30 May Tuesday

പുതുപ്പിറവിയിൽ സാൻട്രോ

സി ജെ ഹരികുമാർ Updated: Tuesday Oct 30, 2018


ആധുനിക ഭാവപ്പകർച്ചയും കാലാനുസൃതമായ ഒരുപിടി മാറ്റങ്ങളുമായി  ഹ്യുണ്ടായി തങ്ങളുടെ എക്കാലത്തേയും ജനശ്രദ്ധയാകർഷിച്ച മോഡൽ സാൻട്രോ വീണ്ടും പുറത്തിറക്കി. പഴയ സാൻട്രോയുമായി ചെറിയ ചില സാമ്യങ്ങളൊഴിച്ചാൽ പൂർണ്ണമായും പുതിയ വാഹനമാണ‌് സാൻട്രോ. ശ്രേണിയിൽ ഇതുവരെയാരും അവകാശപ്പെടാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് പുത്തൻ സാൻട്രോയുടെ ചുവടുവെയ്പ്.  3.89 ലക്ഷം രൂപയാണ‌്  സാൻട്രോയുടെ പ്രാരംഭ വില. ആദ്യം ബുക്ക‌് ചെയ്യുന്ന  50, 000 പേർക്കായിരിക്കും ഈ വില‌. വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട‌്.
 
അഞ്ചു വകഭേദങ്ങളിലാണ‌് പുത്തൻ   സാൻട്രോ എത്തുന്നത‌്. ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ എന്നിവയാണ‌് അവ.  പ്രാരംഭ ഡിലൈറ്റ് മോഡൽ 3.89 ലക്ഷം രൂപയും  ഏറ്റവും ഉയർന്ന ആസ്റ്റ വകഭേദത്തിന് 5.45 ലക്ഷം രൂപയാണ് വില. എഎംടി, സിഎൻജി പതിപ്പുകളും വാഹനത്തിനുണ്ട്.

പഴയ സാൻട്രോയുടെ ടോൾ ബോയ് ശൈലി മാത്രം നിലനിർത്തി ലേശം മെനക്കെട്ടാണ‌് ഹ്യുണ്ടായി പുത്തൻ സാൻട്രോ അണിയിച്ചാരുക്കിയത‌്.  ഹ്യുണ്ടായി കാറുകളിൽ അടുത്തകാലത്തായി കണ്ടുവരുന്ന കസ്‌കേഡിംഗ് ഗ്രില്ലാണ‌് പ്രധാന സവിശേഷത.   ഗ്രില്ലിന് അടിവരയിട്ട് ക്രോം ആവരണവും ഇടംപിടിക്കുന്നു. ഗ്രില്ലിന് ഇരുവശത്തുമാണ‌്  ഫോഗ്‌ലാമ്പുകൾ.  പിറകിലേക്കു വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും വശങ്ങളിൽ കയറിയിറങ്ങുന്ന വിൻഡോലൈനും  കാഴ്ചക്കാരുടെ ശ്രദ്ധ കൈയ്യടക്കും. വീൽ ആർച്ചുകളോടു അനുബന്ധിച്ച വരകൾക്ക് വെട്ടിയൊതുക്കിയ പ്രതീതി നൽകാൻ കഴിയുന്നുണ്ട്. വീതിയേറിയ വിൻഡോ ശൈലി അകത്തള വിശാലത പറഞ്ഞുവെയ്ക്കും.

