02 May Thursday

സ്‌കോഡ റാപ്പിഡിനുപകരം സ്ലാവിയ

സുരേഷ് നാരായണന്‍Updated: Wednesday Dec 1, 2021


ഈയിടെയാണ് റാപ്പിഡിന്റെ ഉൽപ്പാദനം സ്‌കോഡ നിർത്തിയത്. ആ സ്ഥാനത്തേക്ക് എത്തുകയാണ് സ്‌കോഡ സ്ലാവിയ. ഫോക്സ് വാഗൻ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിൽ സ്‌കോഡയുടെ രണ്ടാമത്തെ വാഹനമാണ്‌ സ്ലാവിയ. ആദ്യത്തേത് കുഷാക്കായിരുന്നു. സ്ലാവിയയും കുഷാക്കും നിർമിച്ചിരിക്കുന്നത് എം‌ക്യുബിഎ0ഐ‌എൻ പ്ലാറ്റ്ഫോമിലാണ്. അതുകൊണ്ടുതന്നെ ഇരു കാറിന്റെയും നീളവും വീതിയും ഏതാണ്ട് ഒരുപോലെയായിരിക്കും. സ്‌കോഡയുടെ സ്ഥാപകരായ വക്ലാവ് ലൌറിൻ, വക്ലാവ് ക്ലെമെന്റ്‌  എന്നിവർ 1895ൽ പുറത്തിറക്കിയ സൈക്കിൾ ബ്രാൻഡായിരുന്നു സ്ലാവിയ. അവരോടുള്ള ആദരം പ്രകടിപ്പിക്കാനാണ് പുതിയ കാറിന് സ്ലാവിയ എന്ന് പേരിട്ടത്. റാപ്പിഡിനുപകരമാണെങ്കിലും സ്ലാവിയ റാപ്പിഡിനേക്കാൾ വലിയ കാറാണ്. 4541 എം‌എം നീളവും 1752 എം‌എം വീതിയുമാണ് സ്ലാവിയക്കുള്ളത്.  ഹുൺഡായ് വെർണ, ഹോണ്ട സിറ്റി, മാരുതി സിയാസ് പിന്നെ ഫാമിലിയിൽനിന്ന്‌ ഫോക്സ് വാഗൻ വെൻറോ എന്നീ കാറുകളോടായിരിക്കും സ്ലാവിയ മത്സരിക്കുന്നത്. 


 

സ്‌കോഡ കാറുകൾക്കുള്ള ഫാമിലി സാദൃശ്യം സ്ലാവിയക്കുമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ബോണറ്റിലെ ലൈനുകൾ, ഗ്രിൽ, ടെയ്ൽ ലാമ്പ് എന്നിവയിൽ ഫാമിലി സാദൃശ്യം കാണാം. സ്ഥലസൗകര്യത്തിന്റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും എതിരാളികൾക്ക് വെല്ലുവിളിയായിരിക്കും സ്‌കോഡ സ്ലാവിയ. ഡാഷ്‌ബോർഡിൽ സംയോജിപ്പിക്കാതെ ഫ്രീ സ്റ്റാൻഡിങ് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, അലുമിനിയം റോളർ ബട്ടൻ കൺട്രോളുള്ള സ്റ്റീറിങ്‌ വീൽ, ഇവ ഡ്യുവൽ ടോൺ ഡാഷ്‌ബോർഡിനെ ലാളിത്യമുള്ളതാക്കുന്നു. ഹെഡ് റൂം, ഷോൾഡർ റൂം, നീ റൂം എന്നിവയെപ്പറ്റി ആരും പരാതിപ്പെടില്ലെന്ന് തീർച്ച. 521 ലിറ്റർ ബൂട്ട് സ്ഥലം ഈ സെഗ്‌മെന്റിലെ ഏറ്റവും വലുതാണ്.

ഒരുലിറ്റർ ടർബോ പെട്രോൾ എൻജിനെ 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോ എന്നിവയുള്ള ബേസ് വേരിയന്റും  1.5 ലിറ്റർ ടി‌എസ്‌ഐ എൻജിനെ 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡി‌സി‌ടി ഗീയർഷിഫ്റ്റ് എന്നിവയുള്ള ടോപ്  വേരിയന്റും ലഭ്യമാണ്.  നാലു നിറങ്ങളിൽ കിട്ടുന്ന സ്ലാവിയയുടെ വില ഒമ്പതുലക്ഷത്തിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം!


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top