01 April Saturday

റോയൽ എൻഫീൽഡ് സ്ക്രാം 411

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2022

പൂർണമായും അഡ്വഞ്ചർ റൈഡിങ് ലക്ഷ്യമിട്ട് ഡിസൈൻ ചെയ്ത മോട്ടർസൈക്കിളാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ആ ഒരു കാരണംകൊണ്ടുതന്നെയാണ് ഹിമാലയൻ എന്ന പേര് കൊടുത്തതും. എന്നാൽ, ഈ മോട്ടോർ സൈക്കിൾ വാങ്ങിച്ചവർ ദിവസേനയുള്ള ഉപയോഗത്തിനും ഓഫീസ് യാത്രയ്‌ക്കും ഉപയോഗിക്കുന്നുണ്ട്. ഹിമാലയൻ അഡ്വഞ്ചർ ഫോകസ് ആയതുകൊണ്ടുതന്നെയാണ് ചില ഉപയോക്താക്കൾ അതിൽനിന്ന്‌ അകന്നത്. ആഴ്ച ദിവസങ്ങളിൽ ഓഫീസ് ഉപയോഗം, വീക്കെൻഡുകളിൽ അഡ്വഞ്ചർ റൈഡിങ്, ഇങ്ങനെ ഒരു ആവശ്യകത മനസ്സിൽവച്ചാണ് സ്ക്രാം റോയൽ എൻഫീൽഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.  ഈ ഡബിൾ റോൾ, സ്ക്രാം എത്രത്തോളം ഭംഗിയായി കൈകാര്യം ചെയ്യുന്നു എന്നു നോക്കാം.

ഒറ്റ നോട്ടത്തിൽ ഹിമാലയൻ ആണെന്ന് തോന്നുമെങ്കിലും സാങ്കേതികമായും പുറംമോടിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ട്. മുൻവശത്താണ് കൂടുതലായും മാറ്റങ്ങൾ ഉള്ളത്. ആദ്യത്തേത് 23 ഇഞ്ചിൽനിന്ന്‌ 19 ഇഞ്ചിലേക്കുള്ള വീലിന്റെ വലിപ്പക്കുറവാണ്, മുന്നിലെ ഫോർക്ക് സസ്പെൻഷൻ ട്രാവലിലും 10 എം‌എം കുറവുണ്ട്! ഇത് ചസ്സി സ്ട്രക്‍ചറിന് ചെറിയ മാറ്റംവരുത്തിയിട്ടുണ്ട്. ഹെഡ് ലാമ്പിന് ചുറ്റും കാസ്റ്റ് അലൂമിനിയം കൌൾ കൊടുത്തിരിക്കുന്നു. അനലോഗ് സ്പീഡോ മീറ്ററും ഡിജിറ്റൽ ഡിസ്‌പ്ലേയും ചേർന്ന ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററിന് മീറ്റിയോറിനോട് സാദൃശ്യം  ഉണ്ട്. സ്ക്രംബ്ലർ സ്റ്റൈലിൽ ഉള്ള സിംഗിൾ സീറ്റ് പുതിയതാണ്. വശങ്ങളിൽ സ്ലോട്ട് ഉള്ള ചെറിയ പാനലുകൾ ഹിമാലയനെക്കാൾ മെച്ചപ്പെട്ട നോട്ടം കൊടുക്കുന്നു. ഗ്രാബ് റെയിൽ ചെറുതാക്കിയിരിക്കുന്നു, ടെയിൽ ലാമ്പിനും മാറ്റമുണ്ട്. ഇൻഡികേറ്ററുകൾ സെന്ററിലേക്ക് മാറ്റിയിരിക്കുന്നു. ഹിമാലയനെ അപേക്ഷിച്ച് 7 കളർ കോമ്പിനേഷനുകളിൽ സ്ക്രാം ലഭ്യമാണ്.  

