26 April Friday

മഹീന്ദ്ര സ്കോർപ്പിയോ എൻ എത്തി

സുരേഷ് നാരായണൻUpdated: Wednesday Jul 6, 2022

കഴിഞ്ഞ 20 വർഷമായി നമ്മുടെ മനസ്സിൽ പതിഞ്ഞ മഹീന്ദ്ര സ്കോർപ്പിയോയുടെ രൂപം ഒറ്റയടിക്ക് മാറ്റുകയെന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ, അതാണ് സംഭവിക്കാൻപോകുന്നത്. ഒരു ബോക്സ് രൂപത്തിലിരുന്ന പഴയ സ്കോർപ്പിയോ ജിമ്മിൽ പോയി മസ്സിലൊക്കെ പെരുപ്പിച്ച് ചുള്ളൻ ആയിരിക്കുകയാണ്! ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം പുറംകാഴ്ചയിൽ  മാറ്റംവരുത്തിയിരിക്കുകയാണ്. നിലവിലുള്ള സ്കോർപ്പിയോയ്ക്ക്‌ ഒരു എം‌പി‌വിയുടെ നോട്ടം ആയിരുന്നെങ്കിൽ ഇപ്പോൾ അത് മുഴുവനായും എസ്‌യു‌വി ആയിരിക്കുന്നു. ഈ മാറ്റം സ്വാഗതാർഹമാണ്, സ്കോർപ്പിയോ എന്ന പേര് അല്ലായിരുന്നെങ്കിൽ എല്ലാംകൊണ്ടും പുതിയൊരു എസ്‌യു‌വി ആകുമായിരുന്നു.

വിൻഡ് ഷീൽഡിന്റെ ചരിവ് കൂട്ടി എയ്‌റോഡൈനാമിക് ആക്കി, ലീൻ ആയിരുന്ന  ബോണറ്റ് മസ്സിൽ മുഴയോടെ ക്രീസുകൾ കൊടുത്തിരിക്കുന്നു. മഹീന്ദ്ര ഫാമിലി ഡിസൈനാണ് ഗ്രില്ലിന്, കുറുകേയുള്ള സ്ലോട്ടുകളിലും ഗ്രില്ലിന്റെ മുകൾവശത്തായും ക്രോം കൊടുത്തിരിക്കുന്നു. നടുവിലായി പുതിയ മഹീന്ദ്ര ലോഗോ എൽ‌ഇ‌ഡി പ്രൊജക്റ്റർ ഡബിൾ ഹെഡ് ലാമ്പ്, ബംപറിൽ  ഫോഗ് ലാമ്പും ചേർന്ന് കോമ ഷേപ്പിൽ ഡി‌ആർ‌എൽ എന്നിവ മുൻവശം സ്ട്രോങ് ആക്കുന്നു. മുന്നിൽ പോകുന്ന വാഹനത്തിന്റെ റിയർ വ്യൂ മിററിൽ സ്കോർപ്പിയോ പ്രതിഫലിക്കുമ്പോൾ വഴിമാറിത്തരുന്ന അനുഭവത്തിന് മാറ്റംവന്നിട്ടില്ല എന്നത് സ്കോർപ്പിയോയുടെ സ്ട്രോങ് പോയിന്റുകളിൽ ഒന്നാണ്.


 

വശങ്ങളിൽനിന്ന്‌ നോക്കുമ്പോൾ പഴയ സ്കോർപ്പിയോയുമായി അൽപ്പം സാദൃശ്യംതോന്നുന്നത് സി പില്ലറിന്റെ വിൻഡോ ഡിസൈനിലാണ്, അതൽപ്പം ഉയർത്തിയിരിക്കുന്നു. ടോപ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റിന് 18 ഇഞ്ച് വീലാണ് കിട്ടുന്നത്, താഴെയുള്ളതിനെല്ലാം 17 ഇഞ്ചും. വീൽ ആർച്ചുകൾ ഉയർത്തിയിരിക്കുന്നു, താഴെ സ്റ്റെപ്പ് ബെഞ്ചും മുകളിൽ സ്കി റെയിലും, വിൻഡോസിൽ മുന്നിൽനിന്ന്‌ പിന്നിലെ വിൻഡോയ്‌ക്കു മുകൾവശംവരെ ക്രോം ലൈനിങ്, ബ്ലാക് സൈഡ് സ്കിർട്ടിലും ക്രോം കൊടുത്ത്‌ വശങ്ങളെ ഭംഗിയാക്കുന്നു. ഡോർ ഹാൻഡിലിലും ക്രോം ഗാർണിഷ് കാണാം.   പിന്നിൽ ടെയ്‌ൽ ലാമ്പ് ഡിസൈൻ വോൾവോ കാറുകളുമായി വളരെയേറെ സാമ്യം ഉള്ളത്  ഒരു കുറവാണ്. അതുപോലെതന്നെ വൈപ്പറിന്റെ ഡിസൈനും നന്നാക്കാമായിരുന്നു. ബാക്ക്‌ ബംപറിൽ ക്രോം ഗാർണിഷും താഴെ സിൽവർ സ്കിഡ് പ്ലേറ്റും കൊടുത്തിരിക്കുന്നു.

