29 March Friday

വാഹന സ്ക്രാപ്പിങ് യൂണിറ്റ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


രാജ്യത്ത് ആദ്യമായി വാഹന സ്ക്രാപ്പിങ് യൂണിറ്റ് തുടങ്ങി. സുതാര്യവും പ്രകൃതിക്ക് ഇണങ്ങിയതുമായ രീതിയിൽ, ഉപയോഗശൂന്യമായ വാഹനങ്ങളെ റീസൈക്കിൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാരുതി സുസുകിയുടെയും ടൊയോട്ട സുഷോ ഗ്രൂപ്പിന്റെയും സംയുക്തസംരംഭം കേന്ദ്ര ട്രാൻസ്പോർട്ട് ആൻഡ് ഹൈവേമന്ത്രി നിതിൻ ഗഡ്കരി, യുപിയിലെ നോയിഡയിൽ ഉദ്‌ഘാടനം ചെയ്തു.


 

44 കോടി രൂപ മുതൽമുടക്കി 10,993 ചതുരശ്രമീറ്ററിൽ നിർമിച്ച ഈ സ്ഥാപനം, മാരുതി സുസുകി ടൊയോട്ട്സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എം‌എസ്‌ടി‌ഐ) വർഷത്തിൽ ഇരുപത്തിനാലായിരത്തിൽപ്പരം വാഹനങ്ങൾ റീസൈക്കിൾ ചെയ്യാൻ കഴിവുള്ളതാണ്. 1970 മുതൽ ജപ്പാനിൽ വാഹനങ്ങൾ റീസൈക്കിൾ ചെയ്തുവരികയാണ് ടൊയോട്ട സുഷോ ഗ്രൂപ്പ്. ആധുനികവും ശാസ്ത്രീയവുമായ രീതിയിൽ വാഹനങ്ങളെ പൊളിക്കാൻ കഴിവുള്ള യന്ത്രങ്ങളാണ് എം‌എസ്‌ടി‌ഐയിൽ  ഉപയോഗിക്കുന്നത്. ഈ യന്ത്രങ്ങൾ എല്ലാംതന്നെ ഇന്ത്യയിൽ നിർമിച്ചതാണെന്ന പ്രത്യേകതകൂടിയുണ്ട്. എൻഡ് ഓഫ് ലൈഫ് വെഹിക്കിളു (ഇ‌എൽ‌വി)കളിൽനിന്ന്‌ ഉണ്ടാകാൻ സാധ്യതയുള്ള ഖര, ദ്രവ, വാതക മാലിന്യങ്ങൾ പ്രകൃതിയിലേക്ക് എത്താതെ സൂക്ഷിക്കുന്ന ലോകോത്തരനടപടിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

യോഗ്യതയില്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളെ ശാസ്ത്രീയമായി ഇന്ത്യൻ റോഡുകളിൽനിന്ന്‌ മാറ്റുന്നതിനായി ഇത്തരം സ്ഥാപനങ്ങൾ രാജ്യത്ത്‌ എല്ലായിടത്തും തുടങ്ങാൻ മന്ത്രി ഗഡ്കരി ആഹ്വാനം ചെയ്തു. ഉപയോഗശൂന്യമായ വാഹനങ്ങളെ ശാസ്ത്രീയമായി നീക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള ആരോഗ്യകരമായ രീതികൾ ഇന്നുവരെ ഇന്ത്യയിൽ ഇല്ലായിരുന്നു. ഇതൊരു തുടക്കംമാത്രമാണെന്നും ആവശ്യം അനുസരിച്ച്, ഇതുപോലെയുള്ള സ്ഥാപനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും തുടങ്ങാൻ എം‌എസ്‌ടി‌ഐ പ്രതിജ്ഞാബദ്ധമാണെന്ന് എം‌എസ്‌ടി‌ഐ ചെയർമാനും മാരുതി സുസുകി മാനേജിങ് ഡയറക്ടറുമായ കെനിച്ചി ആയുകാവ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top