16 August Tuesday

സ്കോഡ കുഷാക്

സുരേഷ് നാരായണൻUpdated: Tuesday Sep 28, 2021

കേരളത്തിന്റെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ കണ്ടാലറിയാം യൂറോപ്യൻ വാഹനങ്ങളോട് മലയാളിക്കുള്ള ഇഷ്ടം. ഇതിൽ സ്കോഡ വാഹനങ്ങളോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്കുണ്ടായിരുന്നു എന്നു പറയാതെ വയ്യ. മേൽത്തരം കാറുകൾ ഇന്ത്യൻ നിരത്തിലിറക്കി പേരെടുത്ത കമ്പനിയാണ് സ്കോഡ. ഒക്ടേവിയ, സൂപ്പർബ്, ഒക്ടേവിയ കോംബി, യെട്ടി, കോഡിയാക് മുതലായ കാറുകൾ സ്കോഡയെ ഇന്ത്യയിൽ ലക്ഷ്വറി കാർ നിർമാതാവ് എന്നതലത്തിലേക്ക് എത്തിച്ചു എന്നുവേണമെങ്കിൽ പറയാം. വിലക്കൂടുതലാണെന്ന വലിയൊരു കുറവാണ് സ്കോഡ കാറുകളെ ഒരുപരിധിവരെ ഉപയോക്താക്കളിൽനിന്ന്‌ അകറ്റിയത്. സി‌ബി‌യു (കംപ്ലീറ്റ്‌ലി ബിൽട്ട് അപ്) ആയോ സി‌കെ‌ഡി  (കംപ്ലീറ്റ്‌ലി നോക് ഡൌൺ) ആയോ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് സ്വാഭാവികമായും വിലക്കൂടുതലായിരിക്കും. കൈയിലൊതുങ്ങുന്ന വിലയുമായി ഫീച്ചറുകൾ നിറച്ച കൊറിയൻ കാറുകളും സ്കോഡയുടെ വിൽപ്പനയിൽ ക്ഷീണം വരുത്തി.

സ്കോഡയ്‌ക്കുമാത്രമല്ല, മാതൃകമ്പനിയായ ഫോക്സ് വാഗനും കൊറിയൻകാറ്റ് വിനയായി. 93 ശതമാനം പാർട്ടുകളും ലോക്കലായി നിർമിച്ച് വില കുറയ്ക്കുക എന്ന രീതിയാണ് സ്കോഡയും സ്വീകരിച്ചത്.  ഇതുൾപ്പെടെ ഇനിവരുന്ന എല്ലാ വാഹനങ്ങളും ഇന്ത്യക്കുവേണ്ടി ഇന്ത്യയിൽ ഡിസൈൻ ചെയ്ത് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങളായിരിക്കും സ്കോഡ ഇറക്കുന്നത്. ‘ഇന്ത്യ 2.0’  എന്നു ഫോക്സ് വാഗൻ വിശേഷിപ്പിക്കുന്ന, ഇന്ത്യയിലേക്ക് രണ്ടാംവരവിൽ ആദ്യം നിരത്തിൽ ഇറക്കിയ വാഹനമാണ് സ്കോഡ കുഷാക്.

സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയും ഉപയോക്താക്കൾ വരുത്തില്ലെന്ന ഉത്തമബോധ്യത്തോടെയാണ് കുഷാക്കിന്റെ സ്റ്റൈലിങ് സ്കോഡ നിർവഹിച്ചിരിക്കുന്നത്. കുഷാക്കിന്റെ മുൻവശത്ത് ആദ്യം കണ്ണിൽപ്പെടുന്നത് ക്രോം ബോർഡറുള്ള സ്കോഡയുടെ സിഗ്നേച്ചർ ഗ്രിലാണ്. ഡി‌ആർ‌എല്ലുള്ള ക്രിസ്റ്റലൈൻ എൽ‌ഇ‌ഡി ഹെഡ് ലാമ്പ്, തൊട്ട് താഴെയായി ഫോഗ്ഗ് ലാമ്പ് എന്നിവ ചേർന്ന് കാറിന് വലിപ്പം കൂടുതലുള്ളതായി തോന്നിപ്പിക്കുന്നു. വശങ്ങളിൽ സ്കോഡ ലോഗോ, അവിടെനിന്ന്‌ ടെയ്ൽ ലാമ്പുവരെ എത്തുന്ന ലൈൻ, 17 ഇഞ്ച് അറ്റ്‌ലസ് അലോയി വീൽ ഇവ ചേർന്ന് കാറിന്റെ വശങ്ങളെ സ്ട്രോങ്ങാക്കുന്നു. ശ്രദ്ധ ആകർഷിക്കുന്ന ടെയ്ൽ ലാമ്പ്, സ്പോർടി സ്പോയിലർ, സിൽവർ സ്കിഡ് പാഡ് എന്നിവ ചേർന്ന് കാറിന്റെ പിൻവശം ഭംഗിയാക്കുന്നു. 

