09 June Friday

ആഡംബര പ്രൗഢിയില്‍ ഓഫ്റോഡ് മികവില്‍ പുതിയ മഹീന്ദ്ര ഥാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020

കൊച്ചി
പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കരുത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ഥാറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. മുൻതലമുറ ഥാറിൽനിന്ന്‌ വലിയ മാറ്റങ്ങളുമായി എത്തുന്ന പുതിയ ഥാറിന്
സുരക്ഷ, പെർഫോമൻസ്, കൂടുതൽ സൗകര്യങ്ങൾ എന്നിവയ്ക്കുപുറമെ വ്യത്യസ്തമായ ഓഫ്റോഡിങ്‌ കപ്പാസിറ്റിയുമാണ് മഹീന്ദ്ര ഉറപ്പുതരുന്നത്. കാഴ്ചയിൽ കൂടുതൽ വലിപ്പവും ആഡംബരവാഹനങ്ങളുടെ പ്രൗഢിയുമുള്ള പുതിയ ഥാർ, മഹീന്ദ്രയുടെ ജെൻ 3 പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. എഎക്സ്, എൽഎക്സ് എന്നീ രണ്ട്‌ സീരിസുകളുണ്ട്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാന്വൽ ഗിയർ ബോക്സുകളിൽ പെട്രോൾ, ഡീസൽ എൻജിനുകളിൽ പുതിയ ഥാർ ലഭ്യമാകും. പെട്രോളിൽ മഹീന്ദ്രയുടെ എംസ്റ്റാലിയൻ ശ്രേണിയിലെ 2.0 ലിറ്റർ എൻജിനും ഡീസലിൽ 2.2 എംഹോക്ക് എൻജിനുമാണ് ഇതിന് കരുത്തേകുന്നത്. 


 

ഥാർ ആരാധകരെമാത്രമല്ല, മികച്ച എസ്‌യുവി അനുഭവം ആഗ്രഹിക്കുന്നവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് സ്വാതന്ത്ര്യദിനത്തിൽ പുതിയ ഥാർ അവതരിപ്പിച്ച്‌ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എംഡിയും സിഇഒയുമായ പവൻ ഗോയങ്കെ പറഞ്ഞു.

മഹീന്ദ്രയുടെ എക്‌സ്‌യുവി 300ലുള്ള മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, മികച്ച ഇൻഫോടെയ്‌ൻമെന്റ്‌ സംവിധാനം, ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, വൃത്താകൃതിയിലുള്ള എസി വെന്റുകൾ, ചുറ്റിനും ഡിആർഎല്ലോടുകൂടി അകത്തേക്കു കയറിയിരിക്കുന്ന ഹെഡ് ലാമ്പ് തുടങ്ങിയവ പുതിയ ഥാറിനെ വ്യത്യസ്തമാക്കുന്ന ചില സവിശേഷതകളാണ്. ഒക്ടോബർ രണ്ടുമുതൽ പുതിയ ഥാർ ഉപയോക്താക്കൾക്ക് ലഭ്യമാകും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top