26 April Friday

ഓഫ്റോഡില്‍ പൊരുതാന്‍ ജീപ്പിന്റെ ട്രെയിൽഹോക്

സാബു പി ‐ ഓട്ടോസ്‌കാൻUpdated: Tuesday Jul 2, 2019

അക്ഷരാർഥത്തിൽത്തന്നെ ഇന്ത്യൻ റോഡുകൾ കീഴടക്കിയ വമ്പനാണ് ജീപ്പ്, കോമ്പസ് എന്ന എസ്‌യുവിയാണവർ അതിന് ആയുധമാക്കിയത്. ഇപ്പോഴിതാ ജീപ്പ് ഓഫ്റോഡ് യുദ്ധത്തിന് കോമ്പസ് ട്രെ‌യിൽഹോക‌് എന്ന പുതിയൊരു ഉശിരൻ വാഹനം ഇറക്കിയിരിക്കുകയാണ്. റോഡിനും ഓഫ്റോഡിനും ഒരുപോലെ ഇണങ്ങുമെന്നത് ട്രെയിൽഹോക്കിനെ ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇഷ്ടവാഹനമാക്കി മാറ്റാൻപോന്ന സവിശേഷതയാണ്.

പുതിയ മലിനീകരണനിയമങ്ങൾ രാജ്യത്ത‌് നടപ്പാക്കുന്നതിനു മുമ്പുതന്നെ 2.0 ലിറ്റർ, 173 പിഎസ്, 350 എൻഎം, ബിഎസ്  സ്റ്റേജ് 6 ടർബോ ഡീസൽ എൻജിനിൽ പുറത്തിറങ്ങുന്ന ആദ്യത്തെ കോംപാക്ട‌് എസ്‌യുവിയാണ‌് ഇതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഒമ്പത്  സ്പീഡ് ഓട്ടോമാറ്റിക് ​ഗിയർ ബോക്സാണ് ട്രെയിൽഹോക്കിനുള്ളത്.

നിരവധി മികച്ച ഫീച്ചറുകളുമായാണ് ജീപ്പ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. കോമ്പസിനേക്കാൾ ഇന്ധനക്ഷമത ആറുശതമാനം വർധിപ്പിച്ചിട്ടുണ്ട്. എൻജിൻ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, യു കണക്ട് നാവിഗേഷൻ, കുത്തനെയുള്ള ഇറക്കത്തിൽ സഹായമാകുന്ന ഹിൽ ഡീസൈന്റ് കൺട്രോൾ,  വിവിധ ഭൂപ്രദേശങ്ങളിൽ സഹായകമാകുന്ന ഓട്ടോ, സ്നോ, മഡ്, സാൻഡ്, റോക‌് മോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏഴിഞ്ച് ക്ലസ്റ്റർ ഡിസ്‌പ്ലേ, സ്റ്റീൽ അണ്ടർബോഡി സംരക്ഷണം എന്നിവയാണ് ജീപ്പ‌് ട്രെയിൽഹോക്കിന് നൽകിയിരിക്കുന്ന മറ്റു പ്രത്യേകതകൾ.

പുറംമോടിയിൽ മാറ്റങ്ങൾ കുറെക്കൂടി പ്രകടമാണ്. വെള്ളക്കെട്ടുകളിൽനിന്ന‌് സംരക്ഷണം നൽകത്തക്ക ഉയരം ട്രെയിൽഹോക്കിന്റെ തലയെടുപ്പ് കൂട്ടുന്നു. പരിഷ്കരിച്ച ബംബറുകൾ, മാറ്റ‌് ബ്ലാക‌് ഡിസൈൻ, റൂബീ റെഡ് റിയർ ടോ ഹുക്ക്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പും വൈപ്പറും, പരുത്ത റോഡുകൾക്കിണങ്ങുന്ന ടയറുകൾ എന്നിവയാണ് ഹോക്കിന്റെ മാറ്റുകൂട്ടുന്ന മറ്റു ​​ഘടകങ്ങൾ. 26.8 ലക്ഷം രൂപയാണ് ട്രെയിൽഹോക്കിന്റെ വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top