27 April Saturday

റീ ഡിസൈന്‍ ചെയ്ത പുതിയ ചാസ്സിയും എന്‍ജിനും; മാറ്റങ്ങളുമായി ക്ലാസിക് 350

സുരേഷ് നാരായണൻUpdated: Wednesday Dec 15, 2021


നമ്മുടെ പുരാണങ്ങളിൽ അശ്വഹൃദയ മന്ത്രം അറിയുന്നവർ ഉണ്ടായിരുന്നു എന്നും, ആ മന്ത്രം ചൊല്ലിയാൽ കുതിര പറക്കുമായിരുന്നു എന്നും പറഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിൽ, സംഗതി തള്ളാണെന്ന് തോന്നുമെങ്കിലും  ഒരുവിധത്തിൽ പറഞ്ഞാൽ അതൊരു ആത്മബന്ധമാണ്. അതുപോലെ മനുഷ്യന് ഏറ്റവും കൂടുതൽ ആത്മബന്ധമുള്ള യന്ത്രം മോട്ടോർ സൈക്കിൾ ആണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ടോ? ഇല്ല എന്ന് പറയാനേ എനിക്ക് കഴിയുകയുള്ളൂ. കാരണം ഒരുപക്ഷേ, ആകാശമെന്ന മേൽക്കൂരയ്‌ക്കു താഴെ, ഒരു ക്യാബിൻ ഉണ്ടാക്കുന്ന അതിർത്തികൾ ഇല്ലാത്ത, തുറന്ന യാത്ര ഉറപ്പുതരുന്നതുകൊണ്ടാകാം. അല്ലെങ്കിൽ അതെനിക്ക് തരുന്ന സ്വാതന്ത്രിയ ബോധം ആയിരിക്കാം. അതുമല്ലെങ്കിൽ കാറിന്റെ ക്യാബിൻ തരുന്ന സുരക്ഷാബോധം എന്റെ ശരീരത്തിനോട് ചേർന്നിരിക്കുന്ന ഹെൽമെറ്റും റൈഡിങ് ഗീയറും തരുന്നതുകൊണ്ടാകാം. അതെന്തുതന്നെ ആയാലും മോട്ടോർ സൈക്കിൾ തരുന്ന മാനസിക ഉല്ലാസം തരാൻ ഒരു കാറിന് കഴിയില്ല. മൂന്നരത്തരം! മോട്ടോർ സൈക്കിൾ എന്നുപറയുമ്പോൾ ഇന്ത്യയിലുള്ള ഒട്ടുമുക്കാൽപേർക്കും ആദ്യം മനസ്സിൽ എത്തുന്നത് റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ്. ഇപ്പോഴും നിർമാണം തുടർന്നുകൊണ്ടിരിക്കുന്ന, ലോകത്തിൽ ഏറ്റവും പഴക്കമുള്ള മോട്ടോർ സൈക്കിളാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്!


 

2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് ഈ ആഴ്ചയിലെ വാഹന വിശേഷം! 2021ലെ ക്ലാസിക് 350യിൽ പ്രകടമായ മാറ്റം റീ ഡിസൈൻ ചെയ്ത പുതിയ ചാസ്സിയും എൻജിനുമാണ്. വർഷങ്ങളായി അംഗീകരിക്കപ്പെട്ട ഡിസൈൻ പെട്ടെന്ന് മാറ്റാൻ ഒരു നിർമാതാക്കളും ധൈര്യപ്പെടുകയില്ല. എന്നാൽ, റോയൽ എൻഫീൽഡ് ആ സാഹസത്തിന് മുതിർന്നതിന്റെ ഫലം നമ്മുടെ മുന്നിലുണ്ട്. എൻജിൻ മാത്രമല്ല, പഴയ ബൈക്കിൽനിന്ന്‌ ഒരു പാനൽപോലും പുതിയതിലേക്ക് കടമെടുത്തിട്ടില്ല എന്നതാണ്‌ സത്യം! ബൈക്കിന്റെ കൾട്ട് ലൂക്കിന് മാറ്റം വരുത്താതെ ആകർഷകമായി ഇഴചേർത്തിരിക്കുന്നത് സ്വാഗതാർഹമാണ്. റൗണ്ട് ഹെഡ് ലാമ്പിൽ മഞ്ഞ വെളിച്ചം വിതറുന്ന ബൾബാണ്‌ ഉള്ളത്. അലൂമിനിയം ക്ലച്ച്, ബ്രേക് ലിവറുകളും പുതിയ സ്വിച്ചുകളും ബട്ടണുകളും ഹാൻഡിൽ ബാറും ക്ലാസിക് ലുക്ക് തരുന്നു. ടെയ്ൽ ലാമ്പ് വലുപ്പം കുറച്ച് ഭംഗിയാക്കിയിരിക്കുന്നു. ദൂരെനിന്നു നോക്കുമ്പോൾ ക്ലാസിക് ലുക്കിന്  മാറ്റമൊന്നും തോന്നുകയില്ല, അതാണ് റോയൽ എൻഫീൽഡിന്റെ വിജയം.

