26 April Friday

കൃത്രിമബുദ്ധി ഫീച്ചർ ചെയ്ത്‌ എം‌ജി ആസ്റ്റർ

സുരേഷ് നാരായണന്‍ Updated: Wednesday Oct 6, 2021

കണക്‍റ്റഡ് എന്നു വിശേഷിപ്പിച്ച്‌ ആദ്യത്തെ ഇന്റർനെറ്റ് കാർ ഹെക്ടർ എം‌ജിയാണ്‌ ഇന്ത്യൻനിരത്തിൽ ഇറക്കിയത്. അതുകഴിഞ്ഞ്‌ ഏറെക്കാലം വേണ്ടിവന്നില്ല ഒരു സ്കൂട്ടർ കണക്‍റ്റഡാകാൻ. ഇപ്പോൾ ഇതാ കൃത്രിമബുദ്ധി ഫീച്ചർ ചെയ്ത്‌ ആസ്റ്റർ എന്ന എസ്‌യു‌വിയുമായി എം‌ജി വീണ്ടും എത്തിയിരിക്കുന്നു. ഹെക്ടറിന് കിട്ടിയ സ്വീകരണം ആസ്റ്ററിനും പ്രതീക്ഷിക്കാമോ എന്നുനോക്കാം. 

പുറമെനിന്ന്‌ നോക്കുമ്പോൾ വലുപ്പക്കുറവ് തോന്നുമെങ്കിലും പ്രതിയോഗികളായ ഹുൺഡായ് ക്രേറ്റ, കിയ സെൽടോസ് എന്നിവയേക്കാൾ നീളവും വീതിയും ഉയരവും കൂടുതലാണ് ആസ്റ്ററിന്. എം‌ജിയുടെ തന്നെ ഇലക്ട്രിക് വാഹനമായ സെഡ്‌എസിന്റെ ഛായ തോന്നുമെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ല; ചെറിയ മാറ്റങ്ങൾ വരുത്തിയ സെഡ്‌എസിന്റെ ഷെല്ല് തന്നെയാണ് ആസ്റ്ററിന്റേതും.  എടുത്തുപറയാവുന്ന മാറ്റം, താരാപഥം പോലെ പുറത്തേക്ക് പ്രസരിക്കുന്ന ഗ്രിൽതന്നെയാണ്. ഹാവ്ക് ഐ ഹെഡ് ലാമ്പും ബമ്പറിൽ താഴ്ന്നിരിക്കുന്ന ഫോഗ് ലാമ്പും ചേർന്ന് ആസ്റ്ററിന്റെ മുൻവശം ആകർഷകമാക്കുന്നു. വശങ്ങളിൽ അഞ്ച് ഡയമണ്ടുള്ള  17 ഇഞ്ച് അലോയ് വീൽ സെഡ്‌എസിൽനിന്ന്‌ വ്യത്യസ്‌തമാണ്. ചുവന്ന കാലിപ്പറുള്ള ഡിസ്ക് ബ്രേക്കാണ് മുന്നിലും പിന്നിലും.  കൂടാതെ, എ‌ഐ ഇൻസൈഡ് എന്ന ബാഡ്ജ് താഴെയും വീൽ ആർച്ചിന് മുകളിലായി ബ്രിട്ടീഷ് ഫ്ലാഗിന്റെ ഡിസൈനുള്ള ബ്രിട്ട് എന്നെഴുതിയ സ്റ്റാമ്പും കാണാം. ഇങ്ങനെ ഒരു സ്റ്റാമ്പിന്റെ ആവശ്യമുണ്ടോയെന്ന്‌  തോന്നും.


 

ഹെഡ്‌ലാമ്പിൽ തുടങ്ങി പിൻ ഡോറിന്റെ ഹാൻഡിൽ എത്തുമ്പോൾ  ഫേഡായി അൽപ്പം മുകളിൽനിന്ന്‌ പിന്നേയും തുടങ്ങി ടെയ്ൽ ലാമ്പിൽ എത്തുന്നത് വശങ്ങൾക്ക് സ്ട്രോങ്ങായ ഒരു ലുക്ക് കൊടുക്കുന്നു. കറുത്ത സ്കേർട്ട് കാറിന് ഉയരക്കൂടുതൽ ഉള്ളതായി തോന്നിപ്പിക്കുന്നു. ഖണ്ഡങ്ങൾ ആക്കിയ ത്രിമാന ടെയ്ൽ ലാമ്പ് ആസ്റ്ററിന്റെ പിൻഭാഗം ഓർമയിൽ നിർത്തുന്നു. അഷ്ടകോണമായ എം‌ജി ബാഡ്ജ് അമർത്തിയാൽ ടെയ്ൽ ഗേറ്റ്‌ തുറക്കുന്നു. എ‌ഡി‌എ‌എസ് ബാഡ്‌ജും പിന്നിൽ കാണാം.

