26 April Friday

വെെദ്യുതിയിൽ കുതിക്കാം 
ചാർജിങ് സ്‌റ്റേഷൻ റെഡി

എസ്‌ സിരോഷUpdated: Tuesday Sep 7, 2021

കാഞ്ഞിരപ്പുഴ ഇലക‍്ട്രിക് ചാർജിങ് സ‍്റ്റേഷൻ

പാലക്കാട്‌ 
ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രചാരം കൂടുമ്പോൾ ചാർജിങ് സ്‌റ്റേഷനുകൾക്ക്‌ തുടക്കമിട്ട്‌ ജില്ല. 142 കിലോവാട്ട്‌ ശേഷിയുള്ള  ആദ്യ അതിവേഗ വൈദ്യുത വാഹന ചാർജിങ് കേന്ദ്രം കാഞ്ഞിരപ്പുഴ അണക്കെട്ടിന്‌ സമീപം തുറന്നു.  ഇലക്‌ട്രിക്‌ വാഹന ബുക്കിങ്ങിൽ രാജ്യത്ത്‌  സംസ്ഥാനം രണ്ടാമതെത്തിയപ്പോൾ ചാർജിങ്ങിന്‌ കൂടുതൽ സൗകര്യമൊരുക്കാൻ എൽഡിഎഫ്‌ സർക്കാർ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ചാർജിങ്‌ സ്‌റ്റേഷൻ പ്രഖ്യാപിച്ചത്‌. 
 
കാഞ്ഞിരപ്പുഴയിലെ കേന്ദ്രത്തിൽ ഒരേസമയം മൂന്ന്‌ വാഹനം ചാർജ്‌ ചെയ്യാം. ഒരു വാഹനം പൂർണമായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ. പത്തു വർഷത്തേക്കാണ്‌ കരാർ. ചാർജ് ചെയ്യുന്ന വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 70 പൈസ നിരക്കിൽ ജലസേചന വകുപ്പിന്‌ ലഭിക്കും. ഭാവിയിൽ ഇറങ്ങുന്ന വാഹന മോഡലുകൾക്കും ഉപകാരമാകും വിധമാണ്‌ ചാർജിങ് കേന്ദ്രം. ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ 13 രൂപയും ജിഎസ്‌ടിയുമടക്കം 15 രൂപയാണ്‌ ഈടാക്കുക. 20 ലക്ഷം രൂപ ചെലവിൽ അനെർട്ടാണ്‌ കേന്ദ്രം സജ്ജമാക്കിയത്‌. എനർജി എഫിഷ്യൻസി സർവീസസ്‌ ലിമിറ്റഡാണ്‌ നിർമാതാക്കൾ. വാഹനം ചാർജ്‌ ചെയ്‌താൽ  പണം ഓൺലൈനായി അടയ്‌ക്കാം. ഒരു വണ്ടിക്ക്‌ 20 മുതൽ 40 യൂണിറ്റ്‌ വരെ വൈദ്യുതി ചാർജ്‌ ചെയ്യാം.
 
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്‌ സംസ്ഥാനത്ത്‌ ആരംഭിക്കുന്ന ആദ്യ ചാർജിങ് സ്‌റ്റേഷനാണിത്‌. കൊല്ലം ചവറയിലും ഇടുക്കി ഡിടിപിസിയിലും സ്‌റ്റേഷൻ തയ്യാറായി. ഉദ്‌ഘാടനം  ഉടൻ  ഉണ്ടാകുമെന്ന്‌ അനെർട്ട്‌ ഇ മൊബിലിറ്റി സെൽ തലവനും ടെക്‌നിക്കൽ മാനേജരുമായ ജെ മനോഹരൻ പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത്‌ അഞ്ച്‌  ചാർജിങ് സ്‌റ്റേഷൻ സജ്ജമാക്കി. ഇവ വിജയകരമാണ്‌.

■ മാളുകളിലും 
ഹോട്ടലുകളിലും ചാർജിങ്

കൂടുതൽ പേർ ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക്‌ മാറുമ്പോൾ കൂടുതൽ ചാർജിങ്  കേന്ദ്രങ്ങൾ വേണം.  അനെർട്ടിന്റെ നേതൃത്വത്തിൽ ഇതിന്‌ പദ്ധതി തയ്യാറാക്കി. ദേശീയ പാതയിലും മറ്റ്‌ പ്രധാന പാതകളിലുമുള്ള മാളുകളിലും ഹോട്ടലുകളിലും  അതിവേഗ ചാർജിങ് സ്‌റ്റേഷൻ സ്ഥാപിക്കും. നടപടി പുരോഗമിക്കുന്നു. അഞ്ചു സെന്റ്‌ സ്ഥലം പത്തു വർഷത്തേക്ക്‌ വാടകയ്‌ക്ക്‌ ലഭിച്ചാൽ കേന്ദ്രം സജ്ജമാക്കാം. 50 ശതമാനം സബ്‌സിഡിയിൽ അനെർട്ട്‌ വഴി കേന്ദ്രം സ്ഥാപിക്കാം.  ഒരു വാഹനം പൂർണമായും ചാർജ്‌ ചെയ്‌താൽ പരമാവധി 200 മുതൽ 300  കിലോമീറ്റർവരെ യാത്ര ചെയ്യാം. ഇത്തരം ദീർഘ ദൂര യാത്രികർക്ക്‌ സ്‌റ്റേഷൻ ഉപകാരമാകും.

■ ഇലക്‌ട്രിക്‌ വാഹനങ്ങൾ 
നിരത്ത്‌ കീഴടക്കും

ഇലക്‌ട്രിക്‌ വാഹനങ്ങൾ അതിവേഗം നിരത്ത്‌ കീഴടക്കുമെന്നാണ്‌ പ്രതീക്ഷ. പെട്രോൾ, ഡീസൽ വില വർധന നട്ടെല്ലൊടിക്കുമ്പോൾ ഇലക്‌ട്രിക്‌ വാഹനമാണ്‌ പ്രധാന ബദൽ. കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ ഇലക്‌ട്രിക്‌ കാർ രജിസ്‌ട്രേഷൻ 200 മുതൽ 300 വരെ മാത്രമാണെങ്കിൽ ഈ വർഷം ഇതുവരെ 850 കടന്നു. മഹാരാഷ്‌ട്രക്ക്‌ പിന്നിൽ രണ്ടാമതാണ്‌ സംസ്ഥാനം. സംസ്ഥാനത്ത്‌ സർക്കാർ ഓഫീസുകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി മലിനീകരണം കുറയ്‌ക്കാൻ ഇലക്‌ട്രിക്‌ വാഹനം ഉപയോഗിക്കുമെന്ന നയം സംസ്ഥാന സർക്കാർ വ്യക്തമാക്കിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top