01 June Thursday

മഹീന്ദ്ര എക്സ്‌യു‌വി 7ഒഒ !

എഴുത്ത്, ചിത്രങ്ങൾ: സുരേഷ് നാരായണൻUpdated: Wednesday Aug 25, 2021


2011ലാണ് മഹീന്ദ്ര എക്സ്‌യു‌വി 500 (5ഒഒ) ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം 2015ലും 2018ലും രണ്ടുപ്രാവശ്യം മുഖംമിനുക്കി എക്സ്‌യു‌വി 5ഒഒ അവതരിച്ചു. രണ്ട്‌ ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ടുതരം എൻജിനുകളായിരുന്നു എക്സ്‌യു‌വി 5ഒഒയുടെ ഊർജസ്രോതസ്സ്. എക്സ്‌യു‌വി 5ഒഒയുടെ വില തുടങ്ങുന്നത് 10.8 ലക്ഷത്തിലായിരുന്നു. 10 വർഷത്തിനുശേഷം എക്സ്‌യു‌വി 5ഒഒയുടെ പിൻഗാമിയായി, ഏകദേശം എല്ലാ കുറവുകളും നികത്തി, എക്സ്‌യു‌വി 7ഒഒ അവതരിക്കുന്നു!

ചെന്നൈയിലുള്ള മഹീന്ദ്ര റിസേർച്ച് വാലീയിൽ എക്സ്‌യു‌വി 7ഒഒയുടെ ലോഞ്ചിനുശേഷം മഹീന്ദ്ര ഞങ്ങളെ കൊണ്ടുപോയത് കാഞ്ചീപുരത്തിനടുത്തുള്ള അവരുടെ പുതിയ ടെസ്റ്റ്‌ ട്രാക്കായ എം‌എസ്‌പി‌ടിയിലേക്കാണ് (മഹീന്ദ്ര എസ്‌യു‌വി പ്രൂവിങ് ട്രാക്ക്). ഈ വേൾഡ് ക്ലാസ് ട്രാക്കിൽ എല്ലാത്തരം റോഡുകളും പല ഡിഗ്രിയിലുള്ള കയറ്റിറക്കങ്ങളും വളവുകളും തിരിവുകളും, ഓഫ് റോഡ് ഡ്രൈവിങ്, ഹൈസ്പീഡ് ട്രാക്ക്, സ്കിട് പാഡ്, സിറ്റി റോഡ്, കോൺക്രീറ്റ്‌ റോഡ്, നനഞ്ഞ റോഡ്, ഫോറസ്റ്റ് റോഡ് എന്നിങ്ങനെ കുഴികൾ നിറഞ്ഞ റോഡുകൾവരെ തയ്യാറാക്കിയിരിക്കുന്നു. ഇവിടെയാണ് എക്സ്‌യു‌വി 7ഒഒയുടെ ടെസ്റ്റ്‌ ഡ്രൈവ് തരപ്പെടുത്തിയത്.


 

ആകർഷകമായ പുതിയ മഹീന്ദ്ര ലോഗോ ആദ്യമായി കാണാൻ കഴിയുന്നത് എക്സ്‌യു‌വി 7ഒഒയിലാണ്‌. ക്രോം പൂശിയ ആറ് സ്ലോട്ടുള്ള ഗില്ലിൽ പുതിയ ലോഗോയും സി ആകൃതിയിലുള്ള വലിയ ഡി‌ആർ‌എൽ, സീക്വൻഷ്യൽ ടേൺ ഇൻഡികേറ്റർ, നടുവിലായി എൽ‌ഇ‌ഡി ഹെഡ് ലാമ്പ് ഇവ ചേർന്ന സമുച്ചയം മുൻവശം ഭംഗിയാക്കുന്നു. വശങ്ങളിൽനിന്ന്‌ നോക്കുമ്പോൾ, എക്സ്‌യു‌വി 5ഒഒയുടെ സാദൃശ്യമുണ്ട്. പിന്നിൽ ആരോ ഹെഡ് ടെയ്ൽ ലാമ്പ് പുതുമയേറിയതാണ്. മുൻഭാഗം ഭംഗിയാക്കിയതുപോലെ പിൻവശവും ശ്രദ്ധിക്കേണ്ടതായിരുന്നു.

