ലോകത്തിലെതന്നെ പ്രധാന എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്യുവി ജനുവരിയില്‍ നിരത്തിലെത്തിക്കും. നിര്‍മാണഘട്ടത്തില്‍ എസ്യുവി 101 വിളിപ്പേരുണ്ടായിരുന്ന വാഹനം കെയുവി 100 (കൂള്‍ യൂട്ടിലിറ്റി വെഹിക്കിള്‍ വണ്‍ഡബിള്‍ഓ) എന്ന് പുനര്‍നാമകരണംചെയ്താണ് അവതരിപ്പിക്കുന്നത്. ജനുവരി 15ന്് കെയുവി ഔദ്യോഗികമായി നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ഡീസല്‍ എന്‍ജിനു മാത്രം മുന്‍തൂക്കം നല്‍കിയിരുന്ന മഹീന്ദ്ര, പെട്രോള്‍ മോഡലിന് പ്രാമുഖ്യം നല്‍കി പുറത്തിറക്കുന്ന വാഹനമാണ് കെയുവി.
മഹീന്ദ്രതന്നെ വികസിപ്പിച്ച എം ഫാല്‍കണ്‍ എന്ന പേരിലുള്ള പുതിയ പെട്രോള്‍ എന്‍ജിനിലാകും വാഹനം നിരത്തിലെത്തുക. യുവാക്കളുടെ മാറിവരുന്ന വാഹനപ്രേമത്തെ വരുതിയിലാക്കുന്നതിനാണ് മഹീന്ദ്ര കെയുവി ലക്ഷ്യമിടുന്നത്. എക്സ്യുവി 500, ടിയുവി 300 എന്നിവയുടെ പിന്‍തുടര്‍ച്ചക്കാരനായാണ് കെയുവി 100 എത്തുന്നത്. എം ഫാല്‍കണ്‍ ജി 80 പെട്രോള്‍ മോഡലിലും, എം ഫാല്‍കണ്‍ ഡി 75 ഡീസല്‍ വേരിയന്റിലുമാണ് മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. ഭാരംകുറഞ്ഞ എം ഫാല്‍കണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 എച്ച്പി കരുത്തും ഡ്യൂവല്‍ വിവിടി സങ്കേതവും ഉള്ളതാണ്.
1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്റെ കരുത്ത് 77 എച്ച്പിയാണ്. കരുത്തന്‍ ലുക്ക് തന്നെയാണ് കെയുവിയുടെ പ്രധാന ആകര്‍ഷണം. അടുത്തിടെ പുറത്തിറങ്ങിയ ടിയുവിയുടെ ഛായ വരാതിരിക്കാന്‍ കെയുവിയുടെ നിര്‍മാണവേളയില്‍ മഹീന്ദ്ര ശ്രദ്ധിച്ചത് വാഹനത്തിന്റെ വില്‍പ്പനയില്‍ കാര്യമായി സ്വാധീക്കാനിടയുണ്ട്. പകലും പ്രകാശിക്കുന്ന ഹെഡ്ലാമ്പുകള്‍, ആകര്‍ഷകമായ ബമ്പര്‍, ബമ്പറില്‍ത്തന്നെ ഇരുവശങ്ങളിലുമായി ക്രോമിയത്തിന്റെ സാന്നിധ്യമുള്ള ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. ഷെവര്‍ലെ ബീറ്റിനോടു സമാനമായി രണ്ടാം നിര ഡോറുകളുടെ ഹാന്‍ഡില്‍ ഗ്ളാസുകള്‍ക്കൊപ്പം മുകള്‍ഭാഗത്തേക്ക് ഉയര്‍ത്തി സ്ഥാപിച്ചതാണ് വാഹനത്തിന്റെ ഒരു പ്രത്യേകത. ലളിതവും വലുപ്പമേറിയതുമാണ് ബൂട്ട് ലിഡ്ഡില്‍ ചേര്‍ത്തിണക്കിയിട്ടുള്ള ടെയ്ല്‍ ലാമ്പ്. ലോവര്‍ ബോഡിക്കും അപ്പര്‍ ബോഡിക്കും വെവ്വേറെ നിറങ്ങളും. വാഹനത്തിന് നന്നായി ഇണങ്ങുന്ന സ്പോയ്ലറും അലോയ് വീലുകളും കെയുവി 100ന് കരുത്തന്‍ രൂപഭംഗി നല്‍കുന്നുണ്ട്.
കെ2, കെ4, കെ6, കെ8 എന്നീ നാല് വകഭേദങ്ങളിലായി വാഹനം ലഭിക്കും. ഫീയറി ഓറഞ്ച്, ഫ്ളാംബൊയണ്ട് റെഡ്, ഡാസ്ളിങ് സില്‍വര്‍, അക്വാ മറൈന്‍, പേള്‍ വൈറ്റ്, ഡിസൈനര്‍ ഗ്രേ, മിഡ്നൈറ്റ് ബ്ളാക്ക് എന്നീ ഏഴ് ആകര്‍ഷക നിറങ്ങളാണ് കെയുവി 100ന് ഉണ്ടാവുക. സുരക്ഷയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള എയര്‍ബാഗുകളാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഉയര്‍ന്ന വേഗത്തിലും സ്ഥിരത ഉറപ്പുവരുത്താനായി ബ്രേക്കിങ്ങിനായി എബിഎസ്, ഇബിഡി സംവിധാനങ്ങളും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളിലാണ് മഹീന്ദ്ര ഇവ വാഗ്ദാനം നല്‍കുന്നത്. വാഹനത്തിന്റെ ഇന്ധനക്ഷമതയും വിലയും സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 4.50 മുതല്‍ ആറുലക്ഷം രൂപവരെ വിലയായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..