25 April Thursday

2016 കാത്തിരിക്കുന്നു പുതിയ മോഡലുകള്‍ക്കായി

സി ജെ ഹരികുമാര്‍Updated: Sunday Jan 3, 2016

ഒരു പുതുവര്‍ഷംകൂടി പിറന്നുകഴിഞ്ഞു. 2015നെ അപേക്ഷിച്ച് 2016 വാഹനവിപണി കുറച്ചുകൂടി പ്രതിസന്ധി നേരിടുന്ന വര്‍ഷമാകാനാണ് സാധ്യത. ഡീസല്‍വാഹനങ്ങളുടെ നിയന്ത്രണവും. മലനീകരണപ്രശ്നങ്ങളില്‍ കോടതികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഇടപെടലാണ് ഇവയ്ക്ക് കാരണം. ഇവ മറികടക്കാനായി കമ്പനികളും ശ്രമമാരംഭിച്ചുകഴിഞ്ഞു. അതിന്റെ ചുവടുപിടിച്ച്  ഉപയോക്താക്കള്‍  കാത്തിരിക്കുന്ന ഡസനിലധികം പുതിയ മോഡലുകളാണ് 2016ല്‍ നിരത്തിലെത്തുക. അവയില്‍ പ്രധാനപ്പെട്ടവയാണ് ടൊയോട്ടയുടെ എക്കാലത്തയും ജനപ്രിയ മോഡലായ ഇന്നോവയുടെ പരിഷ്കരിച്ച പതിപ്പ്, മാരുതിയുടെ എസ്യുവി രൂപമുള്ള ഇഗ്നിസ്, ടാറ്റയുടെ ഹെക്സ, മാരുതിയുടെതന്നെ ഏഴ് സീറ്റുള്ള വാഗണ്‍ ആര്‍ എംപിവി എന്നിവ.

ടൊയോട്ട ഇന്നോവ

2005ല്‍ ഇറക്കിയ ഇന്നോവയുടെ ഏറ്റവും പുതിയ രൂപമാണ് 2016ല്‍ നിരത്തിലെത്തുന്നത്. ഇതിനോടകം ഇന്ത്യോനേഷ്യയില്‍ പുറത്തിറങ്ങിയ പുതിയ പതിപ്പിന് 15–20 ലക്ഷം രൂപവരെയാകും ഇന്ത്യന്‍ വിപണികളിലെ വില. പ്രകടനശേഷിയും ഇന്ധനക്ഷമതയും താരതമ്യേന കൂടുതലുള്ള എന്‍ജിനുകളാണ് പുതിയ ഇന്നോവയിലുള്ളത്.      2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാകും ഇവ എത്തുക. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനോടു ചേര്‍ത്തിട്ടുള്ളത്. പവര്‍ മോഡ്, ഇക്കോ മോഡ് എന്നിവയില്‍ വാഹനമോടിക്കാന്‍ സംവിധാനമുണ്ട്. റിയര്‍ ലാമ്പ് ഡിസൈനിലും റിയര്‍വ്യൂ മിററിലുമടക്കം പുതുമയുമായാണ് പുത്തന്‍ ഇന്നോവ വരിക. മുന്‍ ബമ്പര്‍ കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ട്. ചതുരാകൃതിയിലാണ് വാഹനത്തിലെ റിയര്‍ ലാമ്പുകള്‍. റിയര്‍വ്യൂ മിററില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ പിന്‍ഭാഗത്തിനും കാഴ്ചയില്‍ വലിയ വ്യത്യാസം നല്‍കിയിട്ടുണ്ട്. ഉന്നതനിലവാരത്തിലാണ് അകത്തളം ക്രമീകരിച്ചിരിക്കുന്നത്. മൂന്നാംനിര സീറ്റ് യാത്രക്കാര്‍ക്ക് എസി വെന്റടക്കം ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ പുതിയ ഇന്നോവ ഇന്ത്യന്‍വിപണിയില്‍ എത്തുമെന്നാണ് സൂചന.

മാരുതി ഇഗ്നിസ്

എസ്യുവി രൂപസാദൃശവുമായി എത്തുന്ന മാരുതിയുടെ ചെറു കാറാണ് ഇഗ്നിസ്. സുരക്ഷയ്ക്കും സാങ്കേതികവിദ്യക്കും പ്രാധാന്യം നല്‍കി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും എത്തുന്ന കാര്‍ വര്‍ഷാവസാനത്തോടെ വിപണിയിലെത്തും. മാരുതിയുടെ ലോഗോപതിച്ച ഹണി ക്രോമ്പ് ഗ്രില്ലാണ് വാഹനത്തിന്റെ മുന്‍ഭാഗത്തെ ആകര്‍ഷണമാക്കുന്നത്. എല്‍ഇഡി ബള്‍ബുകളാല്‍ ചുറ്റപ്പെട്ട ഹെഡ്ലാമ്പാണ് ഇഗ്നിസിനുള്ളത്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും, ഉയര്‍ന്ന നിലവാരമുള്ള ഇന്‍ഫോട്ടെയ്്ന്റ്മെന്റ് സിസ്റ്റവുമാണ് വാഹനത്തില്‍ മാരുതി ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുള്ള ഇഗ്നിസ് അഞ്ചുപേര്‍ക്ക് സുഖകരമായ യാത്രയൊരുക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. പെട്രാള്‍ ലിറ്ററിന് 15 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്ന ഇഗ്നിസിന് 4–6 ലക്ഷം രൂപവരെ വിലയാകാനാണ് സാധ്യത.

