26 April Friday

സെസ് വര്‍ധന കാര്‍വിപണിക്ക് ആഘാതം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

സെസ് വര്‍ധിപ്പിച്ചത് കാര്‍വിപണിയില്‍ വലിയ ആഘാതമുണ്ടാക്കുമെന്നും ജിഎസ്ടി നടപ്പാക്കുന്നതിനുമുമ്പുള്ളതിനെക്കാള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഓഡി ഇന്ത്യ മേധാവി റഹില്‍ അന്‍സാരി പറയുന്നു. പ്രസക്തഭാഗങ്ങള്‍:

ആഡംബര വാഹനവിപണിയെ  ജിഎസ്ടി ബാധിച്ചോ?


രാജ്യത്തെ ആഡംബര കാര്‍വിപണി ഏതാണ്ട് രണ്ടുശതമാനത്തില്‍ താഴെയാണ്. ചെറുതാണെങ്കിലും ഏറെ സാധ്യതകളാണ് ഈ രംഗത്ത്. ഈ വ്യവസായരംഗത്ത് നികുതികള്‍ ഇപ്പോള്‍തന്നെ കൂടുതലാണ്. സെസ് വര്‍ധിപ്പിച്ചത് ആഡംബര കാര്‍വിപണിയില്‍ വലിയ ആഘാതമുണ്ടാക്കും. ജിഎസ്ടി നടപ്പാക്കുന്നതിനു മുമ്പുള്ളതിനെക്കാള്‍ വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും. ഇത് വില്‍പ്പനയില്‍ കുറവുണ്ടാക്കും. കമ്പനിയുടെ വരുമാനം കുറയ്ക്കും. ഡീലര്‍മാരുടെ വരുമാനവും സര്‍ക്കാരിനുള്ള നികുതിവരുമാനവും കുറയും. 10 ശതമാനം സെസ് വര്‍ധന എന്നാണ് കേള്‍ക്കുന്നത്. അതിലും കൂടിയാല്‍ നിരാശാജനകമാകും.

ഇലക്ട്രിക്/ഹൈബ്രിഡ് കാറുകള്‍ തരംഗമാകുമോ?

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വളരെ സാധ്യതയുണ്ട്. ഇതിനായി സര്‍ക്കാരിന്റെയും നിര്‍മാതാക്കളുടെയും സഹകരണവും അടിസ്ഥാനസൌകര്യങ്ങളും ഉണ്ടാകണം. ഒരുരാത്രികൊണ്ട് ഒന്നും സംഭവിക്കില്ല. ഡീലര്‍ഷിപ്പുകളില്‍മുതല്‍ വീടുകളില്‍വരെ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടാകണം. ഉപയോക്താക്കള്‍ക്ക് വൈദ്യുതിച്ചെലവ് എത്ര വരുമെന്ന് കണക്കാക്കണം. എങ്ങനെയാണ് ഇതെല്ലാം കൈവരിക്കുന്നത് എന്നതിനായി പ്രത്യേക രൂപരേഖ തയ്യാറാക്കണം. ആഗോളതലത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. 2020ല്‍ ഔഡി ആഗോളതലത്തില്‍ മൂന്ന്  ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാന്‍ പരിപാടിയിടുന്നുണ്ട്. 2025ല്‍ വില്‍ക്കുന്ന കാറുകളില്‍ മൂന്നിലൊന്നും ഇലക്ട്രിക് മോഡലുകളാകുമെന്നാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൌകര്യങ്ങള്‍ അനുയോജ്യമായാല്‍ ഇന്ത്യന്‍വിപണിയിലും ഇത്തരം വാഹനങ്ങള്‍ അവതരിപ്പിക്കും.

ഔഡിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകള്‍ ഏതൊക്കെയാണ്?


2017ല്‍ ഇന്ത്യയില്‍ 10 മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയത് ഔഡി എ3 കാബ്രിയോലെയാണ്. ജനപ്രിയ വാഹനമായ ഔഡി എ4-ന്റെ ഡീസല്‍ മോഡലും അവതരിപ്പിച്ചിരുന്നു. ഔഡി ക്യു3 പുതിയ എന്‍ജിന്‍ ഓപ്ഷനുകളോടെ ഉടന്‍ അവതരിപ്പിക്കുന്നതിനൊപ്പം ഏപ്രിലില്‍ പുതിയ ഔഡി എ3 സെഡാനും പുറത്തിറക്കും. ഔഡി എ5ഉം പുതിയ നിരയില്‍ അവതരിപ്പിക്കുന്നുണ്ട്. ഔഡി എ4, ഔഡി ക്യു3, ഔഡി എ3 കാബ്രിയോലെ എന്നിവയ്ക്ക് കേരളവിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്.
ഇന്ത്യയില്‍ 10 മോഡലുകള്‍ അവതരിപ്പിക്കും. ഇപ്പോള്‍ ഏഴ് മോഡലുകള്‍ നിരത്തിലിറക്കിക്കഴിഞ്ഞു. എണ്ണത്തെക്കാള്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ മേഖലകളിലേക്കു കടക്കുകയാണ് ലക്ഷ്യം. ഇതുവരെയില്ലാതിരുന്ന വിഭാഗങ്ങളില്‍ പുതിയ മോഡലുകള്‍ കൊണ്ടുവരും. ഔഡി എ5 ഉടന്‍തന്നെ വിപണിയിലെത്തും. കൂടുതല്‍ ഉപയോക്താക്കളുടെ വീട്ടുപടിക്കലേക്ക് എത്താനായി  ഔഡി മൊബൈല്‍ ടെര്‍മിനല്‍ എന്ന ലക്ഷ്വറി ഷോറൂം ഓണ്‍ വീല്‍സ്”ഈ വര്‍ഷം 40 നഗരങ്ങള്‍ സന്ദര്‍ശിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top