20 April Saturday

ജിക്‌സറിനു 'സ്പെഷ്യല്‍' പതിപ്പുമായി സുസുക്കി

സി ജെ ഹരികുമാര്‍ Updated: Sunday Sep 11, 2016

ലോകത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഉപവിഭാഗമായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജിക്സറിന്റെ സ്പെഷ്യല്‍ പതിപ്പുകള്‍ പുറത്തിറക്കി. കാഴ്ചയിലും കരുത്തിലും മാറ്റംവരുത്തി പുറത്തിറക്കിയ പുത്തന്‍ മോഡലുകള്‍ ഉത്സവകാലത്തെ വിപണി ഇടപെടലിന് കാര്യമായ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

പിന്നില്‍ ഡിസ്ക് ബ്രേക്കുള്ള വകഭേദങ്ങളാണു ജിക്സര്‍ എസ്പി, ജിക്സര്‍ എസ്എഫ്എസ്പി എന്നീ പുതുപതിപ്പുകളില്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. സ്പെഷ്യല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഇരു മോഡലുകളുടെയും പേരിലെ എസ്പി. റേസിങ് ബൈക്കുകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച  ഗ്രാഫിക്സോടെയാണ് ഇരുമോഡലും പുറത്തിറക്കിയിരിക്കുന്നത്. സവിശേഷമായ ജിക്സര്‍ എസ്പി എംബ്ളവും ഇരുബൈക്കുകളുടെയും കാഴ്ചയ്ക്ക് കൂടുതല്‍ മിഴിവുനല്‍കുന്നുണ്ട്. 

കറുപ്പും ചുവപ്പും ഇടകലര്‍ന്ന സീറ്റുമായി എത്തുന്ന ജിക്സര്‍ എസ്പിയില്‍ ക്ളിയര്‍ ലെന്‍സ് എല്‍ഇഡി ടെയില്‍ ലാമ്പുകളും നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലുമുള്ള ടയറുകള്‍ക്ക് കറുപ്പും ചുവപ്പും നിറത്തിലുള്ള റിമ്മുകളാണുള്ളത്. പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ദീര്‍ഘദൂരയാത്രയ്ക്ക് ഏറെ ഗുണകരമാകും. മുന്നില്‍ ടെലിസ്കോപിക്ക് സസ്പെന്‍ഷനാണുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ജിക്സറില്‍ ഉപയോഗിച്ചിട്ടുള്ള 154.9 സിസി സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ജിക്സര്‍ സ്പെഷ്യല്‍ പതിപ്പിലുമുള്ളത്.

14.6 ബിഎച്ച്പിയില്‍ 14 എന്‍എം ടോര്‍ക്കാണ് എന്‍ജിന്‍ പ്രദാനംചെയ്യുന്നത്. ലിറ്ററിന് 47 കിലോമീറ്ററാണ് ജിക്സര്‍ എസ്പിക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മാറ്റ് ഫിബ്രൊയ്ന്‍ ഗ്രേ, ഗ്ളാസ് സ്പാര്‍ക് ബ്ളാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാവുന്ന ജിക്സര്‍ എസ്പിക്കും ജിക്സര്‍ എസ്എഫ്എസ്പിക്കും ഡല്‍ഹി ഷോറൂമില്‍ യഥാക്രമം 80,726 രൂപയും 88,857 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top