ടാറ്റ ഹെക്സ

ആര്യയുടെ പ്ളാറ്റ്ഫോമില്‍  ടാറ്റ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് ഹെക്സ. കഴിഞ്ഞവര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഒക്ടോബറില്‍ വിപണിയിലെത്തും. എസ്യുവി മോഡല്‍ വാഹനങ്ങളില്‍ ടാറ്റയുടെ മോഡലിനോടുള്ള പ്രിയം ഹെക്സയിലും ലഭിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

2.2 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനില്‍ എത്തുന്ന ഹെക്സയ്ക്ക് 4764 മി. മീറ്റര്‍ നീളവും 1895 വീതിയുമാണുള്ളത്.
പകലും പ്രകാശിക്കുന്ന ഹെഡ്ലാമ്പുകള്‍, ആകര്‍ഷകമായ ബമ്പര്‍, ഉയരം ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന മേന്മകള്‍. 19 ഇഞ്ച് അലോയ് വീലുകളാണ് സുഗമമായ സഞ്ചാരത്തിന് മുതല്‍ക്കൂട്ടാകുന്നത്. 13 മുതല്‍ 18 ലക്ഷംവരെയാകും വില.

മാരുതി വാഗണ്‍ ആര്‍ എംപിവി

കുറഞ്ഞ വിലയ്ക്ക് ഏഴ് സീറ്റുള്ള എംപിവി ആഗ്രഹിക്കുന്നവര്‍ക്കായി മാരുതി ഒരുക്കുന്ന ഏറ്റവും പുതിയ മോഡലാണ് വാണ്‍ ആര്‍ എംപിവി. ചിലപ്പോള്‍ 2016ലെ ഏറ്റവും ആകര്‍ഷകമായ വാഹനമാകും ഇത്. മാരുതിയുടെ ഏറെ സ്വീകാര്യതയുള്ള ചെറു കാര്‍ വാഗണ്‍ ആറിന്റെ പ്ളാറ്റ്ഫോമിലാണ് പുതിയ കാര്‍ നിര്‍മിക്കുന്നത്. ഉയര്‍ന്ന എക്സൈസ് ഡ്യൂട്ടി ഒഴിവാക്കാനായി നാല് മീറ്ററില്‍താഴെയാണ് വാഹനത്തിന്റെ നീളം.

നിലവിലെ വാഗണ്‍ ആറിന്റെ പിന്‍ഭാഗത്ത് ചില കൂട്ടിച്ചേര്‍ക്കല്‍ നടത്തി എന്നതൊഴിച്ചാല്‍ കാഴ്ചയില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല. 1.2 ലിറ്റര്‍  പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ പുതിയ വാഗണ്‍ ആര്‍ ലഭിക്കും. ഉയരം കൂടുതലുള്ളവര്‍ക്ക് മൂന്നാം നിര സീറ്റ് അല്‍പ്പം പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. ആഗസ്തില്‍ ഇന്ത്യന്‍ വിപണികളില്‍ പുറത്തിറക്കുന്ന വാഹനത്തിന് 5–6 ലക്ഷം രൂപവരെ വിലയാകാനാണ് സാധ്യത.
ഇവ കൂടാതെ മഹീന്ദ്രയുടെ ചെറു എസ്യുവി കെയുവി, ടാറ്റയുടെ പുതിയ സെഡാനായ സിക്ക, ഡാറ്റ്സണ്‍ റെഡി ഗോ, റെനോ ഡസ്റ്ററിന്റെ പുതുക്കിയ പതിപ്പ്, ഷെവര്‍ലെ സ്പിന്‍ തുടങ്ങി ഒരുഡസനിലധികം വാഹനങ്ങളാണ്  നിരത്തുകളിലെത്തുന്നത്. ഉപയോക്താവിന്റെ ആവശ്യാനുസരണം സുരക്ഷയ്ക്കും കരുത്തിനും സാങ്കേതിക തികവിനും മുന്‍തൂക്കം നല്‍കി പുതിയ മോഡലുകള്‍ എത്തുന്നതോടെ വാഹനവിപണിയില്‍ കടുത്ത മത്സരത്തിനാണ് 2016 സാക്ഷ്യംവഹിക്കേണ്ടിവരിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top