24 April Wednesday

ഒന്നാംസ്ഥാനം കാക്കാന്‍ ഒരുങ്ങിയെത്തുന്നു ബ്രെസ്സ

എസ് ശ്രീകുമാർUpdated: Monday Mar 2, 2020

നീണ്ടുനിവർന്ന്, നെഞ്ചുവിരിച്ച് നിൽക്കുന്ന, ലക്ഷണമൊത്ത എസ് യുവി രൂപം. നാലുവർഷംമുൻപ്, കോംപാക്ട് എസ് യുവികളുടെ ഗോദയിലേക്ക് മാരുതി സുസുകി വിറ്റാര ബ്രെസ്സയെത്തുമ്പോൾ ഇതായിരുന്നു കൈമുതൽ. അന്ന് റെനോ ഡസ്റ്ററും ഫോർഡ് ഇക്കോസ്പോർട്ടുമായിരുന്നു സെഗ്മെന്റിലെ പ്രമാണിമാർ. പക്ഷേ, തൊട്ടതെല്ലാം പൊന്നാക്കുന്ന പതിവ് മാരുതി ഇവിടെയും തെറ്റിച്ചില്ല. വിൽപ്പനയിൽ ഒന്നാംസ്ഥാനത്തേക്കുള്ള ബ്രെസ്സയുടെ കുതിപ്പിന് തടയിടാൻ പിന്നീടെത്തിയ മോഡലുകളുടെ കൂട്ടത്തിന് സാധിച്ചുമില്ല. ബിഎസ് 6 യുഗത്തിലും നിലപാടുതറ കാക്കാനൊരുങ്ങുകയാണ് മാരുതിയുടെ ഈ മുടിചൂടാമന്നൻ. ഇതുവരെ ഇല്ലാതിരുന്ന പെട്രോൾ എൻജിനുമായാണ് ഇനി പോരാട്ടം.

ബ്രെസ്സയുടെ ഉപഭോക്താക്കളിൽ 47 ശതമാനവും സ്റ്റൈലിങ്ങിൽ ആകൃഷ്ടരായാണ് വാങ്ങുന്നതെന്നാണ് മാരുതി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ, ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ ബ്രെസ്സയുടെ ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ, അടിസ്ഥാന ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. എതിരാളികളിൽ പലതും ക്രോസ് ഓവർ സ്വഭാവം പ്രകടിപ്പിക്കുമ്പോൾ, എസ് യുവിയുടെ ലളിതമായ ചതുരവടിവാണ് ബ്രെസ്സയ്ക്കുള്ളത്. അതേസമയം, പരിഷ്കരിച്ച പതിപ്പിന്റെ മുഖത്തിന് പുതുമ നൽകാൻ മാരുതി ശ്രമിച്ചിട്ടുമുണ്ട്. കൂടുതൽ ഷാർപ്പായ പ്രൊജക്ടർ ഹെഡ് ലാമ്പുകളും എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും ഫോഗ് ലാമ്പുകളും പുതിയ ഗ്രില്ലും ഈ ശ്രമത്തിന്റെ ഭാഗമാണ്. ബുൾബാർപോലുള്ള പുതിയ സ്കിഡ് പ്ലേറ്റ് മുഖത്തിന് കൂടുതൽ ഗാംഭീര്യമേകുന്നുണ്ട്. പുതിയ ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകളാണ് സൈഡ് പ്രൊഫൈലിലെ ഏക മാറ്റം. പിന്നിൽ പുതിയ എൽഇഡി ടെയ്ൽ ലാമ്പുകളും ഉൾപ്പെടുത്തി.


 

ഓൾ ബ്ലാക്ക് തീമിലുള്ള ക്യാബിനിൽ അപ്ഹോൾസ്റ്ററിയുടെ ഡിസൈനിൽ ചെറിയ മാറ്റം കാണാം. ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ സ്മാർട്ട് പ്ലേ സ്റ്റുഡിയോ കൊണ്ടുവന്നു. ട്രാഫിക്, വെഹിക്കിൾ അലെർട്ടുകൾ, വോയിസ് റെക്കഗ്നിഷൻ തുടങ്ങിയ ക്ലൗഡ് അധിഷ്ഠിത ഫങ്ഷനുകൾ ഇതിൽ ലഭ്യമാണ്. ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് വൈപ്പർ, ഓട്ടോ ഡിമ്മിങ് ഐആർവിഎം എന്നിവയാണ് മറ്റു ചില പുതുമകൾ. ബിഎസ് 6 നിലവാരത്തിലുള്ള കെ 15 ബി 1.5 ലിറ്റർ പെട്രോൾ എൻജിൻമാത്രമാണിനി ഉണ്ടാവുക. 5 സ്പീഡ് മാന്വൽ, 4 സ്പീഡ് എഎംടി ഗിയർ ബോക്സ് ഓപ്ഷനുകൾ ലഭ്യമാകും. ഓട്ടോമാറ്റിക് വേർഷനിൽ മാരുതിയുടെ മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ടാകും. മാന്വലിന് ലിറ്ററിന് 17.03 കി.മീ., ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.76 കി.മീ. എന്നിങ്ങനെയാണ് മൈലേജ് വാഗ്ദാനം. മൂന്നു പുതിയ ഡ്യൂവൽ ടോൺ കളർ ഓപ്ഷനുകളുമുണ്ട്. 7.40 ലക്ഷം രൂപമുതൽ 11.48 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top