ചുവന്ന നൂലുകൊണ്ട് തുന്നിയ മുഴുവനായി കറുത്തത്, ചുവപ്പും കറുപ്പും ചേർന്ന ഡ്യുവൽ ടോൺ എന്നിങ്ങനെ കാറിന്റെ അകം രണ്ട് കളർ സ്കീമുകളിൽ ലഭ്യമാണ്. മൂന്ന് സ്പോർക്കുകളുള്ള ഫ്ലാറ്റ് ബോട്ടം  സ്റ്റീറിങ്‌ വീൽ കൃത്രിമ തുകൽ പൊതിഞ്ഞ്‌ ഭാഗികമായി പെർഫോററ്റെഡാണ്.  ഡ്യുവൽ കളർ സ്കീമിൽ സീറ്റുകളുടെ മുൻവശം ചുവപ്പും പിന്നിൽ കറുപ്പും കൊടുത്തിരിക്കുന്നു. ഡാഷ് ബോർഡിലും ബ്രിട്ട് ബാഡ്ജ് കാണാം. പിൻ സീറ്റ് സെഡ്‌എസിനേക്കാൾ സുഖപ്രദവും സ്ഥലസൗകര്യമുള്ളതുമാണ്.

മോർമൽ, അർബൻ, ഡൈനാമിക് എന്നിങ്ങനെ മൂന്ന് മോഡുകളുള്ള ഇലക്ട്രോണിക് പവർ സ്റ്റീറിങ്‌, ഈ സെഗ്‌മെന്റിൽ ആദ്യമായി ആസ്റ്ററിൽ കൊടുത്തിരിക്കുന്നു. മഴയുടെ ശക്തി അനുസരിച്ച് വേഗം കൂടുകയും കുറയുകയും ചെയ്യുന്ന വൈപ്പറുകൾ, ഓട്ടോ ഹെഡ് ലാമ്പുകൾ, 5 യു‌എസ്‌ബി ചാർജിങ് പോയിന്റുകൾ, പിന്നെ പ്രത്യേകം പറയേണ്ട കാര്യം ഡിജിറ്റൽ കീ ആണ്. ബ്ലൂ ടൂത്ത് വഴി പിൻ നമ്പറിന്റെ സഹായത്തോടെ കാർ തുറക്കുകയും സ്റ്റാർട്ട് ആക്കുകയും ചെയ്യാം. ബ്ലൂ ടൂത്ത് വഴി ആയതിനാൽ ഇന്റർനെറ്റ് കണക്ഷന്റെ ആവശ്യവും ഇല്ല.

കാറിനകത്തേക്ക് കയറുമ്പോൾ സ്വാഗതം ചെയ്ത്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ്‌  ഡാഷ് ബോർഡിൽ കാണാം.  നമ്മൾ കൊടുക്കുന്ന കമാൻഡുകൾ, ശബ്ദം വരുന്ന ദിശയിലേക്ക് നോക്കി  അനുസരിക്കുകയും മറുപടി പറയുകയും ചെയ്യുന്നു. ഹിന്ദി ചുവ കലർന്ന മുപ്പത്തഞ്ചോളം കമാൻഡുകൾ മനസ്സിലാക്കാനും പോകപ്പോകേ മെച്ചപ്പെടുത്താനും ഈ അസിസ്റ്റന്റിന് കഴിയും. വാർത്തകൾ, ഫലിതങ്ങൾ, ജനറൽ നോളജ് ചോദ്യങ്ങൾക്ക്  വിക്കിപീഡിയ ബേസ് ചെയ്തുള്ള ഉത്തരങ്ങളും ഈ അസിസ്റ്റന്റിന്റെ പക്കൽ ഉണ്ട്.

