25 April Thursday

ഇന്ത്യക്കായി മാത്രം ഒരു അമിയോ...

സി ജെ ഹരികുമാര്‍Updated: Sunday Feb 7, 2016

ലോകോത്തര കാര്‍നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ഇന്ത്യയില്‍ നിര്‍മിച്ച് ഇന്ത്യക്കുവേണ്ടി മാത്രം സെഡാന്‍ പുറത്തിറക്കി. നാലുമീറ്ററില്‍ താഴെയുള്ള വാഹനത്തിന് അമിയോ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍വിപണിയിലെത്തും.

മഹാരാഷ്ട്രയിലെ ചക്കാന്‍ പ്ളാന്റില്‍ നിര്‍മിക്കുന്ന അമിയോ രൂപത്തിലും ഭാവത്തിലും ഫോക് വാഗണ്‍ പോളോയുടെയും വെന്റോയുടെയും ഇടയില്‍വരുന്ന വാഹനമാണ്.  പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാകുന്ന അമിയോക്ക് 5.5 ലക്ഷംമുതല്‍ 8.5 ലക്ഷംവരെ വിലയാകാനാണ് സാധ്യത.  പെട്രോള്‍ മോഡലിന്റേത് 1.2 ലിറ്റര്‍, മൂന്ന് സിലിന്‍ഡര്‍ എന്‍ജിനും ഡീസല്‍ മോഡലിന്റേത് 1.5 ലിറ്റര്‍ നാല് സിലിന്‍ഡര്‍ എന്‍ജിനുമാണ്. ഇന്ത്യയില്‍ കോംപാക്റ്റ് സെഡാന്‍ കാറുകള്‍ക്ക്  വര്‍ധിച്ചുവരുന്ന പ്രിയം കണക്കിലെടുത്ത് രൂപകല്‍പ്പന നടത്തിയ അമിയോ നഗരവാസികളായ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

1.2 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന് അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലും ഉയര്‍ന്ന വേരിയന്റില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനിലും ലഭിക്കും. സുരക്ഷിതത്വത്തിന്  പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന അമിയോയുടെ എല്ലാ മോഡലിലും മുന്നില്‍ ഇരട്ട എയര്‍ബാഗുകളും എബിഎസും ലഭ്യമാക്കിയിട്ടുണ്ട്.  വെന്റോയോടും പോളോയോടും സാദൃശം തോന്നുന്നതാണ് വാഹനത്തിന്റെ മുന്‍ഭാഗം. ഫാമിലി കാറിന്റെ ആവശ്യങ്ങള്‍ പരിഗണിക്കത്തക്കവിധത്തിലാണ് സീറ്റിങ് സംവിധാനവും ബൂട്ട് സ്റ്റോറേജും.

മുന്‍നിര സീറ്റില്‍ ഡ്രൈവര്‍ ഹാന്‍ഡ് റെസ്റ്റും അതിനുള്ളില്‍ സ്റ്റോറേജ് സംവിധാനവും നല്‍കുന്ന ആമിയോ പിന്‍നിരയില്‍ ആവശ്യാനുസരണം ലെഗ് റൂമും നല്‍കുന്നുണ്ട്. ചെറു സെഡാനില്‍ ഇതുവരെ ഇല്ലാതിരുന്ന ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, മിറര്‍ ലിങ്കോടുകൂടിയ ഡൈനാമിക് ടച്ച് സ്ക്രീന്‍ മള്‍ട്ടി മീഡിയ മ്യൂസിക് സിസ്റ്റം, ഐ–പോഡ് കണക്റ്റിവിറ്റി, ഫോണ്‍ ബുക്ക് എന്നിവ അമിയോയെ മറ്റ് കാറുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. മനോഹരമായ സീറ്റുകളാണ് അമിയോയുടെ മറ്റൊരു പ്രത്യേകത. ആഡംബര വാഹനങ്ങളിലേതിന് സമാനമായവിധത്തിലുള്ള ഇവയ്ക്കായി  ഉപയോഗിച്ച പ്ളാസ്റ്റിക്കും ലെതറും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവതന്നെ. കരുത്തിനും ലുക്കിനും പ്രാധാന്യംനല്‍കുന്ന വാഹനത്തിന് പെട്രോളില്‍ ലിറ്ററിന് 16.47 കിലോമീറ്റര്‍ മൈലേജും ഡീസലില്‍  20.14 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനംചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top