19 April Friday

പെട്രോളില്‍ കുതിക്കാന്‍ ഇ 200

പി ജി സുജUpdated: Monday Sep 25, 2017

മെഴ്സിഡസ് ബെന്‍സ് ഇ ക്ളാസിന്റെ സൌകര്യങ്ങള്‍ പെട്രോളില്‍ വേണമെന്നുള്ളവര്‍ക്കായാണ് ഇ-200. ഇ ക്ളാസ് സെഡാന്റെ ആഡംബരങ്ങള്‍ സ്വയം ഡ്രൈവ്ചെയ്യുമ്പോഴായാലും പിന്‍സീറ്റ് യാത്രയിലായാലും ഒരേപോലെ ആസ്വദിക്കുകയെന്നതാണ് ഇതിന്റെ രൂപകല്‍പ്പനയില്‍ സ്വാഭാവികമായും തെളിഞ്ഞുകാണുന്നത്. 1991 സിസി പെട്രോള്‍ എന്‍ജിനും 184 എച്ച്പി ശേഷിയും 300 എന്‍എം ടോര്‍ക്കുമായി കുതിച്ചുപായുന്ന ഇ-200 എന്ന പെട്രോള്‍ പതിപ്പിന് ഇ ക്ളാസിലെ പ്രാഥമിക ഡീസല്‍ പതിപ്പുകളുമായി കാര്യമായ വ്യത്യാസങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ല. ഇ-220ഡി എന്ന ഡീസല്‍ പതിപ്പുതന്നെയാണോ എന്നു തോന്നുംവിധത്തിലാണ് ഇ-200ന്റെയും രൂപഭംഗി.

യാത്ര സുഖകരമാക്കാന്‍ വിശാലമായ സുഖസൌകര്യങ്ങള്‍ എന്ന ചിന്താഗതിയാണ് ഇ-200നെയും പൂര്‍ണമായി സ്വാധീനിച്ചിരിക്കുന്നത്. എത്ര ഉയരമുള്ളയാള്‍ക്കും കാലുകള്‍ നീട്ടിവച്ചാല്‍ പിന്നെയും സൌകര്യങ്ങളുള്ള രീതിയിലാണ് ഇതിന്റെ പിന്‍ സീറ്റുകള്‍. ഡ്രൈവിങ് സീറ്റിലുള്ളവര്‍ക്കു ലഭിക്കുന്ന എല്ലാ സുഖങ്ങളും പിന്‍സീറ്റിലും ലഭ്യമാക്കുന്നതില്‍ ഇ-200 വിജയിച്ചിട്ടുണ്ടെന്നു വേണം പറയാന്‍. പക്ഷെ സംഗീതപ്രേമികള്‍ക്കോ റേഡിയോ ശ്രോതാക്കള്‍ക്കോ ഓഡിയോ സിസ്റ്റം പിന്‍സീറ്റിലിരുന്നു നിയന്ത്രിക്കാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കേണ്ടിവരും. എന്നാല്‍ സണ്‍ റൂഫും വിന്‍ഡോ ബ്ളൈന്‍ഡറുമല്ലാം പിന്നിലിരിക്കുന്നവര്‍ക്കും സുഖകരമായി സജ്ജീകരിക്കാം. മൂന്നു സോണ്‍ ഓട്ടോ എയര്‍ കണ്ടീഷനിങ്, പാനലുകള്‍ക്ക് വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അഴകു നല്‍കാന്‍ സഹായിക്കുന്ന 64 നിറങ്ങള്‍ യഥേഷ്ടം സജ്ജീകരിക്കാനാവുന്ന പാനല്‍ലൈറ്റ് എന്നിവയും ആഡംബരത്തിലുള്ള സവിശേഷശ്രദ്ധയ്ക്ക് ഉദാഹരണമാണ്. ഇന്റീരിയറുകള്‍ക്കു പുറമെയുള്ള തുകല്‍ ആവരണങ്ങള്‍ ക്ളാസിക്ഭംഗി നല്‍കുന്നു.

എസ് ക്ളാസിനോട് ഏറെ സാമ്യം തോന്നിക്കുന്ന രൂപകല്‍പ്പനയാണ് ഇ-200നുള്ളത്. യാത്ര സുഖകരമാക്കാന്‍ ഏറ്റവും മികച്ച സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അതിവേഗത്തിലേക്കു കുതിക്കുമ്പോഴും നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ഇഴയുമ്പോഴും സുഗമമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്ന എസ് ക്ളാസ് സൌകര്യങ്ങളാണ് ഇതില്‍ കാണാനാവുക. മികച്ച സസ്പന്‍ഷന്‍, സുഖകരമായ ആം റെസ്റ്റ്, മൃദുലമായ ഹെഡ്റെസ്റ്റുകള്‍ എന്നിവ ഇതിന് പിന്തുണയേകുന്നു. മുന്‍സീറ്റുകള്‍പോലെ പിന്‍സീറ്റുകളും ചെറിയതോതിലെങ്കിലും പിന്നോട്ടു ചരിക്കാനും ക്രമീകരിക്കാനും സാധിക്കും.
യാത്രതുടങ്ങി കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ കുതിച്ചുപായാനാവുന്ന ഇതില്‍ ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്സ്, സ്പോര്‍ട്ട്സ് പ്ളസ് എന്നിങ്ങനെ ഡ്രൈവ് മോഡുകള്‍ ക്രമീകരിക്കാനാവും. 

വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സജ്ജീകരിക്കാവുന്ന ഇന്‍ഡിവിജ്യൂവല്‍ മോഡും ഇവയ്ക്കുപുറമെയുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോഗിയറില്‍ ഇവയെല്ലാം സൌകര്യംപോലെ പ്രയോഗിക്കാം. സ്റ്റിയറിങ്ങിന്റെ വലതുവശത്ത് ഒരു ഫോണില്‍ സ്പര്‍ശിക്കുന്നത്ര ലാഘവത്തോടെ പാര്‍ക്കിങ് മോഡിലേക്കു മാറ്റി ഡ്രൈവിങ് അവസാനിപ്പിക്കുകയും അതേ സൌകര്യത്തോടെ ഡ്രൈവിങ് മോഡിലേക്കു മാറ്റുകയും ചെയ്യാം. ഇതോടൊപ്പം മാന്വലായി ഗിയര്‍ മാറ്റുമ്പോഴും കുതിപ്പിന്റെ കാര്യത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 56.47 ലക്ഷം രൂപയാണ് ഇതിന്റെ കൊച്ചിയിലെ ഓണ്‍റോഡ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top