കാറിനകത്തേക്ക് നോക്കുമ്പോൾ ഗ്രേ കോമ്പിനേഷനിൽ ടൂ ടോൺ ഇന്റീരിയറാണ്‌ കുഷാക്കിന്റേത്. ഇന്ത്യൻ കസ്റ്റമറിന് ഇഷ്ടപ്പെടുന്ന രീതിയിൽത്തന്നെയാണ് ഡാഷ് ബോർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. കൃത്രിമ തുകൽ പൊതിഞ്ഞ ടൂ സ്പോർക് സീറ്റിങ് വീൽ, അതിൽ റോളർ ബട്ടണുകൾ പ്രീമിയം ലുക്ക് നൽകുന്നു. ക്രോം ബീഡിങ്ങുള്ള എ‌സി വെന്റിലേഷൻ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോം ലൈൻ, കൂടാതെ ബ്ലാക് ഗ്ലോസ്സി മേൽത്തരം പ്ലാസ്റ്റിക്കും ഉപയോഗിച്ചിരിക്കുന്നു. 25.4 സി‌എം ഇൻഫോടൈൻമെന്റ്‌ സിസ്റ്റത്തിൽ നാവിഗേഷൻ ബിൽട്ട് ഇൻ ആണ്. ഇതിൽ സ്കോഡ പ്ലേ ആപ്, മൈ സ്കോഡ കണക്റ്റ്, വയർലെസ് സ്മാർട്ട് ലിങ്ക്, ആപ്പിൾ കാർ പ്ലേ, അന്ദ്റോയിഡ്‌ ഓട്ടോ എന്നിവയുമുണ്ട്. സ്ഥലസൗകര്യത്തിലും കുഷാക് പിന്നിലല്ല. പിന്നിലെ സീറ്റിൽ കപ്പ് ഹോൾഡറുള്ള ഹാൻഡ് റസ്റ്റ്, സ്റ്റാൻഡേർഡ് എ‌സി വെന്റ്‌ പിന്നെ രണ്ട്‌ യു‌എസ്‌ബി ചാർജിങ് പോർട്ടും കൊടുത്തിരിക്കുന്നു. പിൻസീറ്റ് 60 : 40 റേഷ്യോയിൽ മടക്കാവുന്നതാണ്.  ഈ സെഗ്മെന്റിൽ ഏറ്റവും നീളമുള്ള വീൽ ബേസാണ്‌ (2651എം‌എം) കുഷാക്കിന്റേത്. 385 ലിറ്റർ ബൂട്ട് സ്പേസ്, പിൻസീറ്റ് മടക്കിയാൽ അത് 1405 ലിറ്ററായി മാറുന്നു. 

സ്കോഡയുടെ എല്ലാ കാറുകളിലും ഇരിക്കുമ്പോൾ തോന്നുന്ന സുരക്ഷിതാവസ്ഥ കുഷാക്കിലുമുണ്ട്. ആറ് എയർ ബാഗുകൾ, ഇതുകൂടാതെ ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് ഡിഫെറെൻഷ്യൽ ലോക്ക് എന്നിവ ചേർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നു.

അതിവേഗതയിലും പെട്ടെന്നുള്ള വളവുതിരിവുകളിലും ആത്മവിശ്വാസം പകരുന്ന  സ്റ്റീറിങ്‌ വീൽ, സ്മൂത്ത് ഗീയർ ഷിഫ്റ്റ്‌ എന്നിവ ഡ്രൈവിങ് സുഖപ്രദമാക്കുന്നു. ഫലപ്രദമായി ട്യൂൺ ചെയ്ത സസ്പെൻഷൻ റോഡിലുള്ള കുഴികളും മറ്റും ഉണ്ടാക്കുന്ന കുലുക്കം കാബിനിലേക്ക് എത്താതെ നോക്കുന്നു. രണ്ടുതരം എൻജിനാണ്‌ കുഷാക്കിനുള്ളത്, 150 ബി‌എച്ച്‌പി ഊർജവും 250 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടി‌എസ്‌ഐ എൻജിൻ ആവശ്യം ഇല്ലാത്തപ്പോൾ എൻജിന്റെ രണ്ട് സിലിണ്ടർ പ്രവർത്തനരഹിതമാക്കി ഇന്ധനക്ഷമത വർധിപ്പിക്കുന്ന സിലിണ്ടർ ഡീ ആക്ടിവേഷൻ ടെക്നോളജിയുള്ളതാണ്. രണ്ടാമത്തെ എൻജിൻ 115 ബി‌എച്ച്‌പി ഊർജവും 178 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒരുലിറ്റർ ടി‌എസ്‌ഐയാണ്. ഈ രണ്ട് എൻജിനുകളെയും  6 സ്പീഡ് മാന്വൽ ഗീയർ ബോക്സുമായും 7 സ്പീഡ് ട്വിൻ ക്ലച് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗീയർ ബോക്സുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഡി‌എസ്‌ജിയിൽ പാഡിൽ ഷിഫ്ട് സ്റ്റാൻഡാർഡാണ്. കുഷാക്കിന്റെ എക്സ് ഷോറൂം വില 10.5 ലക്ഷംമുതൽ 17.6 ലക്ഷം രൂപവരെയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top