28 March Thursday

മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു; 2020 മുതൽ വിൽപ്പനയും അവസാനിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

കൊച്ചി> രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുകി ഡീസൽ കാറുകളുടെ നിർമ്മാണം ഘട്ടം ഘട്ടമായി നിർത്തുന്നു. ഭാരത് 6 വ്യവസ്ഥ പ്രാബല്യത്തിൽ വരുന്ന 2020 ഏപ്രിൽ ഒന്ന് മുതൽ കമ്പനി ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തുകയും ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി ചെയർമാൻ ആർ സി ഭാർ​ഗ പറഞ്ഞു. രാജ്യത്തെ വാഹന നിർമ്മാണ മേഖലയിൽ സമീപ കാലത്ത് ഉണ്ടായ ഏറ്റവും വലിയ വാർത്ത എന്ന നിലയ്ക്കാണ് വിപണി ഈ പ്രഖ്യാപത്തെ സ്വീകരിച്ചത്.

ചെറുകാറുകളുടെ ഡീസൽ എഞ്ചിൻ ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയർത്തുന്നത് ചെലവേറിയ പ്രക്രിയയാണ്.  സ്വാഭാവികമായും ഡീസൽ വാഹനങ്ങളുടെ വിലയിൽ വൻ വർദ്ധന വേണ്ടി വരും. ഇത് മാരുതിയുടെ ഉപയോക്താക്കൾക്ക് താങ്ങാനാകാതെ വരികയും ഡീസൽ കാറുകളുടെ ഡിമാൻറിൽ വൻ കുറവ്  ഉണ്ടാകുകയും ചെയ്യും എന്ന കണക്കുകൂട്ടലാണ് ഡീസൽ കാറുകളുടെ നിർമ്മാണം അവസാനിപ്പിക്കുന്നതിന‌് മാരുതിയെ രേപരിപ്പിച്ചത്.

തങ്ങളുടെ ഡീസൽ കാർ ഉപയോക്താക്കളെ സിഎൻജിയിലെക്കോ പെട്രോളിലേക്കെ മാറാൻ പ്രേരിപ്പിക്കുന്നതിന‌് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും മാരുതിയുടെ കൂടുതൽ  സിഎൻജി മോഡലുകൾ ഇറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഭാരത് സ്റ്റേജ് 6 വ്യവസ്ഥ നിലവില്‍ വന്ന ശേഷം, വിപണിയില്‍ മികച്ച ഡിമാന്‍റ് ഉണ്ടെങ്കില്‍ 1500 സിസിയുടെ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കുന്ന കാര്യം പരി​ഗണിക്കുമെന്നും ഭാര്‍​ഗവ വ്യക്തമാക്കി.

ഇഗ്നിസ‌്, സിഫ്റ്റ്, ഡിസയര്‍, ബലേനൊ, വിറ്റാര ബ്രീസ, എര്‍ട്ടി​ഗ, സിയാസ്, എസ് ക്രോസ് എന്നിവയാണ് വിപണിയിലുള്ള മാരുതി സുസുക്കി ഡീസല്‍ കാറുകള്‍. മാരുതിയുടെ  ആകെ വിൽപ്പനയുടെ 23 ശതമാനം ഡീസൽ കാറുകളാണ്. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.53 ലക്ഷം യൂണിറ്റുകളാണ് മാരുതി ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. കഴിഞ്ഞ ദിവസം മാരുതി ജനപ്രിയ മോഡലായ ബലാനോയും ഓള്‍ട്ടോയും ഭാരത് സ്റ്റേജ് 6 നിലവാരത്തില്‍ വിപണിയിലിറക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിസയറും സിഫ്റ്റും ഭാരത് സ്റ്റേജ് 6 ല്‍ ഇറക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top