26 April Friday

മാറ്റിയെഴുതിയ ചിത്രങ്ങൾ !

സുരേഷ് നാരായണൻUpdated: Tuesday Dec 28, 2021


വാഹനം പേജിന്റെ ഈ വർഷത്തെ അവസാന ലക്കമാണിത്. ഈ ലക്കത്തിൽതന്നെയാകട്ടെ പുതിയൊരു യാത്രയുടെ തുടക്കം. നമ്മുടെ സംസ്ഥാനത്തിനകത്തും പുറത്തും റോഡുവഴി നടത്തുന്ന സഞ്ചാരകഥകൾ  തുടങ്ങുന്നു.

വാഹനങ്ങളുടെ പടമെടുക്കാൻ അലഞ്ഞ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം എത്തിപ്പെട്ടത് കടൽത്തീരത്തായിരുന്നു. അക്കൂട്ടത്തിൽ കുറെ ആൾക്കാരെയും പരിചയപ്പെട്ടു. അതിലൊരാൾ 65 വയസ്സ് തോന്നിക്കുന്ന ‘ചെറുപ്പക്കാരനാ’ണ്; എറപ്പേൽ ചേട്ടൻ എന്നു വിളിക്കുന്ന റാഫേൽ. വയസ്സ് വെറുമൊരു നമ്പറാണെന്ന് പറയുന്നതിന് ഉദാഹരണമാണ് എറപ്പേൽ ചേട്ടൻ! സംസാരിക്കുന്ന കൂട്ടത്തിൽ, കഴിഞ്ഞ 30 വർഷമായി ഞാൻ വടക്കേ ഇന്ത്യയിലായിരുന്നുവെന്നും കൊറോണ കാരണം ഒരുവർഷമായി നാട്ടിലുണ്ടെന്നും ഇതിനോടകം ഞാൻ സഞ്ചരിച്ച രാജ്യങ്ങളെക്കുറിച്ച്‌ ഗമയോടെ പറഞ്ഞതും എറപ്പേൽ ചേട്ടൻ കടപ്പുറത്തെ ചൊരിമണലിൽ ഒരു വൃത്തം വരച്ചുകൊണ്ട് ക്ഷമയോടെ കേട്ടിരുന്നു.


 

“സാറെ, എന്റെ പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്…”
ഒന്നു നിർത്തിയതിനുശേഷം ചോദിച്ചു, “സാറിന്റെ പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളും സാറ് കണ്ടിട്ടുണ്ടോ”

എന്റെ യാത്രാനേട്ടങ്ങളിലേക്ക് സുനാമി അടിച്ചുകയറിയതുപോലെ ഇരുന്ന എനിക്ക്, ഇല്ല എന്നു മറുപടി കൊടുക്കാൻ അധികനേരം വേണ്ടിവന്നില്ല! എറപ്പേൽ ചേട്ടന്റെ വാക്കുകളുടെ അർഥവ്യാപ്തി അപാരമായിരുന്നു. മീൻ കച്ചവടക്കാരനായ എറപ്പേൽ ചേട്ടൻ സ്വന്തം പഞ്ചായത്തിൽ ജീവിതമാർഗം കണ്ടെത്തിയപ്പോൾ, ഞാൻ കേരളത്തിന് പുറത്തും അന്യരാജ്യങ്ങളിലും. ഞാൻ വരച്ച വലിയ വൃത്തത്തിൽ എന്റെ പഞ്ചായത്തിൽ ഉൾപ്പെടെ ഇനിയും കാണാൻ സ്ഥലങ്ങൾ ഏറെ ബാക്കി!

ഒന്നും ചെയ്തില്ലെങ്കിൽ എറപ്പേൽ ചേട്ടൻ ഇനിയും ഗോളടിക്കും! പകരംവീട്ടാനായി കൂട്ടുപിടിച്ചത് റോയൽ എൻഫീൽഡ് മീറ്റിയോർ 350യെയാണ്. 30 വർഷംമുമ്പ് കണ്ട സ്ഥലങ്ങളെ വീണ്ടും കാണുക എന്നതാണ് ആദ്യം ചെയ്തത്. മനസ്സിലുണ്ടായിരുന്ന ചിത്രങ്ങൾക്ക് വന്ന മാറ്റം ഭയങ്കരമാണ്. ഇതേ സ്ഥലത്തുതന്നെയാണ്  ഞാൻ വന്നത് എന്നു വിശ്വസിക്കാൻ പ്രയാസം! ഒരുമാതിരി ടൈം ട്രാവൽ ചെയ്ത പ്രതീതി! മനസ്സിലുണ്ടായിരുന്ന ചിത്രങ്ങളെ മാറ്റിയെഴുതി അടുത്ത സ്ഥലത്തേക്ക് മീറ്റിയോർയാത്ര തുടർന്നു...!


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top