01 October Sunday

ടാറ്റ നെക്സോൺ ഇവി മാക്സ്

സുരേഷ് നാരായണൻUpdated: Wednesday May 25, 2022


നമ്മുടെ രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയുടെ 87 ശതമാനം ടാറ്റ മോട്ടോഴ്‌സിന്റെ കൈയിലാണ്, അതിൽ സിംഹഭാഗവും 2020 നെക്സോണിനെ ആധാരമാക്കി ഇറക്കിയ നെക്‍സോൺ ഇ‌വിയാണ് വഹിക്കുന്നത്! ഈ നെക്സോൺ ഇ‌വിയാണ് അൽപ്പം പവറും റേഞ്ചും കൂട്ടി നെക്‍സോൺ ഇ‌വി മാക്സായി അവതരിച്ചിരിക്കുന്നത്!  മാക്സ് എന്നു പറയുന്നുണ്ടെങ്കിലും അതെവിടെയും എഴുതിവച്ചിട്ടില്ല എന്നതാണ് വാസ്തവം!

നെക്സോണിന്റെ ഡിസൈൻ പൊതുവേ അംഗീകരിച്ചതുകൊണ്ടാണല്ലോ നാം ഈ വാഹനത്തെ കൂടുതലായും  നിരത്തിൽ കാണുന്നത്! പഴയ നെക്സോൺ ഇ‌വിയിൽനിന്ന്‌ പുറമെയുള്ള വ്യത്യാസം എ പില്ലറിൽനിന്ന്‌ സി പില്ലർവരെ കൊടുത്തിരിക്കുന്ന ബ്ലൂ പെയിന്റും ഗ്രേ നിറത്തിലുള്ള റൂഫും മാക്സിനുമാത്രമുള്ളതാണ്.  മുന്നിൽ ഫോഗ് ലാമ്പിന് ഗാർണീഷായും പിന്നിൽ ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന പാനലിലും ബംബറിലെ റിഫ്ലക്ടറിന് ഗാർണീഷായും കൂടാതെ ഡാഷ്‌ബോർഡിലും ഈ നിറത്തിൽ ഹൈലൈറ്റ് കാണാം. ഗ്രീലിലും പിൻവശത്തും ഇ‌വി ബാഡ്‌ജുകൾ കൊടുത്തിരിക്കുന്നു. മുകളിൽ പറഞ്ഞ നീല നിറം ഗ്രില്ലിനുതാഴെയും ബംബറിലെ ട്രൈ ആരോ ഡിസൈൻ എലമെന്റിലും കാണാം. ഇത്രയുമാണ് മാക്സിനെ സാധാരണ നെക്സോൺ ഇ‌വിയിൽനിന്ന്‌ വ്യത്യാസപ്പെടുത്തിയിരിക്കുന്നത്.

ചെറിയ കോസ്മെറ്റിക് എലമന്റുകൾ ഒഴിച്ച് ക്യാബിനകത്ത് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇപ്പോൾ ടാറ്റ വാഹനങ്ങളിൽ കാണുന്ന ട്രൈ ആരോ ഡിസൈൻ മാക്സിലുമുണ്ട്. ബ്ലാക്കും ബീജും ചേർന്ന ഡ്യുവൽ ടോൺ ഡാഷ്‌ബോർഡിൽ പിയാനോ ബ്ലാക്ക്‌ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. ആൻഡ്രോയിഡ്‌ ഓട്ടോ, ആപ്പിൾ കാർ പ്ലേ ഉള്ളതും  സ്മാർട്ട് വാച്ചിൽ കണക്റ്റ് ചെയ്യാവുന്നതുമായ ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, അനലോഗ് ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ, വയർലെസ് ചാർജിങ് പാഡ്, കൂളിങ്ങുള്ള കൃത്രിമ തുകൽ സീറ്റ്, എയർ പ്യൂരിഫയർ, തണുപ്പിക്കാവുന്ന ഗ്ലോവ് ബോക്സ്, ഓട്ടോ ഡിമ്മിങ് ഐ‌ആർ‌വി‌എം, സൺ റൂഫ് എന്നിവ മാക്സിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. സ്ഥലസൗകര്യത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാലുപേർക്ക്‌ സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യവും അവരുടെ ലഗേജുകൾ വയ്‌ക്കാൻ 350 ലിറ്റർ ബൂട്ട് സ്പേസും മാക്സിലുണ്ട്. 

