയ സോണറ്റ്, ഹുൺഡായ് വെന്യു, റെനോ കൈഗർ എന്നീ  കോപാക്റ്റ് എസ്‌യു‌വികളുടെ ബേസ് മോഡൽവരെ ആയിരിക്കും. പഞ്ച് പ്രതിനിധീകരിക്കുന്ന സബ് കോപാക്റ്റ് സെഗ്‌മെന്റിന്റെ വരവ് ഹാച്ച് ബാക്കുകളുടെ വംശനാശത്തിലേക്കായിരിക്കുമോ എന്ന സംശയം ഇല്ലാതില്ല! മേൽപ്പറഞ്ഞ സെഗ്‌മെന്റുകളുടെ വിപണിയിലേക്ക് ഇടിച്ചുകയറ്റാൻ ടാറ്റ മോട്ടോഴ്‌സ് എന്തൊക്കെയാണ് പഞ്ചിൽ ഒരുക്കിയിരിക്കുന്നത് എന്നു നോക്കാം.  

കാണാൻ എസ്‌യു‌വി പോലെയും എന്നാൽ ഹാച്ച് ബാക്കിന്റെ സ്വഭാവവുമാണ് പഞ്ചിന്റേത് എന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ടാറ്റയുടെ പുതിയ പ്ലാറ്റ്ഫോമായ ആൽഫയിലാണ് പഞ്ച് നിർമിച്ചിരിക്കുന്നത്, ഈ പ്ലാറ്റ്ഫോംതന്നെയാണ് ടാറ്റ അൽട്രോസ്സിന്റേതും. പഞ്ചിന്റെ ഉയരമാണ് ഇതിന് ഒരു എസ്‌യു‌വിയുടെ നോട്ടം കൊടുക്കുന്നത്. ഇവിടെ എടുത്തുപറയേണ്ടത് 190 എം‌എം ഗ്രൗണ്ട് ക്ലിയറൻസാണ്. 178 എം‌എം ആണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഗ്രൗണ്ട് ക്ലിയറൻസ് എന്നോർക്കണം. ചെറിയതോതിൽ സാഹസികമാകാൻ ഇത് ധാരാളം. ഇന്ത്യൻ റോഡുകളിൽ കാറോടിക്കുന്നത് ഒരു സാഹസികത തന്നെ അല്ലേ? മസ്സിൽ മുഴ കൊടുത്തിട്ടുള്ള ഉയർന്ന ബോണറ്റ് പഞ്ചിന്റെ എസ്‌യു‌വി നോട്ടത്തിന് ആക്കം കൂട്ടുന്നു. യൂറോപ്യൻ കാറുകൾക്ക് ഉള്ളതുപോലെ ഒരു ഫാമിലി സിഗ്‌നേചർ ടാറ്റ കാറുകളിലും ഈയിടെയായി കണ്ടുവരുന്നു. അൽട്രോസ് പോലെതന്നെ പഞ്ചിനും ഗ്ലോസ്സി ബാക്ക്ഗ്രൗണ്ടിൽ ടാറ്റ ബാഡ്ജിങ് കൊടുത്തിരിക്കുന്നു. ഒരു ഫ്ലോ പോലെ ഇതിൽത്തന്നെ ഡി‌ആർ‌എൽ, ഇന്റികേറ്റർ മുതലായവ സമന്വയിപ്പിച്ചു പ്രൊജക്‌റ്റർ ഹെഡ് ലാമ്പ് താഴെയായി കൊടുത്തിരിക്കുന്നു. വെളുത്തതും കറുത്തതുമായ രണ്ടു റൂഫ് കളർ ഓപ്ഷനും ഉണ്ട്. ഗ്രിൽ, മുന്നിലെയും പിന്നിലെയും ബംപറുകൾ, ഡാഷ് ബോർഡ് എന്നിവയിൽ ത്രീ പോയിൻറെഡ് ആരോ ഡിസൈൻ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു.  ഉയർന്ന വീൽ ആർച്ചും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലും പ്ലാസ്റ്റിക് ക്ലാഡിങ്ങും ചേർന്ന് വശങ്ങളിലെ എസ്‌യു‌വി ലുക്ക് ദൃഢമാക്കുന്നു. ചെറുതാണെങ്കിലും ടെയ്ൽ ലാമ്പ് ഡിസൈൻ വളരെ ആകർഷകമാണ്. വ്യക്തിപരമായി പറയുകയാണെങ്കിൽ പിൻവശത്ത് ടെയ്ൽ ലാമ്പ് മാത്രമാണ് എനിക്ക്‌ ഇഷ്ടമായത്! പിന്നിൽനിന്നു നോക്കുമ്പോൾ ഒരു എസ്‌യു‌വിയേക്കാൾ ഹാച്ച് ബാക്കിന്റെ നോട്ടമാണ് പഞ്ചിന് ഉള്ളത്.

