20 April Saturday

ഇത് റിയല്‍'ഡോണ്‍'

സി ജെ ഹരികുമാര്‍Updated: Saturday Aug 13, 2016

ലോകത്തെ ആഡംബര കാറുകളുടെ രാജാവ് എന്ന പദം ചേരുംപടി ചേര്‍ക്കാന്‍ സാധിക്കുന്ന റോള്‍സ് റോയ്സ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റോള്‍സ് റോയ്സ് ഡോണ്‍ കേരളത്തില്‍ പുറത്തിറക്കി. റോള്‍സ് റോയ്സിന്റെ ദക്ഷിണേന്ത്യയിലെ ഡീലറായ കുന്‍ എക്സ്ക്ളൂസീവ് ആണ് കാര്‍ കേരളത്തിലെത്തിക്കുന്നത്.

ഇരുപത്തിരണ്ട് സെക്കന്‍ഡില്‍ മേല്‍ക്കൂര നീങ്ങിമറഞ്ഞ് ഓപ്പണ്‍ ടോപ്പാകുന്ന റോള്‍സ് റോയ്സ് ഡോണ്‍ ലോകത്തെ ഏറ്റവും ശബ്ദരഹിതമായ ഫോര്‍ സീറ്റര്‍ ഓപ്പണ്‍ടോപ്പ് കാറാണ്. കണ്‍വെര്‍ട്ടബിള്‍ റൂഫ്, ബൂട്ട്, പിന്‍സീറ്റ് എന്നിവ അവിശ്വസനീയമാം വിധം സമന്വയിപ്പിച്ചാണ് നാലുപേര്‍ക്ക് തികച്ചും ആഡംബരയാത്രയ്ക്കുള്ള സൌകര്യങ്ങള്‍ ഡോണ്‍ ഒരുക്കിയിട്ടുള്ളത്. നീളമേറിയ ബോണറ്റ്, റോള്‍സ് റോയ്സ് ഇതിഹാസ ചിഹ്നമായ പറക്കും വനിത, ഷോര്‍ട്ട് ഫ്രണ്ട് ഓവര്‍ഹാങ്, ലോങ് റിയര്‍ ഓവര്‍ഹാങ്, അന്തസ്സുറ്റ റിയര്‍ ഗ്രാഫിക്, ഹൈ ഷോള്‍ഡര്‍ ലൈന്‍ എന്നീ കാലാതീതമായ റോള്‍സ് റോയ്സ് രൂപകല്‍പ്പനയാണ് ഡോണിലും ആരാധകരെ ആകര്‍ഷിക്കുന്നത്.

മുന്‍ഭാഗത്തെ ഗ്രില്‍ 45 മില്ലീമീറ്ററോളം കുറച്ചിട്ടുണ്ട് പുതിയ ഡോണില്‍. അതേസമയം റെയ്ത്തിനെ അപേക്ഷിച്ച് ലോവര്‍ ഫ്രണ്ട് ബമ്പര്‍ 53 മില്ലീമീറ്ററോളം നീട്ടിയിട്ടുമുണ്ട്. ഡ്രോപ്ഹെഡ് തനത് ഫോര്‍മാറ്റിലുള്ളവയാണ് ഡോറുകള്‍. ക്ളാസിക് സ്പോര്‍ട്സ് കാര്‍ പ്രൊഫൈല്‍പോലെ സുഗമമായ പ്രവേശനവും, പിന്നില്‍നിന്ന് എഴുന്നേറ്റുനിന്ന് പുറത്തിറങ്ങാനുള്ള സൌകര്യവുമുണ്ട്. മരത്തിന്റെയും, ലെതറിന്റെയും സമൃദ്ധിക്കിടയില്‍ നാല് മനോഹരമായ ബക്കറ്റ് സീറ്റുകളാണ് കാറിലുള്ളത്. പുതിയ റൂഫ്തന്നെയാണ് ഡോണിന്റെ പ്രധാന എന്‍ജിനിയറിങ് സവിശേഷത. ഫാബ്രിക് റൂഫ് കോണ്‍ഫിഗറേഷനുള്ള ലോകത്തെ ഏറ്റവും നിശബ്ദമായ കണ്‍വെര്‍ട്ടബിള്‍ കാറാണ് ഡോണ്‍.“സയലന്റ് ബാലെ’എന്നപേരുള്ള ഈ സംവിധാനം പൂര്‍ണ നിശബ്ദതയില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറിനെ പ്രവര്‍ത്തിപ്പിക്കും. ട്വിന്‍ ടര്‍ബോ 6.6 ലിറ്റര്‍ വി 12 പവര്‍ട്രെയിനാണ് ഡോണിന്റെ കരുത്ത്. സുഗമവും, കൃത്യതയാര്‍ന്നതും ഉയര്‍ന്ന വേഗത്തില്‍പ്പോലും സുരക്ഷ ഉറപ്പാക്കുന്ന സ്റ്റിയറിങ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. 20 ഇഞ്ച് വ്യാസത്തിലുള്ളത്. റണ്‍ഫ്ളാറ്റ് ടയറുകളാണ് ഡോണിന് ഗ്രിപ്പ് നല്‍കുന്നത്. പൂര്‍ണമായും പഞ്ചറായ ടയറില്‍പ്പോലും കാര്യമായ നിയന്ത്രണം സാധ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുമൂലം സ്പെയര്‍ വീലും ജാക്കും കാറില്‍ വേണ്ടിവരുന്നുമില്ല.

ഡ്രൈവര്‍മാര്‍ക്ക് അത്യാഡംബരപൂര്‍ണവും, ആയാസരഹിതവുമായ യാത്രാനുഭവവുമാണ്  ഡോണ്‍ സമ്മാനിക്കുന്നത്. അത്യാധുനിക നാവിഗേഷന്‍ സംവിധാനം, സ്റ്റിയറിങ് വീലില്‍ വണ്‍ടച്ച് കോള്‍ ബട്ടണ്‍, വേഗം, ദൂരം എന്നിവയിലെ നിരന്തര ക്രമീകരണങ്ങള്‍ കുറയ്ക്കാന്‍ ഓട്ടോമാറ്റിക് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, രാത്രി യാത്രയ്ക്ക് സുഗമമായ കാഴ്ചയൊരുക്കാന്‍ ഇല്യൂമിനേറ്റിങ് ടെക്നോളജി തുടങ്ങിയ പരിധികളില്ലാത്ത സുഖസൌകര്യങ്ങളാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ രാത്രിഡ്രൈവിങ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഹെഡ് അപ് ഡിസ്പ്ളേയും, ഹീറ്റ് ഡിറ്റക്ഷന്‍ സിസ്റ്റവും കാറിലുണ്ട്. മനുഷ്യനെയും മൃഗങ്ങളെയും തിരിച്ചറിഞ്ഞ് ഡ്രൈവര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിനു കഴിയും. അത്യാധുനിക സംവിധാനങ്ങളുടെ ഒരു സമന്വയമാണെങ്കിലും സാധാരണക്കാരന് ഇത് സ്വപ്നംകാണാന്‍  പ്രയാസപ്പെടേണ്ടിവരും. കാരണം  6.25 കോടിരൂപയാണ് ഡോണിന്റെ അടിസ്ഥാന വില. ഇന്ധനക്ഷമതയാട്ടെ ലിറ്ററിന് 6–8 കിലോമീറ്ററും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top