28 March Thursday

മെർസെഡിസ് ബെൻസ് സി ക്ലാസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

സാദൃശ്യംകൊണ്ട് ‘ബേബി എസ് ക്ലാസ്‌’ എന്നറിയപ്പെടുന്ന മെർസെഡിസ് ബെൻസ് സി ക്ലാസ്‌ ആദ്യമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 2001ൽ ആണ്. ആ ഡബ്ല്യു203 എന്ന മൂന്നാംതലമുറ സി ക്ലാസിന്റെ വില 21 ലക്ഷം രൂപയായിരുന്നു. എസ് ക്ലാസുമായുള്ള  സാദൃശ്യം ഡബ്ല്യു205 തലമുറമുതലാണ് കാണാൻ തുടങ്ങിയത്. വിൽപ്പന നയത്തിന്റെ ഭാഗമായി മനഃപൂർവം വരുത്തിയ ഈ സാദൃശ്യം  സി ക്ലാസിന്റെ വിൽപ്പനയെ സഹായിച്ചു എന്നു പറയാതെ വയ്യ! ഇന്ന് മെർസെഡിസ് ബെൻസ് ഇന്ത്യയിൽ വിറ്റഴിക്കുന്ന കാറുകളിൽ മുൻപന്തിയിലുണ്ട് സി ക്ലാസ്‌!

സി200, സി220ഡി, സി300ഡി എന്നിങ്ങനെ മൂന്നു ഓപ്ഷനുകളിലാണ് സി ക്ലാസ് ലഭിക്കുന്നത്. ഇതിൽ സി200ലെ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ  ഉൽപ്പാദിപ്പിക്കുന്നത് 204 ഹോഴ്സ് പവറും 300 ന്യൂട്ടൻ മീറ്റർ ടോർക്കും ആണ്. 440 ന്യൂട്ടൻ മീറ്റർ ടോർക്കും 200 എച്ച്‌പിയും പുറപ്പെടുവിക്കുന്ന 2 ലിറ്റർ ഡീസൽ എൻജിനാണ് സി220ഡിയിൽ ഉള്ളത്. എന്നാൽ, ഇതേ എൻജിൻ അൽപ്പം പവർ ഔട്ട്പുട്ട് കൂടുതലുള്ള, അതായത്, 250 എച്ച്‌പിയും 500 ന്യൂട്ടൻ മീറ്റർ ടോർക്കും ആണ് സി300 ഡിയുടേത്. ഇതിൽ 300ഡി എ‌എം‌ജി ട്രിമ്മിലാണ് ലഭിക്കുന്നത്.   

എടുത്തുപറയാവുന്ന മെർസെഡിസ് ബെൻസ് ഫാമിലി ലുക്ക്, സ്ട്രോങ് ബോഡി, പിന്നെ സുഖപ്രദമായ യാത്ര, ഇതെല്ലാം സിക്ലാസിൽ തുടക്കംമുതലേ ഉള്ളതാണ്. ഗ്രില്ലിന് നടുക്ക് വലിയ ത്രീ പോയിന്റഡ് സ്റ്റാർ, വശങ്ങളിലേക്ക് നീളുന്ന ക്രോം ഗാർണിഷ് സി 200ൽ കൊടുത്തിരിക്കുമ്പോൾ ഗാലക്സിപോലെ നക്ഷത്രങ്ങൾക്ക് നടുവിൽ എംബ്ലം കൊടുത്തിരിക്കുന്നതാണ് സി 300ഡി ഗ്രിൽ. വ്യത്യസ്ത ഡിസൈനിലുള്ള 18 ഇഞ്ച് വീലാണ് 300ഡിയിൽ ഉള്ളതെങ്കിൽ 200നും 220നും കിട്ടുന്നത് 17 ഇഞ്ച് വീലാണ്. പഴയ കാറിനെക്കാൾ നീളവും വീൽബേസും കൂടുതലാണ് പുതിയതിന്. മുന്നിലേക്കാൾ പിന്നിൽനിന്നുള്ള നോട്ടമാണ് എസ് ക്ലാസിനെ ഓർമപ്പെടുത്തുന്നത്, പ്രത്യേകിച്ച് വക്രമായ ബൂട്ട്‌ലൈൻ, ലളിതമായ സി300ഡി ബാഡ്ജിങ് പിന്നെ ടെയിൽ പൈപ്പിലെ ക്രോം ഗാർണിഷിങ്.  

എസ് ക്ലാസിൽ ഇരിക്കുമ്പോൾ തോന്നുന്ന  സുഖവും അനുഭവവുമാണ് സി ക്ലാസിൽ ഇരിക്കുമ്പോഴും ഉള്ളത്.  വെറും സാദൃശ്യം മാത്രമല്ല എസ് ക്ലാസുമായിട്ടുള്ളത്, കാർ ടു എക്സ് കമ്യൂണിക്കേഷൻ ടെക്നോളജിയുള്ള 11.9 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം എസ് ക്ലാസിൽനിന്ന്‌ കടമെടുത്താണ് സി ക്ലാസിൽ  കൊടുത്തിരിക്കുന്നത്. മെർസെഡിസ് മി ഫീച്ചർ ഉള്ള പുതിയ തലമുറ എം‌ബി‌യു‌എക്സ് എൻ‌ടി‌ജി 7.0 മൾട്ടി മീഡിയ സിസ്റ്റവും എസ് ക്ലാസിൽനിന്ന്‌ എടുത്തതാണ്. കാറിന്റെ നീളക്കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് പിന്നിലെ യാത്രക്കാർക്കുവേണ്ടിയാണ്. ഹെഡ് റൂം ഷോൾഡർ റൂം എന്നിവ പുതിയ സിയിൽ വർധിച്ചിരിക്കുന്നു. കാഴ്ചയിലും സുഖസ്ഥലസൗകര്യത്തിലും പ്രകടനത്തിലും  ഈ സെഗ്‌മെന്റിലുള്ള കാറുകൾക്ക് ഉദാഹരണം ആകുകയാണ് പുതിയ സി ക്ലാസ്‌ എങ്കിലും 55 ലക്ഷം രൂപമുതൽ 61 ലക്ഷം രൂപവരെയുള്ള എക്സ് ഷോറൂം വില അൽപ്പം കൂടുതൽതന്നെയാണ്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top