ബോഷ് നിർമിച്ച എ‌ഡി‌എ‌എസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ലെവൽ രണ്ട് ആണ് ആസ്റ്ററിൽ ഉള്ളത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ലേൻ കീപ്പ് അസിസ്റ്റ് ആണ്. ഇതിൽ വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വരിയിൽനിന്ന്‌ മാറിപ്പോകുകയാണെങ്കിൽ ഡ്രൈവർക്ക് സൂചന നൽകുകയും സ്വയം വാഹനത്തെ വരിയിലേക്ക് കൊണ്ടുവരാനും കഴിയും. മറ്റൊന്ന്, റിയർ ഡ്രൈവ് അസിസ്റ്റ് ആണ്. വാഹനം പിന്നിലേക്ക് എടുക്കുമ്പോൾ വശങ്ങളിൽനിന്നുവരുന്ന മറ്റ് വാഹനങ്ങളെ തിരിച്ചറിഞ്ഞ്‌ ഡ്രൈവർക്ക് സൂചന നൽകുന്നു. അതുപോലെതന്നെ ലേൻ ചേഞ്ച് അസിസ്റ്റ്, മറ്റ് വരിയിൽ വരുന്ന വാഹനങ്ങളെ തിരിച്ചറിഞ്ഞ്‌ ഒആർ‌വി‌എമ്മിൽ ഇൻഡിക്കേഷൻ നൽകുന്നു.  മുന്നിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ദൂരം മനസ്സിലാക്കി സുരക്ഷമായ അകലം പാലിക്കുകയും ആ വാഹനം നിർത്തുകയാണെങ്കിൽ ഈ വാഹനം സ്വയം നിർത്താനും കഴിയുന്നു. സ്പീഡ് അസിസ്റ്റ് സിസ്റ്റം, റോഡരികിലുള്ള സൈൻ  ബോർഡിലുള്ള വേഗപരിമിതി മനസ്സിലാക്കി ആ പരിമിതി മറികടക്കാൻ ഡ്രൈവറെ അനുവദിക്കില്ല. ആക്സിലറേറ്റർ അമർത്തിയാലും പ്രയോജനം ഉണ്ടാകില്ല. ഇതെല്ലാം കുഴപ്പം കൂടാതെ കൃത്യമായി ആസ്റ്ററിൽ പ്രവർത്തിക്കുന്നു. മാപ്പ് മൈ ഇന്ത്യ, സാവൻ, പാർക് പ്ലസ് മുതലായ എൺപതിൽപ്പരം കണക്ടഡ് ഫീച്ചറുകളാണ് ആസ്റ്ററിൽ യാത്രക്കാരുടെ വിനോദത്തിനായി ഉള്ളത്.

സുരക്ഷയ്ക്കായി ആറ് എയർ ബാഗുകൾ, എ‌ബി‌എസ്, ഇ‌ബി‌ഡി, ഇ‌എസ്‌പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, എമർജൻസി ബ്രേക്ക്‌ സിഗ്നൽ, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്ക്‌, ഓട്ടോ ഹോൾഡ് ഉള്ള ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി വ്യൂ കാമറ എന്നിവ കൂടാതെ,  ഈ സെഗ്‌മെന്റിൽ ആദ്യമായി ഹിൽ ഡിസെൻറ്  കൺട്രോൾ, ഹീറ്റഡ് ഒആർ‌വി‌എമ്മും ചേർന്ന് ആസ്റ്ററിലെ യാത്ര സുരക്ഷിതമാക്കുന്നു.

ആസ്റ്ററിൽ രണ്ടുതരം എൻജിനുകളാണ് ഉള്ളത്. 6000 ആർ‌പി‌എമ്മിൽ 110 പി‌എസ് പവറും  4400 ആർ‌പി‌എമ്മിൽ 144 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1498 സി‌സി വി‌ടി‌ഐ ടെക് എൻജിൻ 5 സ്പീഡ് മാനുവൽ ഗിയർ ബോക്സിനോടും 8 സ്പീഡ് സി‌വി‌ടി ഗിയർ ബോക്സിനോടും ബന്ധിപ്പിച്ചിരിക്കുന്നു. രണ്ടാമത്തെ വേരിയന്റ്‌  1349സി‌സി 220 ടർബോ ചാർജ്ഡ് എൻജിൻ  6 സ്പീഡ് ടോർക് കോൺവെർടർ ഓട്ടോമാറ്റിക് ഗിയർ ബോക്സിനോടും ബന്ധിപ്പിച്ചിരിക്കുന്നു. ഡീസൽ എൻജിന്റെ ചെലവ് കുറഞ്ഞുവരുന്ന ഇക്കാലത്ത് ആസ്റ്ററിൽ ഡീസൽ എൻജിന്റെ  അഭാവം ഒരു കുറവായി തോന്നുന്നില്ല. വളവുകളിൽ ബോഡി റോൾ ഉണ്ടെങ്കിലും കുഴികളും മറ്റും ഉണ്ടാക്കുന്ന കുലുക്കത്തെ ക്യാബിനിലേക്ക് എത്തിക്കാതെ സസ്പെൻഷനുകൾ അബ്സോർബ് ചെയ്യുന്നു.

സ്പൈസ്ഡ് ഓറഞ്ച്, അറോറ സിൽവർ, ഗ്ലേസ് റെഡ്, ക്യാണ്ടി വൈറ്റ്, സ്റ്റാറി ബ്ലാക്ക്‌ എന്നിങ്ങനെ അഞ്ചുനിറങ്ങളിൽ  എം‌ജി ആസ്റ്റർ ലഭ്യമാണ്. ആസ്റ്ററിന്റെ എക്സ് ഷോറൂം വില 9.78 ലക്ഷം രൂപ മുതല്‍ 16.78 ലക്ഷം വരെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top