27 April Saturday

മാരുതി സുസൂകി സെലെരിയോ; രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച് ബാക്ക്

സുരേഷ് നാരായണൻUpdated: Wednesday Nov 24, 2021

ഇരുചക്രവാഹനങ്ങളിൽനിന്ന്‌ നാലുചക്രത്തിലേക്ക് മുന്നേറുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് മാരുതി സുസൂകി രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച് ബാക്കുമായി എത്തുന്നു. ഈ രണ്ടാംതലമുറ സെലെരിയോയുടെ ഇന്ധനക്ഷമത 26.68 പ്രതിലിറ്ററാണ്! നീണ്ട ഒരിടവേളയ്‌ക്കുശേഷമാണ് മാരുതി സുസൂക്കിയിൽനിന്ന്‌ ഒരു ഉൽപ്പന്നം വിപണിയിൽ ഇറങ്ങുന്നത്. നാല് മീറ്ററിൽ താഴെ നീളമുള്ള ഈ ഹാച്ച് ബാക്ക്‌ അവലംബിക്കുന്നത് അഞ്ചാംതലമുറ ഹാർടെക്ട് പ്ലാറ്റ്ഫോമിനെയാണ്. പഴയ സെലെരിയോയെ അപേക്ഷിച്ച് 55എം‌എം വീതി കൂടുതലാണ് പുതിയതിന്. 

പഴയ സെലെരിയോയെ റൗണ്ട് ഷേപ്പ് കൊടുത്ത് ക്ലാസിക് ലുക്ക് ആക്കിയിരിക്കുന്നു. ഫ്ലോട്ടിങ് ഡിസൈൻ ആയിരുന്ന ഗ്രിൽ, ഹെഡ് ലാമ്പിൽനിന്നു വേറിട്ടുനിർത്തി കുറുകെ ക്രോം ബാൻഡ് കൊടുത്ത് റൗണ്ട് ആക്കിയിരിക്കുന്നു. ഫോഗ് ലാമ്പ് ഉൾപ്പെടുന്ന ബംബർ ഡിസൈൻ മെച്ചപ്പെടുത്തിയിരിക്കുന്നു.  മസ്സിൽ ബൾജ് ഉള്ള വശങ്ങളും ബ്ലാക്ക്‌ 15 ഇഞ്ച് അലോയ് വീലും ചേർന്ന് വശങ്ങൾക്ക് വലുപ്പക്കൂടുതൽ തോന്നിപ്പിക്കുന്നു. ഡോർ ഹാൻഡിലിന്റെ ഇരുവശവും താക്കോൽ ദ്വാരവും കീലെസ്സ് എൻട്രി ബട്ടനും കൊടുത്തിരിക്കുന്നത് അരോചകമായി തോന്നുന്നു. പിന്നിൽ വാട്ടർ ഡ്രോപ് ആകൃതിയിലുള്ള ടെയിൽ ലാമ്പ്, പുതിയ ബംബർ ഡിസൈൻ എന്നിവ ചേർന്ന് സ്റ്റൈലിഷ് ആക്കിയിരിക്കുന്നു.

കാറിന്റെ നീളം 3695 എം‌എം ആണ് എങ്കിലും  അകത്ത് സ്ഥലസൗകര്യത്തിന് കുറവൊന്നും ഇല്ല എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ഉയരം ക്രമീകരിക്കാവുന്ന സീറ്റ് മുന്നിലേക്കുള്ള കാഴ്ച മെച്ചപ്പെടുത്തുന്നു.  ഡാഷ് ബോർഡ് പുതിയ ഡിസൈനാണ്. എ‌സി വെന്റിലേഷനിൽ ക്രോം ബോർഡർ കൊടുത്തിരിക്കുന്നു. ഇതിനുപുറമേ അസ്സെസ്സറി പാക്ക്‌ വാങ്ങിക്കുകയാണെങ്കിൽ ഡാഷ് ബോർഡിലും സീറ്റിലും വ്യത്യസ്ത നിറങ്ങൾ ആക്കാം. സെന്റർ കോൺസോൾ പഴമയുടെയും പുതുമയുടെയും സങ്കലനം ആണെന്ന് പറയാം. സ്മാർട്പ്ലേ സ്റ്റുഡിയോ  ഇൻഫോടൈൻമെന്റ്‌ സിസ്റ്റം ആപ്പിൾ കാർ പ്ലേ, അൻഡ്രോയിഡ്‌ ഓട്ടോ എന്നിവ  ഉള്ള 7 ഇഞ്ച് ടച്ച് സ്ക്രീൻ ആണ്. സ്റ്റീറിങ്ങിൽ വോളിയം കൺട്രോൾ കൊടുത്തിരിക്കുന്നു.
 

പുഷ് ബട്ടൻ സ്റ്റാർട്ട്, ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് ടെക്നോളജിയുള്ള ഡ്യുവൽ ജെറ്റ് ഡ്യുവൽ വി‌വി‌ടി പുതിയ തലമുറ കെ10 സി 998സി‌സി  എൻജിനാണ് സെലെരിയോയുടെ പവർ പ്ലാന്റ്‌. ഇത് 65 എച്ച്‌പിയും 89 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ഈ എൻജിൻ 5 സ്പീഡ് മാന്വൽ, ഓട്ടോ ഗീയർ ഷിഫ്റ്റ്  എന്നിങ്ങനെ രണ്ടുതരത്തിൽ ലഭ്യമാണ്. ഓട്ടോ ഗീയർഷിഫ്റ്റ് സുഗമമാണെങ്കിലും ഞാൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്നത് മാന്വൽ ആണ്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗുകൾ, ഹിൽ ഹോൾഡ് അസ്സീസ്റ്റ് (സെഗ്‌മെന്റിൽ ആദ്യം) കൂടാതെ നല്ല ഗ്രൗണ്ട് ക്ലിയറൻസ്. ഒആർ‌വി‌എം ഇലക്ട്രിക് ആക്കിയിരിക്കുന്നതിനാൽ അകത്തുനിന്നുതന്നെ ക്രമീകരിക്കാം. ഡ്രൈവറിനും പാസഞ്ചറിനും സീറ്റ് ബെൽട്ട് സൂചന, സ്പീഡ് സെൻസ് ചെയ്ത് ഡോർ ഓട്ടോ ലോക്ക് ആകുന്നു. സെലെരിയോയുടെ സസ്പെൻഷൻ ഒരുമാതിരി എല്ലാ ഷോക്കുകളും ക്യാബിനിലേക്ക് എത്തിക്കാതെ വലിച്ചെടുക്കുന്നു. റിവേഴ്സ് പാർക്കിങ് സെൻസർ ഉണ്ടെങ്കിലും റിയർ ക്യാമറയുടെ കുറവ് വ്യക്തമാണ്.

സ്പീഡി ബ്ലൂ, ഗ്ലീസ്ടെറിങ് ഗ്രേ, ആർക്ടിക് വൈറ്റ്, സിൽകി സിൽവർ, സോളിഡ് ഫയർ റെഡ്. കഫ്ഫെൻ ബ്രൗൺ എന്നീ ആറ് നിറങ്ങളിൽ സെലെരിയോ ലഭ്യമാണ്. 4.99 ലക്ഷം രൂപയിൽ  തുടങ്ങി 6.94 ലക്ഷം രൂപവരെയാണ് സെലെരിയോയുടെ എക്സ് ഷോറൂം വില.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top