29 March Friday

മാരുതി സുസുകി ബ്രെസ്സ

സുരേഷ് നാരായണൻUpdated: Wednesday Jul 13, 2022

മാരുതി സുസുകി 2016ലാണ് വിറ്റാര ബ്രെസ്സ അവതരിപ്പിച്ചത്. അന്നുതൊട്ട് ഇന്നുവരെ ഏകദേശം ഏഴരലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്! ഇപ്പോൾ പേരിനോട് ചേർന്നുള്ള വിറ്റാര മാറ്റിയിരിക്കുന്നു. കൂടാതെ, സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റമുള്ള പുതിയ കെ സീരീസ് ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ്‌ ബ്രെസ്സയ്ക്ക് ഊർജംപകരുന്നത്. മറ്റെന്തൊക്കെ മാറ്റങ്ങളാണ് ബ്രെസ്സയിൽ ചേർത്തിരിക്കുന്നതെന്ന്‌ നോക്കാം.

പുറംകാഴ്ചയിൽ പഴയതിനെക്കാൾ റൗണ്ട് ഷേപ്പാക്കി ബോഡിയിൽ ലൈനുകളും കൊടുത്ത് മസ്സിൽ കൂട്ടിയിരിക്കുന്നു. ഡബിൾ എൽ‌ഇ‌ഡി പ്രൊജക്റ്റർ ഹെഡ്‌ലാമ്പുകൾ, എൽ‌ഇ‌ഡി ഡി‌ആർ‌എൽ സമുച്ചയത്തെ   ബന്ധിപ്പിച്ച് പിയാനോ ബ്ലാക്ക്‌ ബീം, മുകളിലായി ഗ്രില്ലിൽ ക്രോം ബ്രാക്കറ്റുകൾ കൊടുത്തിരിക്കുന്നു. ബ്ലാക്‌ ബംബറിൽ ഫോഗ് ലാമ്പും സിൽവർ സ്കിട്‌പ്ലേറ്റ് ബംബറിലേക്ക് അൽപ്പം ഉയർത്തിയിരിക്കുന്നു. 16 ഇഞ്ച് അലോയ് വീലും സ്കീ റൈലും ചേർന്ന് സ്പോർട്ടിയാക്കുന്നു. മാരുതി കാറുകളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ടെയ്‌ൽ ലാമ്പ് ഡിസൈനാണ് പുതിയ ബ്രെസ്സയുടേത്. കാറിന്റെ നീളത്തിലും വീതിയിലും മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും പുറമേനിന്ന്‌ നോക്കുമ്പോൾ അൽപ്പം വലിപ്പക്കൂടുതൽ ഉണ്ടെന്ന്‌ തോന്നും.

ക്യാബിനകത്ത് ഡ്യുവൽ ടോൺ കളർ കോമ്പിനേഷൻ കൊടുത്ത് സിൽവർ ലൈനിങ്ങും ചേർന്ന് റിച്ച് ഫീൽ തരുന്നു. പ്ലാസ്റ്റിക് ഗുണനിലവാരത്തിൽ സാധാരണ മാരുതി കാറുകളെക്കുറിച്ചുള്ള പരാതി ഇവിടെ തീരുന്നു, മേന്മയേറിയ പ്ലാസ്റ്റിക്കാണ് അകത്ത്‌ ഉപയോഗിച്ചിരിക്കുന്നത്. ഫാബ്രിക് സീറ്റുകളാണ് പുതിയ ബ്രെസ്സയിലുള്ളത്; ഡോർ പാനലിലും ഫാബ്രിക് ഉപയോഗിച്ചിരിക്കുന്നു. ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ്‌ വീൽ, വയർലെസ് ചർജിങ്, റിയർ എ‌സി വെന്റിലേഷൻ, യു‌എസ്‌ബി ഫാസ്റ്റ് ചാർജിങ്, ഹാൻഡ് റസ്റ്റുള്ള സുഖകരമായ പിൻസീറ്റുകൾ, പ്രയാസമില്ലാതെ കയറാനും ഇറങ്ങാനും സൗകര്യം എന്നിവ ബ്രെസ്സയുടെ പ്രായോഗികത വെളിപ്പെടുത്തുന്നു.


 

ഫീച്ചറുകളിൽ ഇലക്ട്രിക് സൺ റൂഫ്, ഹെഡ്സ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ. ഓട്ടോമാറ്റിക്കിൽ 6 സ്പീഡ് പാഡിൽ ഷിഫ്ട്, നെക്സ്റ്റ് ജനറേഷൻ സുസുകി കണക്റ്റ് എന്നിവയാണ് പുതിയ ബ്രെസ്സയെ മോഡേണാക്കുന്നത്. സുരക്ഷയ്ക്കായി ഇ‌എസ്‌പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ആറ്‌ എയർബാഗുകൾ ഉൾപ്പെടെ  ഇരുപതിൽപ്പരം സേഫ്റ്റി ഫീച്ചറുകളാണ് ബ്രെസ്സയിലുള്ളത്.

പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുള്ള 1.5 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വി‌വി‌ടി പെട്രോൾ എൻജിൻ തരുന്നത് ഉയർന്ന ഇന്ധനക്ഷമതയാണ്. മാന്വൽ ട്രാൻസ്മിഷൻ 20.15 കിലോമീറ്റർ പ്രതിലിറ്റർ ആവറേജ് തരുമ്പോൾ 19.8 കിലോമീറ്ററാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തരുന്നത്. 102 ബി‌എച്ച്‌പിയും 137 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എൻജിൻ തുടക്കത്തിൽ അൽപ്പം ലാഗുണ്ടാക്കുന്നത് ഇന്ധനക്ഷമതയ്ക്കായി ട്യൂൺ ചെയ്തിരിക്കുന്നതുകൊണ്ടായിരിക്കാം. മൂന്നുതരം ഡ്യുവൽ ടോൺ, ആറുതരം മുഴുവൻ നിറത്തിലും ലഭിക്കുന്ന പുതിയ ബ്രെസ്സയുടെ എക്സ് ഷോറൂം വില തുടങ്ങുന്നത് 7.99 ലക്ഷംമുതൽ 13.96 ലക്ഷം രൂപവരെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top