 

ക്ലാസിക് 350യുടെ സ്വഭാവത്തിന് മാറ്റമൊന്നും വരുത്താതെ റൈഡ് ക്വാളിറ്റി മെച്ചപ്പെടുത്തിയിരിക്കുന്നു. അൽപ്പംകൂടി വീതിയുള്ള ടയറും മുന്നിലെ ഫോർക്കിന് വണ്ണവും കൂട്ടിയിരിക്കുന്നു. സിംഗിൾ ചാനലിലും ഡ്യുവൽ ചാനലിലും ലഭിക്കുന്ന  ആന്റി സ്കിഡ് ബ്രേക്കിങ് സിസ്റ്റം (എ‌ബി‌എസ്) ഉള്ള ക്ലാസിക് 350യുടെ മുന്നിൽ 300എം‌എം, പിന്നിൽ 270എം‌എം ഡിസ്ക് ബ്രേക്കാണ്‌ ഉള്ളത്. പഴയ ക്ലാസിക്കിനെക്കാൾ സ്മൂത്ത് ഗീയർഷിഫ്റ്റ് ആണ് പുതിയതിന്. എൻജിൻ കപ്പാസിറ്റിക്കു മാറ്റമൊന്നും ഇല്ല. 349സി‌സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ 20.2 ബി‌എച്ച്‌പി പവറും 27 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ഇതിനെ 5 സ്പീഡ് ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ പ്രത്യേകിച്ച് പറയേണ്ട ഒരുകാര്യം ഉയർന്ന ഗീയറിൽ കുറഞ്ഞ സ്പീഡിൽ ഓടാനുള്ള ഈ എൻജിന്റെ തനതായ കഴിവിനെയാണ്. കൂടാതെ അതിവേഗതയിൽ ഉണ്ടായിരുന്ന വിറയൽ പുതിയ എൻജിന് ഇല്ല എന്നുള്ളതും ഇവിടെ പറയേണ്ടതുണ്ട്.

എനിക്കു കിട്ടിയ റിവ്യു ബൈക്കിന്റെ സീറ്റ് സ്പ്രിങ്‌, വിൻഡ് സ്ക്രീൻ, മിറർ, പില്ലിയൻ സീറ്റ് സപ്പോർട്ട്, ഫൂട്ട് റസ്റ്റ് മുതലായവ അക്സസറീസ് ആയി വാങ്ങിക്കാവുന്നതാണ്. ഇവയെല്ലാം നിയമാനുസൃതവും റോയൽ എൻഫീൽഡ് ആപ്പ് വഴി മുൻകൂറായി ഓർഡർ ചെയ്യാവുന്നതുമാണ്. അഞ്ച് നിറങ്ങളുടെ കോമ്പിനേഷനിൽ ലഭിക്കുന്ന ക്ലാസിക് 350യുടെ എക്സ് ഷോറൂം വില തുടങ്ങുന്നത് 1.84 ലക്ഷം രൂപയിൽ ആണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top