കാറിനുള്ളിലേക്ക് കടക്കുമ്പോൾ കാണാവുന്നത് സോഫ്റ്റ്‌ ടച്ച് ഡാഷ്ബോർഡാണ്. സീറ്റുകളിൽ കൃത്രിമത്തുകൽ അപ്ഹോൾസ്റ്ററി, സ്റ്റീറിങ്‌ വീലിലും ഗീയർ നോബിലും തുകൽ പൊതിഞ്ഞിരിക്കുന്നു. ഒരു യൂണിറ്റ് എന്നു തോന്നുന്ന ഇൻഫോടൈൻമെന്റ്‌ സിസ്റ്റവും ഇൻസ്ട്രമെന്റ്‌ പാനലും ഭംഗിയുള്ളതാണ്.  ഡ്രൈവർ സൈഡ് ഡോറിൽ സീറ്റിന്റെ ആകൃതിയിൽ ഇലക്ട്രിക് സീറ്റ് അഡ്‌ജസ്റ്റ്മെന്റ്‌ ബട്ടണുകൾ പ്രീമിയം ലുക്ക് കൊടുക്കുന്നു, സീറ്റിന് മെമറി ഫങ്‌ഷനുമുണ്ട്. 10.25 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റത്തിൽ വയർലെസ് അന്ദ്റോയിഡ്‌ ഓട്ടോ, വയർലെസ്‌ ആപ്പിൾ കാർ പ്ലേ പ്രീ ലോഡഡ് ആപ്പുകൾ, 360 ഡിഗ്രി വ്യൂ മോണിട്ടറിങ്, ബ്ലയിന്റ്‌ സ്പോട്ട് വ്യൂ മോണിട്ടറിങ് മുതലായ ഫീച്ചറുകൾ എക്സ്‌യു‌വി 7ഒഒയിലുണ്ട്. ഈ സെഗ്‌മെന്റിൽ ആദ്യമായി 12 സ്പീക്കർ 445 വാട്ട് 3ഡി സൗണ്ട് ഒരുക്കുന്നത് സോണിയാണ്. 


 

അകത്തേക്ക് കയറുമ്പോൾ സ്വയം പിന്നിലേക്കു നീങ്ങി ഡ്രൈവർ ഇരുന്നുകഴിയുമ്പോൾ യഥാസ്ഥാനത്തേക്ക് സീറ്റ് തിരിച്ചെത്തുന്നു. പിൻസീറ്റിൽ ആം റസ്റ്റിൽ കപ്പ് ഹോൾഡറുകൾ എ‌സി വെന്റ്‌, ഈ സെഗ്‌മെന്റിലെ ഏറ്റവും നല്ല പനോരമിക് സൺ റൂഫ് എന്നിവ ചേർന്ന് കാറിന്റെ അകത്തിന് ഒരു പ്രീമിയം ലുക്ക് കൊടുക്കുന്നുണ്ടെങ്കിലും ചില പ്ലാസ്റ്റിക് ബട്ടണുകൾ ഇതിന് കോൺട്രാസ്റ്റായി കാണാം. ഡിസൈൻ പിഴവ് എന്നു തോന്നുന്ന രീതിയിൽ എഴുന്നുനിൽക്കുന്ന ഡോർ പാനൽ ഗ്ലാസ് താഴ്‌ത്തുമ്പോൾ പുറത്തുനിന്ന്‌ നോക്കുന്നവർക്ക് അരോചകമായി തോന്നാം. മൂന്നാംനിരയിലേക്ക് കയറാൻ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും മുതിർന്നവർ അൽപ്പം പണിപ്പെടേണ്ടിവരും.

സുരക്ഷയുടെ കാര്യത്തിലും എക്സ്‌യു‌വി 7ഒഒ പ്രീമിയംതന്നെ. മൂന്നാംനിരവരെ എത്തുന്ന കർട്ടൻ എയർ ബാഗും കാൽമുട്ടിന്റെ സംരക്ഷണത്തിനായി നീ എയർബാഗും ഉൾപ്പെടെ ഏഴ്‌ എയർബാഗുകൾ. പുതിയ തലമുറ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം കൂടാതെ ഡ്രൈവർ ഡ്രൌസിനെസ്സ് ഡിറ്റേക്‌ഷൻ മുതലായവ സുരക്ഷയെ കരുതി എക്സ്‌യു‌വി 7ഒഒയിലുണ്ട്. എക്സ്‌യു‌വി 7ഒഒയിൽ  ഹൈ സ്ട്രെങ്ത്, അൾട്രാ ഹൈ സ്ട്രെങ്ത് ഉരുക്ക് ഉപയോഗിച്ചിരിക്കുന്നതിനാൽ റിങ് സ്ട്രക്‍ചറിൽ നിർമിച്ചിരിക്കുന്ന പുതിയ മോണോകോക് പ്ലാറ്റ്ഫോം ആഘാതങ്ങളെ ക്യാബിനിലേക്ക് ഏൽക്കാതെ ആഗിരണം ചെയ്യുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഈ സെഗ്‌മെന്റിൽ ആദ്യമായി ഫ്രീക്വൻസി സെലക്ടീവ് ഷോക്ക് അബ്സോർബർ ഉപയോഗിച്ചിരിക്കുന്നതിനാൽ, ബോഡി നിയന്ത്രണത്തിൽ ഇരിക്കുകയും യാത്ര സുഖകരമാക്കുകയും ചെയ്യുന്നു. 50-  60 കിലോമീറ്റർ വേഗത്തിൽ എത്തുമ്പോൾ ചെറിയ കുഴികളിലും മറ്റും വീഴുന്നത് അറിയുകയേ ഇല്ല. ഈ സെഗ്‌മെന്റിലെ ഏറ്റവും നല്ല റൈഡ് ക്വാളിറ്റിയാണ് എക്സ്‌യു‌വി 7ഒഒയുടേത്.