 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ സംവിധാനമാണ് കമ്പനി നൽകുന്നത്. ആൻട്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർലിങ്ക് സംവിധാനങ്ങളുടെ പിന്തുണ സാൻട്രോയ്ക്ക് ലഭിക്കും. കറുപ്പും ബീജും ഇടകലർന്ന ഇരട്ടനിറശൈലിയാണ് ഉൾവശത്തിന‌്. എസി വെന്റുകൾക്കും ഗിയർ ലെവറിനും സ്റ്റീയറിംഗ് വീലിനും ക്രോം ആവരണമുണ്ട്. സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകൾ മുഖേന ഓഡിയോ നിയന്ത്രിക്കാൻ കഴിയും. പിറകിലും വലിയ വിൻഡ്ഷീൽഡാണ് ഹാച്ച്ബാക്കിന് കമ്പനി നിശ്ചയിക്കുന്നത്. പിൻ വൈപ്പർ, ഹൈ സ്റ്റോപ് ലാമ്പ്, പിൻ പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം പിറകിലെ വിശേഷങ്ങളിൽപ്പെടും. ഹാച്ച്ബാക്കിന്റെ പിൻ ഭാഗമാണ് ഒരുപരിധിവരെ പഴയ സാൻട്രോയോടു സാമ്യം പുലർത്തുക.

എസി വെന്റുകളുടെയും സ്റ്റീയറിംഗ് വീലിന്റെയും രൂപകൽപനയിൽ പുതുമ അനുഭവപ്പെടും. പിൻ യാത്രക്കാർക്കുവേണ്ടി പ്രത്യേകമുള്ള എസി വെന്റ് ശ്രേണിയിൽ ആദ്യമാണ്. വൈദ്യുത പിന്തുണയാൽ ക്രമീകരിക്കാവുന്ന മിററുകൾ, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലുള്ള മൾട്ടി ഇൻഫോർമേഷൻ ഡിസ്‌പ്ലേ, യുഎസ്ബി പോർട്ട്, മടക്കിവെയ്ക്കാവുന്ന പിൻ സീറ്റുകൾ, എന്നിങ്ങനെ നീളം ഹാച്ച്ബാക്കിന്റെ മറ്റുവിശേഷങ്ങൾ. പ്രാരംഭ ഹാച്ച്ബാക്ക് എന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരമാവധി സുരക്ഷ സജ്ജീകരണങ്ങൾ നേടിയെടുക്കാൻ സാൻട്രോ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. ഡ്രൈവർ എയർബാഗ്, എബിഎസ്, ഇബിഡി, എഞ്ചിൻ ഇമൊബിലൈസർ മുതലായവ വകഭേദങ്ങളിൽ മുഴുവൻ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ലഭിക്കും. ഏറ്റവും ഉയർന്ന മോഡലിന് പാസഞ്ചർ എയർബാഗും ക്യാമറയോടുകൂടിയ പിൻ പാർക്കിംഗ് സെൻസറുകളും വേഗം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഓട്ടോ ഡോർ ലോക്കും അധികമായുണ്ട്. സെൻട്രൽ ലോക്കിങ് സംവിധാനവും ഉയർന്ന മോഡലുകളുടെ മാത്രം പ്രത്യേകതയാണ്.

  1.1 ലിറ്റർ നാലു സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ സാൻട്രോയിൽ. എഞ്ചിന് 68 ബിഎച്ച‌്പി കരുത്തും 99 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവൽ ഗിയർബോക്‌സ്. 14 ഇഞ്ച് ടയറുകളാണ് വാഹനത്തിനുള്ളത‌്.   ഇന്ത്യയിൽ ഹ്യുണ്ടായി ആദ്യമായി അവതരിപ്പിക്കുന്ന എഎംടി കാർ കൂടിയാണ് പുത്തൻ സാൻട്രോ. എഎംടിയ്ക്ക് പുറമെ സിഎൻജി പതിപ്പും ലഭിക്കും. 20.3 കിലോമീറ്ററാണ് സാൻട്രോയുടെ എഎംടി, മാനുവൽ മോഡലുകളിൽ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. മാനുവൽ സിഎൻജി വകഭേദം 30.5 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ബുക്കിങ് 25,000   കഴിഞ്ഞതോടെ മൂന്ന‌് മുതൽ ആറ‌് മാസം വരെയെടുക്കും വാഹനം ലഭിക്കാൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top