അകത്തുകയറുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് 90 ഡിഗ്രിയിൽ തുറക്കുന്ന ഡോർ ആണ്. എല്ലാ ഡോറുകളും ഇങ്ങനെ തുറക്കുന്നതിനാൽ കയറുന്നതും ഇറങ്ങുന്നതും ആയാസരഹിതമാണ്. ഡ്യുവൽ ടോൺ ഡാഷ് ബോർഡ് മൂന്നുതരം പ്ലാസ്റ്റിക് ടെക്‌സ്‌ചറുകളിൽ വിന്യസിച്ചിരിക്കുന്നു. എ‌സി വെന്റിലേറ്ററിൽ ബോഡി കളർ ബോർഡർ കൊടുത്തിരിക്കുന്നു. ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ, സ്റ്റീറിങ്‌ വീൽ എന്നിവ അൽട്രോസ്സിൽനിന്നു കടമെടുത്തിരിക്കുന്നു. ഉയരക്കൂടുതലുള്ള സീറ്റ് എസ്‌യു‌വി ഡ്രൈവ് ചെയ്യുന്ന ആത്മവിശ്വാസം നൽകുന്നു.

ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാവുന്നതാണ്. റിയർ വ്യൂ ക്യാമറ ഗൈഡ്‌ലൈൻ ഉള്ളതിനാൽ വീൽ പൊസിഷൻ വ്യക്തമാകുന്നു. പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഏതാനും ഇഞ്ച് നീ റൂം കിട്ടുമെങ്കിലും ഹെഡ് റൂം കുറവാണ്. മൂന്നുപേർക്ക് സൗകര്യമായി ഇരിക്കാൻ സാധിക്കില്ലെങ്കിലും ഫ്ലാറ്റ് ഫ്ലോർ അസൗകര്യം കുറയ്ക്കുന്നു. നാല് ഡോറുകളിലും ബോട്ടിൽ ഹോൾഡറും സെന്റർ കൻസോളിൽ കപ് ഹോൾഡറും  ഡാഷ്ബോർഡിന് താഴെയായി സ്ഥലവും കൊടുത്തിരിക്കുന്നു. 320 ലിറ്റർ ബൂട്ട് സ്ഥലവും പഞ്ചിന് ഉണ്ട്.

പുതിയ തലമുറ 1.2 ലിറ്റർ റെവോട്രോൺ ബി‌എസ് 6 നാച്വറലി ആസ്പിറെറ്റെഡ് പെട്രോൾ എൻജിൻ 86 പി‌എസ് പവറും 113 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ഈ എൻജിൻ എ‌എം‌ടിയിലും മാന്വൽ ട്രൻസ്‌മിഷനിലും ലഭ്യമാണ്. സിറ്റി, എക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകൾ ഉണ്ട്. എ‌എം‌ടിയിൽ ഗിയർ മാറുന്നത് വ്യക്തമായി മനസ്സിലാകുകയും ഒരു വലിവ് അനുഭവപ്പെടുകയും ചെയ്യും. ഒരു ടർബോ ചാർജ്ഡ് എൻജിന്റെ അഭാവം വ്യക്തമാണ്. 3 സിലിണ്ടർ എൻജിനുകളിൽ സ്വാഭാവികമായ വിറയൽ പഞ്ചിനില്ല എന്ന് എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ സസ്പെൻഷൻ ഒരുമാതിരി എല്ലാ ഷോക്കുകളും അബ്സോർബ് ചെയ്യുന്നു.

ഫീച്ചറുകളിൽ പ്രധാനപ്പെട്ടത് ഒരു വീൽ മണ്ണിലോ ചെളിയിലോ പുതഞ്ഞുപോയാൽ, കാറിനെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന, എ‌എം‌ടി വേരിയന്റിലെ ട്രാക്‌ഷൻ പ്രോ മോഡാണ്. കൂടാതെ, ഓട്ടോ ഹെഡ് ലാമ്പ്, റയ്‌ൻ സെൻസിങ് വൈപ്പർ, 6 സ്പീക്കർ ഹർമൻ ഓഡിയോ സിസ്റ്റം, ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ്, ക്രൂസ് കൺട്രോൾ, തണുപ്പിക്കാവുന്ന ഗ്ലോവ് ബോക്സ് എന്നിവയുമാണ്.

സുരക്ഷയുടെ കാര്യത്തിൽ പഞ്ചിന് 5 സ്റ്റാർ ഗ്ലോബൽ ഇ‌എൻ‌സി‌എ‌പി റേറ്റിങ്ങാണ് കിട്ടിയിരിക്കുന്നത്, കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാറും! ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ ഗണത്തിലേക്ക് എത്തിയിരിക്കുകയാണ് ടാറ്റ പഞ്ച്! പ്യുവർ, അഡ്വെഞ്ചർ, അക്കംപ്ലിഷ്ഡ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാലുതരത്തിൽ പഞ്ച് ലഭ്യമാണ്. ടാറ്റ പഞ്ചിന്റെ വില തുടങ്ങുന്നത് 5.49 ലക്ഷം രൂപമുതൽ 8.49 ലക്ഷം രൂപവരെയാണ്. എ‌എം‌ടിയുടെ വില 60,000 രൂപ കൂടുതലായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top