സുരക്ഷയുടെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയും മാക്സിൽ ടാറ്റ വരുത്തിയിട്ടില്ല. ബാറ്ററി പാക്കിനും മോട്ടോറിനും ഐ‌പി 67 റേറ്റിങ്ങുള്ള വാട്ടർ പ്രൂഫിങ്,  ഡ്യുവൽ എയർ ബാഗ്, എ‌ബി‌എസ്, ഇ‌ബി‌ഡി, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്‌,  എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്ക്‌, പാനിക് ബ്രേക്ക്‌ അലർട്ട്, റിവേഴ്സ് പാർക്കിങ് ക്യാമറ, ഹിൽ ഡിസെന്റ്‌ കൺട്രോൾ, ഹിൽ അസെന്റ്‌ അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് എന്നിവ സുരക്ഷാഫീച്ചറുകളിൽപ്പെടുന്നു.   

സാധാരണ നെക്‍സോൺ ഇ‌വിയിൽനിന്ന്‌ 14 ബി‌എച്ച്‌പിയും 5 എൻ‌എം ടോർക്കും കൂട്ടി പുതിയ പെർമനന്റ്‌ മാഗ്നറ്റ് സിങ്ക്രോനോസ് എ‌സി മോട്ടോർ പുറപ്പെടുവിക്കുന്നത് 141 ബി‌എച്ച്‌പിയും 250 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ്. 10.3 കിലോ വാട്ട് കൂട്ടി 40.5 കിലോ വാട്ട് ബാറ്ററി പാക്കാണ് നെക്സോൺ മാക്സിന്റെ പവർ ഹൗസ്! ഇതിന്റെ റേഞ്ച് ഫുൾ ചാർജിൽ 437 കിലോമീറ്ററാണ് എ‌ആർ‌എ‌ഐ സർട്ടിഫൈ ചെയ്യുന്നത്. റേഞ്ചിൽ 125 കിലോമീറ്റർ മാറ്റം വന്നിരിക്കുന്നു. വാസ്തവത്തിൽ ഏകദേശം 250 മുതൽ 300 കിലോമീറ്റർവരെ  റേഞ്ച് ഈ വാഹനത്തിൽനിന്ന്‌ പ്രതീക്ഷിക്കാം. നിർമാതാക്കളും ഏജൻസികളും അവകാശപ്പെടുന്ന റേഞ്ചിൽ താഴെയായിരിക്കും യഥാർഥ റേഞ്ച്. അത് മനസ്സിലാക്കിവേണം യാത്ര പ്ലാൻ ചെയ്യാൻ. അല്ലെങ്കിൽ സ്ട്രെസ് എന്ന മാനസികാവസ്ഥയുടെ അനുജനോ അനന്തരവനോ എന്നൊക്കെ പറയാവുന്ന ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം എത്തിയ  ‘റേഞ്ച് അങ്സൈറ്റി’ എന്ന പ്രതിഭാസം ഒരു ചെലവും ഇല്ലാതെ കൂടെപ്പോരും!

സെഡ്‌എക്സ് പ്ലസ് എന്നും സെഡ്‌എക്സ് പ്ലസ് ലക്സ് എന്നും രണ്ട് വേരിയന്റുകളിലാണ് നെക്‍സോൺ മാക്സ് ഇറങ്ങുന്നത്! 3.3 കിലോ വാട്ട് ചാർജർ സഹിതം സെഡ്‌എക്സ് പ്ലസ് 17.74 ലക്ഷം രൂപയും 7.2 കിലോ വാട്ട് എ‌സി ചാർജർ ഉൾപ്പെടെ 18.24 ലക്ഷം രൂപയുമാണ് എക്സ് ഷോ റൂം വില. സെഡ്‌എക്സ് പ്ലസ് ലക്സ് മുകളിൽ പറഞ്ഞ ചാർജറുകളടക്കം യഥാക്രമം 18.74 ലക്ഷം രൂപയും 19.24 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. സാധാരണ നെക്സോൺ ഇ‌വിയിൽനിന്ന്‌ 1.54 ലക്ഷം രൂപയാണ് കൂടിയിരിക്കുന്നത്! നെക്സോൺ എ‌എം‌ടി പെട്രോൾ വേരിയന്റിന്റെ വിലയിൽനിന്ന്‌ 6.84 ലക്ഷം രൂപയാണ് കൂടുതൽ!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top