സുരക്ഷയുടെ കാര്യത്തിൽ പ്രീമിയം കാറുകളുടെ ഒരുപടി മുന്നിൽ അല്ലെങ്കിൽ ഒപ്പംതന്നെ എക്സ്‌യു‌വി 7ഒഒ നിൽക്കുന്നു. ഈ സെഗ്‌മെന്റിൽ ആദ്യമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ ക്യാമറയും റഡാറും ഉപയോഗിച്ച് അപകടസാധ്യതയുടെ മുന്നറിയിപ്പ് നൽകുന്ന ഫോർവേഡ് കൊള്ളിഷൻ വാർണിങ്, മുന്നിലുള്ള വാഹനത്തെയോ മറ്റു തടസ്സങ്ങളെയോ തിരിച്ചറിഞ്ഞ്‌ ഓട്ടോമാറ്റിക്കലി ബ്രേക് ചെയ്യുന്ന ഓട്ടോ എമർജൻസി ബ്രേക്കിങ്, ഹൈവേയിൽ മുന്നിൽ ഓടുന്ന വാഹനത്തിന്റെ ഗതിയനുസരിച്ച്‌ ഈ വാഹനം വേഗം കുറയ്ക്കുകയോ നിർത്തുകയോ ഒരു നിശ്ചിത അകലം പാലിക്കുകയോ ചെയ്യുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, വാഹനത്തെ ഒരു ലേനിൽത്തന്നെ നിലനിർത്തുന്ന സ്മാർട്ട് പൈലറ്റ് അസീസ്റ്റ്, റോഡിന്റെ വശങ്ങളിലുള്ള വേഗപരിമിതി അടയാളങ്ങൾക്കനുസരിച്ച് നീങ്ങുന്ന ട്രാഫിക് സൈൻ റെകഗ്‌നിഷൻ, എതിരെ വരുന്ന വാഹനത്തെ തിരിച്ചറിഞ്ഞ്‌ ഈ വാഹനത്തിന്റെ ഹൈ ബീം, ലോ ബീമിലേക്ക് മാറ്റുന്ന ഹൈ ബീം അസീസ്റ്റ് മുതലായ പ്രീമിയം വാഹനങ്ങളിൽ മാത്രമുള്ള ഫീച്ചറുകൾ എക്സ്‌യു‌വി 7ഒഒയിലുണ്ട്.

ഈ സെഗ്‌മെന്റിലെ ഏറ്റവും ശക്തിയുള്ള എൻജിനാണ്‌ എക്സ്‌യു‌വി 7ഒഒയുടേത്; പെട്രോളിലും ഡീസലിലും ലഭ്യമാണ്‌. 5000 ആർ‌പി‌എമ്മിൽ 200പി‌എസ് ഊർജം ഉൽപ്പാദിപ്പിക്കുന്ന രണ്ടുലിറ്റർ ടർബോ ടിജി‌ഡി ഐ പെട്രോൾ എൻജിന്റെ ടോർക് 1750-–3000 ആർ‌പി‌എം റേഞ്ചിൽ 380 ന്യൂട്ടൻ മീറ്ററാണ്. ഇതൊരു പവർഹൗസ് ആണെന്നുതന്നെ പറയാം. മാന്വൽ, ഓട്ടോമാറ്റിക് എന്നീ ഗീയർ ഓപ്ഷനുകളിൽ ലഭ്യമാണ്.  2.2 ലിറ്റർ ടർബോ സി‌ആർ‌ഡി‌ഐ (ഡീസൽ) എൻജിൻ 5000 ആർ‌പി‌എമ്മിൽ 185പി‌എസ് ഊർജം പുറത്തുവിടുന്നു. ഈ എൻജിന്റെ കൂടിയ ടോർക്‌ മാന്വൽ ഗീയറിൽ 1600-2800 ആർ‌പി‌എം റേഞ്ചിൽ 420 ന്യൂട്ടൻ മീറ്ററും ഓട്ടോമാറ്റിക് ഗീയറിൽ 1750–2800 ആർ‌പി‌എമ്മിൽ 450 ന്യൂട്ടൻ മീറ്ററുമാണ്. മാന്വലിലും ഓട്ടോമാറ്റിക്കിലും ആറു ഗീയറുകളാണുള്ളത്.  ടോപ് വേരിയന്റ്‌ എ‌എക്സ് 7 ആണ് ടെസ്റ്റ്‌ ഡ്രൈവിനായി ലഭിച്ചത്. ഇതിന്റെ വില ഈ റിപ്പോർട്ട് പ്രസിൽ പോകുന്ന സമയംവരെ വെളിപ്പെടുത്തിയിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top