19 April Friday

യാത്രകള്‍ക്ക് ആനന്ദമേകാന്‍ ക്രിസ്റ്റ

പി ജി സുജUpdated: Sunday Jul 3, 2016

ടൊയോട്ടയുടെ ഇന്നോവ ഇനിയില്ല. പകരം ക്രിസ്റ്റയാണ് ഉണ്ടാവുക എന്ന വാര്‍ത്ത കഴിഞ്ഞ ജനുവരിയിലെ ഡല്‍ഹി ഓട്ടോ ഷോയില്‍ അവിശ്വസനീയതയോടെയാണ് വാഹനപ്രേമികള്‍ കേട്ടത്. പിന്നെ പുതിയ അവതാരത്തെ കാണാനുള്ള കാത്തിരിപ്പായിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ഇന്നോവയ്ക്കു പകരം പുതിയ ക്രിസ്റ്റ വിപണിയിലെത്തിയപ്പോഴോ, അവരുടെ ആശങ്കകളേറെയും അസ്ഥാനത്തായി. കാണാന്‍ കരുത്തന്‍. സുന്ദരന്‍. കാര്യക്ഷമതയിലോ കേമന്‍. പുതിയ ക്രിസ്റ്റയെക്കുറിച്ച് ഒറ്റവാക്കിലെ വിലയിരുത്തലാണിത്.

എവിടെയാണെങ്കിലും ശ്രദ്ധപിടിച്ചുപറ്റുന്ന വലുപ്പമാണ് ക്രിസ്റ്റായ്ക്കുള്ളത്. 2005ല്‍ ക്വാളിസിനു പകരമായി ടൊയോട്ട ഇന്ത്യന്‍വിപണിയില്‍ അവതരിപ്പിച്ച ഇന്നോവ കൂടുതല്‍ സാങ്കേതിക തികവോടെയാണ് ക്രിസ്റ്റയായി—പുനര്‍ജനിക്കുന്നത്. ഇന്നോവയുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കുന്നതിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഇന്നോവയെപ്പോലെ തോന്നുമെങ്കിലും രൂപഭംഗിയിലും സ്ഥലസൌകര്യത്തിന്റെ പരമാവധി ഉപയോഗത്തിലും ക്രിസ്റ്റ നിലവിലുള്ള മറ്റേത് സമാന മോഡലിനെക്കാളും മുമ്പന്തിയിലാണ്.

സാധാരണ ശ്രദ്ധയില്‍പ്പെടാത്ത ചെറുകാര്യങ്ങള്‍പോലും ഭംഗിയായും കാര്യക്ഷമമായും ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍മുതല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റിപ്രോഗ്രാംവരെ ഇതു കാണാം. ഓടിത്തുടങ്ങുമ്പോള്‍തന്നെ മെരുങ്ങുന്ന ഇനമായതിനാല്‍ ഡ്രൈവറുമായി ചാങ്ങാത്തംകൂടാന്‍ ക്രിസ്റ്റയ്ക്ക് നിമിഷങ്ങള്‍ മതി.  എല്ലാ മോഡലിലും മൂന്ന് എയര്‍ബാഗ്, ആന്റിലോക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്സ് ഡിസ്ര്ടിബ്യൂഷന്‍, ബ്രേക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കി  സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ജാപ്പനീസ് ഉറപ്പ് ഒരിക്കല്‍ക്കൂടി പാലിച്ചിരിക്കുന്നു. ക്രിസ്റ്റയൊരുക്കുന്ന ആഡംബരവും വാഹനയുടമയുടെ മനംകുളിര്‍പ്പിക്കും.

ഇന്ത്യന്‍ സാഹചര്യത്തില്‍ വാഹന ഉടമകള്‍ മധ്യസീറ്റിലിരുന്നു യാത്രചെയ്യാനാണ് കൂടുതല്‍ സാധ്യതയെന്ന് കണക്കിലെടുത്തു മധ്യനിര സീറ്റ് ആഡംബരവും സൌകര്യവും പരമാവധി ഒരുക്കുന്ന ഒരു രൂപകല്‍പ്പനയ്ക്കാണ് ഇന്നോവയില്‍നിന്നു ക്രിസ്റ്റയിലേക്കുള്ള യാത്രയില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നതെന്നു തോന്നും. സമാന മോഡലുകളോടു കിടപിടിക്കുന്ന സൌകര്യങ്ങള്‍ ഡ്രൈവിങ് സീറ്റില്‍ ഒരുക്കുമ്പോള്‍ അതിനെ വെല്ലുന്ന സവിശേഷതകള്‍ മധ്യനിരസീറ്റിലുമുണ്ട്. കാല്‍നീട്ടി ഇരിക്കാവുന്ന പിന്‍സീറ്റുകളാകട്ടെ മോശം റോഡില്‍പ്പോലും ബുദ്ധിമുട്ടുകളൊന്നും യാത്രക്കാരെ അറിയിക്കില്ല. പിന്നിലും സുഖകരമായി തലവയ്ക്കാനായി ഉയരം ക്രമീകരിക്കാം. എസി, ലൈറ്റുകള്‍ എന്നിവയെല്ലാം എല്ലാ സീറ്റിലിരിക്കുന്നവര്‍ക്കും കിട്ടാവുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണുള്ളത്. വ്യക്തിഗത ആഡബരം പ്രദാനംചെയ്യാന്‍ കപ് ഹോള്‍ഡറില്‍വരെ എസി വെന്റ് ഒരുക്കി ശീതീകരണസംവിധാനം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന കാലാവസ്ഥയും റോഡുകളുമെല്ലാം ഒരേ രീതിയില്‍ താണ്ടാനാവുന്ന സജ്ജീകരണങ്ങളും ക്രിസ്റ്റയുടെ സവിശേഷതയായി ചൂണ്ടിക്കാട്ടാനാവും. കടല്‍ക്കരയില്‍നിന്നു ഹൈറേഞ്ചിലേക്കും കായല്‍ത്തീര വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുമെല്ലാം മടുപ്പില്ലാതെ ഒരേ രീതിയില്‍ ഡ്രൈവ്ചെയ്യാനാകും.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ക്രിസ്റ്റയ്ക്കുള്ളത്. 2.8 ലിറ്റര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് മോഡലിന് 14.29 കിലോമീറ്ററും 2.4 ലിറ്റര്‍ മാനുവല്‍ മോഡലിന് 15.10  കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. എക്കോ, പവര്‍ ഡ്രൈവിങ് മോഡുകള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇഎസ്ഡ് എക്സ്, വിഎക്സ്, ജിഎക്സ്, ജി എന്നിങ്ങനെ നാലു മോഡലില്‍ വാഹനം വിപണിയില്‍ ലഭിക്കും. ഇഎസ്ഡ് എക്സ്, വിഎക്സ് മോഡലുകള്‍ക്കാണ് ഓട്ടോമാറ്റിക് പതിപ്പുള്ളത്.

ഏറ്റവും കൂടിയ ഇഎസ്ഡ് എക്സ് മോഡലിന് ഏഴ് എയര്‍ബാഗും വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. ബ്ളാക്കിഷ് റെഡ്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവാന്ത്–ഗ്രേഡ് ബ്രോണ്‍സ, സില്‍വര്‍, ഗ്രേ, സൂപ്പര്‍വൈറ്റ് എന്നീ നിറങ്ങളില്‍ ക്രിസ്റ്റ ലഭ്യമാണ് 15,04,864 മുതല്‍ 21,10,073 രൂപവരെയാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top