18 April Thursday

മസില്‍ പെരുപ്പിച്ച് 'മസ്താങ്'

സി ജെ ഹരികുമാര്‍Updated: Wednesday Jul 13, 2016

ഇന്ത്യയിലെ സ്പോര്‍ട്സ് കാര്‍ പ്രേമികളുടെയും യുവാക്കളുടെയും നീണ്ടകാലത്തെ കാത്തിരുപ്പിനു വിരാമമിട്ട് ഫോര്‍ഡിന്റെ മസില്‍ കാര്‍ മസ്താങ് വിപണിയിലെത്തി. കാഴ്ചയിലും പ്രകടനത്തിലും ഇന്ത്യന്‍വിപണിയില്‍ നിലവിലുള്ള മറ്റേത് സ്പോര്‍ട്സ് കാറുകളോടും മത്സരത്തിനു തയ്യാറായാണ് മസ്താങ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇതാദ്യമായി വിദേശവിപണിയിലുള്ള കാറില്‍നിന്നു വ്യത്യസ്തമായി വലതുവശത്ത് ഡ്രൈവിങ് സീറ്റ് ക്രമീകരിച്ച മസ്താങ്ങാണ് ഇന്ത്യന്‍നിരത്തുകള്‍ക്കായി എത്തുന്നത്.  ഡല്‍ഹി എക്സ് ഷോറൂംവില അനുസരിച്ച്  65 ലക്ഷം രൂപയാണ് ഫോര്‍ഡിന്റെ ഈ ഇതിഹാസിക വാഹനത്തിന്റെ വില. സ്ളീക് ഡിസൈന്‍, അതിനൂതന സാങ്കേതികവിദ്യ, ഫോര്‍ഡിന്റെ പ്രശസ്തമായ 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എന്‍ജിന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 401 പിഎസ് കരുത്ത് എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍.

സുരക്ഷയ്ക്ക് ഊന്നല്‍നല്‍കി കാല്‍മുട്ടുസംരക്ഷണത്തിനുള്ള നീ എയര്‍ബാഗ് അടക്കം എട്ട് എയര്‍ബാഗുകള്‍. 19 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് എച്ച്ഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ സോണ്‍ ക്ളൈമറ്റ് കണ്‍ട്രോള്‍, 9 സ്പീക്കര്‍ സൌണ്ട് സിസ്റ്റം, വോയിസ് എനേബിള്‍ഡ് സിങ്ക് 2 കണക്ടിവിറ്റി, 8 ഇഞ്ച് കളര്‍ ടച്ച് സ്ക്രീന്‍ എന്നിവ മസ്താങ്ങിന് സ്പോര്‍ട്സ് കാറുകളില്‍ പ്രത്യേകസ്ഥാനം നല്‍കുന്നു. അബ്സല്യൂട്ട് ബ്ളാക്, ഇന്‍ഗോട്ട് സില്‍വര്‍, ഓക്സ്ഫഡ് വൈറ്റ്, ട്രിപ്പിള്‍ യെല്ലോ ട്രൈകോട്ട്, മാഗ്നറ്റിക്, സിഗ്നേചര്‍ റേസ് റെഡ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ മസ്താങ് ലഭിക്കും.

5.0 ലിറ്റര്‍ വി 8 എന്‍ജിന്റെ ഏറ്റവും പുതിയ എഡിഷനാണ് ഇന്ത്യന്‍ മസ്താങ്ങിലുള്ളത്. അപ്ഗ്രേഡ്ചെയ്ത വാല്‍വ് ട്രെയിനും സിലിന്‍ഡര്‍ ഹെഡുകളും പ്രദാനംചെയ്യുന്നത് 401 പിഎസ് കരുത്ത്, 515 എന്‍എം ടോര്‍ക്, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗം എന്നിവയാണ്. 4.8 സെക്കന്‍ഡ്കൊണ്ട് പൂജ്യത്തില്‍നിന്ന് കാര്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ എത്തും. സിലിന്‍ഡറുകളിലേക്ക് വായു കയറുന്നതും പുറത്തേക്കുവിടുന്നതുമാണ് കൂടുതല്‍ കരുത്തിനും ടോര്‍ക്കിനും നിദാനം. കരുത്തുറ്റ പ്രകടനം ഇഷ്ടപ്പെടുന്നവര്‍ക്കായി  ഇലക്ട്രോണിക് ലൈന്‍ ലോക്ക് എന്ന പുത്തന്‍ സാങ്കേതികവിദ്യയും ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക്കായി മുന്‍ ബ്രേക്കുകള്‍ ലോക്ക്ചെയ്യുകയും പിന്‍ബ്രേക്കുകള്‍ റിലീസ്ചെയ്യുകയും ചെയ്യുന്നതിനാല്‍ എളുപ്പത്തില്‍ സ്പിന്‍ചെയ്യാനും യഥാര്‍ഥ റേസറെപ്പോലെ കാറോടിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴിയും. നോര്‍മല്‍, വെറ്റ്/സ്നോ, സ്പോര്‍ട്, ട്രാക് എന്നീ നാല് ഡ്രൈവിങ് മോഡുകളാണ് മസ്താങ്ങിനു നല്‍കിയിട്ടുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top