26 April Friday

അവധിക്കാല യാത്രാപ്രേമം പ്രയോജനപ്പെടുത്താനൊരുങ്ങി ഫോര്‍ച്യൂണര്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2017

അവധിക്കാലത്ത് ഒരു ഓഫ്റോഡ് യാത്ര എന്നത് മലയാളികള്‍ക്കിടയില്‍ ഇന്നൊരു ഹരമായി മാറിയിരിക്കുകയാണ്. യഥാര്‍ഥ ഓഫ്റോഡ് അനുഭവം ലഭിക്കണമെങ്കില്‍ അതിനു യോജിച്ച ഉറപ്പുള്ള എസ്യുവി വേണമെന്നതിലും ആര്‍ക്കും സംശയമല്ല. എന്നാല്‍ ഇങ്ങനെ ഇടയ്ക്കുള്ള ഓഫ്റോഡ് യാത്രകള്‍ക്കു മാത്രമല്ല, സാധാരണ യാത്രകള്‍ക്കും യോജിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ എസ്യുവികള്‍ക്കു വിപണിയില്‍ വിജയിക്കാനാവൂ.  ഈ ഘടകങ്ങളെല്ലാം മനസ്സിലാക്കി വിപണിയില്‍ കൂടുതല്‍ ഇടപെടാനൊരുങ്ങുകയാണ് ഫോര്‍ച്യൂണര്‍.

ടൊയോട്ടയുടെ ടിഎന്‍ജിഎ പ്ളാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്നതിന്റെ യാത്രാസുഖം സാധാരണ യാത്രകള്‍ക്കും ഓഫ്റോഡ് യാത്രകള്‍ക്കും ഗുണകരമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ വകഭേദങ്ങളിലായി ഇത് അവതരിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍വഴി ശക്തിയും സുഗമമായ ഡ്രൈവിങ്ങും ഒരേസമയം ആസ്വദിക്കാന്‍ ഇവിടെ വഴിയൊരുക്കിയിട്ടുണ്ട്. സാധാരണ സാഹചര്യങ്ങളില്‍നിന്ന് കൂടുതല്‍ ടോര്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ടൊന്നുമില്ലാതെ പവര്‍മോഡിലേക്കു മാറാനുമാകും.

ശക്തിയോടൊപ്പം കൂടുതല്‍ മികച്ച രൂപഭംഗി നല്‍കാനുള്ള ശ്രമങ്ങളും പുതിയ ഫോര്‍ച്യൂണറില്‍ ദൃശ്യമാണ്. ഏഴ് എയര്‍ ബാഗുകള്‍, സ്റ്റെബിലിറ്റി നിയന്ത്രണം, കയറ്റങ്ങള്‍ കയറുമ്പോഴുള്ള പിന്തുണാസംവിധാനം, എബിഎസ് എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മൂന്നുനിര ഉയര്‍ന്ന സീറ്റുകള്‍ ഓഫ്റോഡ് യാത്രകളില്‍ സൌകര്യമാകുമ്പോഴും ഇവ സാധാരണ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടാകാതിരിക്കാനുള്ള ഫൂട്ട് റെസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഒരു കുടുംബ എസ്യുവി എന്ന പരിവേഷം നേടി കൂടുതല്‍ ജനപ്രീതി നേടാനും ഫോര്‍ച്യൂണര്‍ ശ്രമിക്കുന്നുണ്ട്. ലിറ്ററിന് 13 കിലോമീറ്റര്‍വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് അവകാശവാദം. 225 എംഎം ഗ്രൌണ്ട് ക്ളിയറന്‍സ്, 2745 എംഎം വീല്‍ബേസ് എന്നിവയാണ് ഈ എസ്യുവിക്കുള്ളത്.

പുതിയ ഫോര്‍ച്യൂണറിന്റെ ഡീസലില്‍ 2.8 ലിറ്റര്‍ എന്‍ജിനിലും പെട്രോളില്‍ 2.7 ലിറ്റര്‍ എന്‍ജിനിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാക്കുന്നുണ്ട്.  ഇന്‍ ലൈന്‍ നാലു സിലിന്‍ഡറുമായി എത്തുന്ന ഇതിന്റെ ഡീസല്‍പതിപ്പില്‍ 420 എന്‍എം ടോര്‍ക്കാണ് പരമാവധി ലഭിക്കുക. പിന്‍ഭാഗത്ത് സ്വയം ശീതീകരിക്കുന്ന സംവിധാനം, സണ്‍ഗ്ളാസ് സൂക്ഷിക്കാനുള്ള ഇടം, ഭക്ഷണവും പാനീയങ്ങളും സൂക്ഷിക്കാനുള്ള ഇടം തുടങ്ങി കുടുംബ എസ്യുവി എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്ന അകംമോടികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധയാണ് ചെലുത്തിയിരിക്കുന്നത്.

ഓഫ്റോഡ് പ്രേമികളെ ആകര്‍ഷിക്കാനായി ഉയര്‍ന്ന ശേഷിയോടുകൂടിയ എച്ച് 4, താരതമ്യേന താഴ്ന്ന ശേഷിയുള്ള എല്‍ 4 എന്നീ രണ്ടു വിഭാഗങ്ങളിലായുള്ള ഫോര്‍ വീല്‍ ഡ്രൈവ്, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡ്രൈവ് തുടങ്ങിയവും ലഭ്യമാക്കിയിരിക്കുന്നു. പെട്രോള്‍ വകഭേദങ്ങള്‍ക്ക് 31.26 ലക്ഷം രൂപമുതല്‍ 33.36 ലക്ഷം വരെയും ഡീസല്‍ വകഭേദങ്ങള്‍ക്ക് 33.08 ലക്ഷംമുതല്‍ 37.35 ലക്ഷം രൂപവരെയുമാണ് കൊച്ചിയിലെ ഓണ്‍റോഡ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top