05 November Wednesday

സുസൂക്കി ജിംനി ; മൂന്ന്‌ ദശലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ കുഞ്ഞൻ എസ്‌യു‌വി

സുരേഷ് നാരായണൻUpdated: Wednesday Jan 5, 2022


199 രാജ്യങ്ങളിൽ മൂന്ന്‌ ദശലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ഒരു കുഞ്ഞൻ എസ്‌യു‌വിയെയാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്. അതാണ് സുസൂക്കി ജിംനി! 1985ൽ ഇന്ത്യൻ വിപണിയിൽ മാരുതി സുസൂകി ഇറക്കിയ ജിപ്സി, ജിംനിയുടെ ലോങ് വീൽബേസ് പ്ലാറ്റ്ഫോം ആയ എസ്‌ജെ 40യെ ആസ്പദമാക്കിയായിരുന്നു.

വാഹനഭ്രാന്തൻമാർക്കിടയിലും ഇന്ത്യൻ റാലി രംഗത്തും ഏറെ തിളങ്ങിയ കാറാണ് മാരുതി സുസൂകി ജിപ്സി. ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെങ്കിലും സേനയ്‌ക്കുവേണ്ടി ഈ വാഹനത്തിന്റെ നിർമാണം തുടരുന്നു. ജിപ്സിക്ക് പകരമായി മാരുതി ഇതുവരെ ഒരു വാഹനവും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെയാകാം വാഹനപ്രേമികൾ ജിംനിയുടെ വരവിനെ പ്രതീക്ഷിച്ചിരിക്കുന്നത്. ടാറ്റ നാനോയ്‌ക്കുശേഷം ഇത്രയും ഊഹാപോഹങ്ങൾ അഴിച്ചുവിട്ട വാഹനം വേറെയില്ല!

ഒരു 4 വീൽ ഡ്രൈവ് വാഹനം വികസിപ്പിക്കാനുള്ള നീക്കങ്ങൾ സുസൂക്കി 1960ൽ ജപ്പാനിൽ തുടങ്ങിയെങ്കിലും 1970ലാണ് ആദ്യ തലമുറ ജിംനി പുറത്തിറങ്ങിയത്. ജപ്പാനിലെ മിനി കാർ സെഗ്‌മെന്റിൽ ഉണ്ടായിരുന്ന ഒരേയൊരു 4 വീൽ ഡ്രൈവ് കാറായിരുന്നു ജിംനി! 359 സി‌സി എയർ കൂൾഡ് 2 സ്ട്രോക് സുസൂകി എൻജിൻ ചെറുതാണെങ്കിലും ശക്തിയേറിയ പെർഫോമൻസ് സാധാരണക്കാരിലും എക്സ്പെർട്ടുകൾക്കിടയിലും പേരെടുക്കാൻ ജിംനിക്ക് കഴിഞ്ഞു. മൂന്നാംതലമുറയോടെ ലോകത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന വാഹനമായി ജിംനി മാറി!

വളരെ ലളിതമായ ഡിസൈൻ ശൈലിയാണ് ജിംനിയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ മാറ്റങ്ങൾ വരുത്താതെ പഴയ തലമുറയിലെ ഡിസൈൻ ഏലമെന്റുകൾ നിലനിർത്തിക്കൊണ്ടാണ് പുതിയ ജിംനി ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വതന്ത്രമായി നിൽക്കുന്ന ഇൻഡികെറ്ററുള്ള റൗണ്ട് ഹെഡ് ലാമ്പ്, അഞ്ച് വെർട്ടിക്കൽ സ്ലോട്ടുകൾ ഉള്ള ഗ്രിൽ, ബംപറിലെ കോമ്പിനേഷൻ ടെയ്ൽ ലാമ്പ്, ഇതെല്ലാം പഴയ തലമുറയിൽനിന്ന്‌ തുടരുന്നതാണ്. അകം സ്റ്റൈലിഷാണ്, സ്വിച്ചുകളും ബട്ടണുകളും കൈയുറ അണിഞ്ഞുകൊണ്ടുതന്നെ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നാലു മീറ്ററിൽ തഴെയാണ് നീളമെങ്കിലും ഓൺ റോഡിൽ ആയാലും ഓഫ് റോഡിൽ ആയാലും ആവശ്യമുള്ള സ്ഥലസൗകര്യം ജിംനിക്കകത്തുണ്ട് എന്നതാണ് പ്രത്യേകത.

ആദ്യ തലമുറമുതലേ ഉള്ള കരുത്തുറ്റ ലാഡർ ഫ്രെയിം ചാസ്സി, കോയിൽ സ്‌പ്രിങ്ങോടുകൂടിയ 3 ലിങ്ക് ആക്സിൽ സസ്‌പെൻഷൻ, ലോ റേഞ്ച് ട്രാൻസ്ഫർ ഗീയർ ഉള്ള 4 വീൽ ഡ്രൈവ്, പിടിത്തം ഇല്ലാതെ വെറുതെ സ്പിൻ ചെയ്യുന്ന വീലുകളിൽനിന്ന്‌ ഗ്രിപ്പുള്ള വീലുകളിലേക്ക് ടോർക് മാറ്റുന്ന ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ (എൽ‌എസ്‌ഡി) ട്രാക്‌ഷൻ കൺട്രോൾ, കയറ്റിറക്കങ്ങൾക്ക് പറ്റിയ ബോഡി ആംഗിളും ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയ്ക്കുപുറമെ വിവിധ ആർ‌പി‌എം റേഞ്ചുകളിൽ കരുത്തുറ്റ ടോർക് ഉൽപ്പാദിപ്പിക്കുന്ന ചെറുതും ഭാരം കുറഞ്ഞതുമായ 1.5 ലിറ്റർ എൻജിൻ മുതലായ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഓഫ് റോഡ് ഫീച്ചറുകളാണ് ജിംനിയുടെ ബഹുജനസമ്മതിക്ക് കാരണം!  

2020 ഡൽഹി ഓട്ടോ എക്സ്പോയിൽ ജിംനിയെ കാണിച്ചിരുന്നുവെങ്കിലും ഇന്ത്യൻ വിപണിയിൽ ഇറക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി മാരുതി സുസൂക്കി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. ഇന്ത്യയിൽ മാരുതി സുസൂക്കി നിർമിക്കുന്ന ഈ ലോകോത്തര വാഹനം കൂടുതലായും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top