വ്യക്തിപരമായി കാറിന്റെ അകം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ബ്ലാക്കും ബ്രൗണും കളർ കോമ്പിനേഷൻ ആകർഷകമാണ്, കാറിനകത്തിരിക്കുമ്പോൾ ഒരു മോഡേൺ എസ്‌യു‌വിയിൽ ഇരിക്കുന്ന അനുഭവമാണ്. പഴയതുപോലെ കുത്തനെയുള്ള ഡാഷ് ബോർഡ് നേരിയ ചരിവ് വരുത്തി  നിലനിർത്തിയിരിക്കുന്നു, എന്നാൽ, ക്രോം ബോർഡർ ഉള്ള പിയാനോ ബ്ലാക് സെന്റർ കൺസോളിൽ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത് പഴയ ഡാഷ് ബോർഡിൽനിന്ന്‌ വ്യത്യസ്ഥമാണ്. സീറ്റ്, ഹെഡ് റസ്റ്റ് ഡോർ പാനൽ, സ്റ്റീറിങ്‌ വീൽ, അകത്ത് കയറുന്നതിനുള്ള സൗകര്യത്തിനായി എ പില്ലറിൽ കൊടുത്തിരിക്കുന്ന ഗ്രാബ് ഹാൻഡിൽ മുതലായവ അകത്തിന് പ്രീമിയം ലുക്ക് കൊടുക്കുന്നു.

വീതി കൂട്ടിയ മുന്നിലെ വിൻഡ് ഷീൽഡ് പുറത്തേക്കുള്ള കാഴ്ച കൂട്ടുന്നു. ബിൽറ്റ് ഇൻ അലക്സയുള്ള മഹീന്ദ്രയുടെ ആട്രിനോക്സ് കണക്റ്റ്, ഇതിൽ എഴുപതിൽപ്പരം ഫീച്ചറുകൾ, വയർലെസ്സ് ചർജിങ്, ഓട്ടോ വൈപ്പർ, ഓട്ടോ ഹെഡ് ലാമ്പ്, ഫ്രണ്ട് ക്യാമറ, ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററിൽ 7 ഇഞ്ച് ഡിസ്‌പ്ലേ, 12 സ്പീക്കർ സോണി സൗണ്ട് സിസ്റ്റം, ആറുതരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഡ്രൈവർ സീറ്റ്‌ എന്നിങ്ങനെ ഫീച്ചറുകളുടെ കാര്യത്തിൽ സ്കോർപ്പിയോ എൻ ലോഡഡ് ആണ്. പഴയ സ്കോർപ്പിയോയെക്കാൾ വീൽ ബേസ് കൂടുതലാക്കിയത് രണ്ടാംനിരയിലെ  സ്ഥലസൗകര്യത്തിൽ കാണാവുന്നതാണ്. ബൂട്ട് തുറക്കുന്നത് വശത്തേക്കാണ്, ഹാച്ച് ആയിരുന്നെങ്കിൽ സൗകര്യമാകുമായിരുന്നു, പ്രത്യേകിച്ച് മൂന്നാംനിരയിലിരിക്കുന്നവർ മുന്നിലേക്ക് നോക്കിയിരിക്കുമ്പോൾ. മൂന്നാംനിരയിലേക്ക് കയറുന്നതും ബുദ്ധിമുട്ടാണ്!


 

ആറ്‌ എയർ ബാഗുകൾ, ഇ‌എസ്‌സി,  എ‌ബി‌എസ്, ഇബി‌ഡി, ഹിൽ അസ്സെന്റ്‌ കൺട്രോൾ, ഹിൽ ഡിസെന്റ്‌ കൺട്രോൾ, ടി‌പി‌എം‌എസ്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്, കുട്ടികളുടെ സീറ്റിനായി ഐസോഫിക്സ്, ഡ്രൈവർ ഉറങ്ങാതിരിക്കാൻ അലേർട്ട് സിസ്റ്റം, ഇ- കോൾ, എസ്‌ഒഎസ് ബട്ടൺ മുതലായവ സുരക്ഷ ഉറപ്പുവരുത്തുന്നു.

കാഴ്ചയിൽ മാത്രമല്ല ഡ്രൈവ് ചെയ്യുമ്പോഴും വളരെ ഏറെ സുഖകരമായ അനുഭവമാണ് പുതിയ സ്കോർപ്പിയോയിൽ. 173 ബി‌എച്ച്‌പിയും 400 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ 4 സിലിണ്ടർ എം ഹൗക് ഡീസലും 203 ബി‌എച്ച്‌പിയും 380 എൻ‌എം ടോർക്കും പുറപ്പെടുവിക്കുന്ന 2 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണ് സ്കോർപിയോയുടെ പവർ ഹൗസ്! ഈ എൻജിനുകളെ  6 സ്പീഡ് മാന്വൽ ഗീയർ ബോക്സുമായും ഓട്ടോമാറ്റിക് ടോർക് കൺവർട്ടർ ട്രാൻസ്‌മിഷൻ ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൽ 2 വീൽ ഡ്രൈവും 4 വീൽ ഡ്രൈവും ലഭ്യമാണ്. ടർബോ പ്രവർത്തിക്കുന്നതിനാൽ തുടക്കത്തിലുള്ള ലാഗ് അനുഭവപ്പെടില്ല. 173 ബി‌എച്ച്‌പിയിൽനിന്ന്‌ പെട്ടന്നുള്ള പിക്കപ് പ്രതീക്ഷിക്കുമെങ്കിലും സ്പീഡ് ആകുന്നത് ക്രമേണയാണ്. സ്കോർപ്പിയോയുടെ ഓഫ് റോഡ് കഴിവുകൾ എടുത്തുപറയേണ്ടതാണ്!

ആദ്യത്തെ 25,000 ബുക്കിങ്ങിന്  (മാന്വൽ ഗീയർ) സ്പെഷ്യൽ വില തുടങ്ങുന്നത് 11.99 ലക്ഷംമുതൽ 19.49 ലക്ഷംവരെയാണ്. ഔട്ടോമാറ്റിക് സ്‌കോർപ്പിയോയുടെ വില ജൂലൈ അവസാനം അറിയിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top