ബംഗളൂരു സിറ്റിയിൽനിന്ന്‌ ഏകദേശം 80 കിലോമീറ്റർ ദൂരെ ബിഗ് റോക്ക് അഡ്വഞ്ചർ പാർക്കിലേക്കായിരുന്നു സ്ക്രാം റൈഡ് റോയൽ എൻഫീൽഡ് ഒരുക്കിയത്. അതിനാൽ സിറ്റിയിലും, ഹൈവേയിലും ഓഫ് റോഡിലും സ്ക്രാം റൈഡ് ചെയ്യാൻ സാധിച്ചു. ഹാൻഡിൽ ബാർ ഹിമാലയനെക്കാൾ ഉയരം കുറഞ്ഞ് റൈഡറോട് അടുത്തിരിക്കുന്നതിനാൽ വേഗം കുറഞ്ഞ സിറ്റി റൈഡിങ്ങിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ദിശമാറ്റം ബുദ്ധിമുട്ടില്ലാതെയാക്കുന്നു. കൂടാതെ സ്ക്രാമിന് ഹിമാലയനെക്കാൾ ഉയരം കുറവാണ് ഇതും സിറ്റി റൈഡിങ്ങിനെ സുഖകരമാക്കി, ഈ ഉയരക്കുറവ് സാധാരണ ഓഫ് റോഡ് റൈഡിങ്ങിനെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ് എടുത്തുപറയേണ്ടത്. 190 എം‌എം ട്രാവൽ ഉള്ള 41 എം‌എം ഫോർക്ക് സസ്പെൻഷൻ മുന്നിലും 180 എം‌എം ട്രാവൽ ഉള്ള മോണോഷോക്ക് സസ്പെൻഷൻ പിന്നിലും ഉള്ളതിനാൽ എല്ലാത്തരത്തിലുമുള്ള റോഡുകളിൽ റൈഡർക്കും പിന്നിൽ ഇരിക്കുന്നയാൾക്കും സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുന്നു.

മോണോഷോക്കിൽ ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്‌പ്രിങ്‌ തന്നെയാണ് എങ്കിലും ഡാംപിങ് അൽപ്പം മാറ്റിയിരിക്കുന്നു. ഒരു സ്ക്രാംബ്ലർ  മോട്ടോർ സൈക്കിളിന് ചേരുന്ന 100/90–19 ഇഞ്ച് ടയർ മുന്നിലും 120/90–17 ഇഞ്ച് ടയർ പിന്നിലും കൊടുത്തിരിക്കുന്നു. അതിനാൽ നല്ല റോഡിലും കുഴികൾ ഉള്ള റോഡിലും റോളിങ്‌ കപ്പാസിറ്റി കൂട്ടി ബാലൻസ് ചെയ്യുന്നു. ഡ്യുവൽ ചാനൽ എ‌ബി‌എസ് ഉള്ള ഡിസ്ക് ബ്രേക് 300 എം‌എം മുന്നിലും 240 എം‌എം പിന്നിലും ഉപയോഗിച്ചിരിക്കുന്നു. ആവശ്യം വരുന്നതിനനുസരിച്ച് നിന്നും ഇരുന്നും റൈഡ് ചെയ്യാവുന്നതരത്തിൽ റൈഡിങ് പൊസിഷൻ ഉള്ളതിനാൽ ആത്മവിശ്വാസം കൂട്ടുന്നു.

ഹിമാലയന്റെ അതേ 24.3 ബി‌എച്ച്‌പിയും 32 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 411 സി‌സി എൻജിൻതന്നെയാണ് സ്ക്രാമിലും ഉപയോഗിച്ചിക്കുന്നത്. 5 സ്പീഡ് ഗിയർബോക്സിലും മാറ്റമില്ല. ഹൈവേയിൽ 100 കിലോമീറ്റർ സ്പീഡ് വരെ വളരെ സ്മൂത്ത് ആയി ഓടുന്നു, 120 കിലോമീറ്റർ പ്രതിമണിക്കൂർ ആകുമ്പോൾ ചെറുതായ വിറയൽ അനുഭവപ്പെടും. ഗ്രൗണ്ട് ക്ലിയറൻസും വീലിന്റെ വലിപ്പക്കുറവും എക്സ്ട്രീം ഓഫ് റോഡ് റൈഡിങ്ങിനെ ബാധിക്കുമെങ്കിലും മറ്റെല്ലാത്തിലും സ്‌ക്രാം തന്റെ റോൾ ഭംഗിയായി ചെയ്യുന്നു. സ്‌ക്രാമിലൂടെ റോയൽ എൻഫീൽഡ് ഒരു ഗോൾകൂടി അടിച്ചിരിക്കുകയാണ്! മറ്റ് റോയൽ എൻഫീൽഡ് ബൈക്കുകൾപോലെ “മേക് ഇറ്റ് യുവേർസ്’ സ്കീമിലൂടെ സെന്റർ സ്റ്റാൻഡ്‌ ഉൾപ്പെടെയുള്ള അക്സസറീസ് വാങ്ങാവുന്നതാണ്. 2.03 ലക്ഷംമുതൽ 2.08 ലക്ഷംവരെയാണ് സ്ക്രാമിന്റെ എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top