28 September Thursday

ലെക്‌സസ് എന്‍എക്സ് 350 എച്ച് ഹൈബ്രിഡ് ; സെഗ്‌മെന്റിലെ ഒരേ ഒരു ഹൈബ്രിഡ് വാഹനം

സുരേഷ് നാരായണൻUpdated: Wednesday Apr 20, 2022

എല്ലാ കാര്യങ്ങൾക്കും ഒരു സമയമുണ്ടെന്നു പറയുന്നത് വാഹനങ്ങൾക്കും ബാധകമാണ്. ഞാൻ പറഞ്ഞുവരുന്നത് ഹൈബ്രിഡ് വാഹനങ്ങളെക്കുറിച്ചാണ്. 2008ൽ സിവിക് ഹൈബ്രിഡ് ഹോണ്ട അവതരിപ്പിച്ചപ്പോൾ, എല്ലാംകൊണ്ടും നല്ലതുതന്നെ; പക്ഷേ വിലകൊണ്ടടുത്തില്ലെന്നു പറയുന്നതുപോലെയായി. അന്ന് ഇന്ധനവില കാരണമല്ലായിരുന്നു. പക്ഷേ, നഗരങ്ങളിലെ വാഹനപ്പെരുപ്പം കണക്കിലെടുത്താണ് ആ കാർ നിരത്തിലിറക്കിയത്. കുറഞ്ഞ വേഗത്തിൽ ബാറ്ററിയിലും വേഗം കൂടുന്നതനുസരിച്ച് പെട്രോൾ എൻജിനിലേക്കും മാറുന്ന ഈ കാറിന്റെ വില 21.5 ലക്ഷമായിരുന്നു.  നഗരങ്ങളിൽ വാഹനം ഓടിക്കുന്നത് സുഗമമാക്കുന്നതിനായിരുന്നു പ്രാധാന്യം കൊടുത്തത്. പരിസ്ഥിതിഫ്രണ്ട്‌ലി കാറായിരുന്നു എങ്കിലും അതിന്റെ വില വിൽപ്പനയെ ബാധിച്ചു. അതിനുശേഷം മൈക്രോ ഹൈബ്രിഡ് വാഹനങ്ങൾ ഇറങ്ങിയെങ്കിലും അത്രയ്ക്ക് അറിയപ്പെട്ടില്ല!

വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇലക്ട്രിക് കാറുകളുടെ റേഞ്ച് എന്ന ചോദ്യം ഉയർത്തുന്ന അനിശ്ചിതാവസ്ഥയ്ക്ക് ഒരു ഉത്തരമെന്നോണം ലെക്സസ് വിപണിയിലിറക്കുന്ന മിഡ് സൈസ് ഹൈബ്രിഡ് ആഡംബര എസ്‌യു‌വിയാണ് എൻ‌എക്സ് 350 എച്ച്!
ബോണറ്റിന് തൊട്ടുതാഴെമുതൽ ബംബർവരെ എത്തുന്ന വലിയ ലെക്സസ് സിഗ്നേചർ സ്പിന്റിൽ ഗ്രിൽ, അതിൽ വലിയ ലെക്സസ് ബാഡ്ജ്! ഇത് ലെക്സസിന്റെ തിരിച്ചറിയൽ കാർഡാണെന്നു പറയാം. ഹാഫ് ആരോ ഷെപ്പിലുള്ള ഡി‌ആർ‌എൽ ചരിഞ്ഞ്‌ നേരിയ ഐസ് ക്യൂബ് എൽ‌ഇ‌ഡി ഹെഡ് ലാമ്പിൽ ചേർത്തിരിക്കുന്നു. 20 ഇഞ്ച് അലോയ് വീലും പിന്നിലെ ഡോറിൽ രണ്ടായി പിരിയുന്ന ഷോൾഡർ ലൈനും ചേർന്ന് വശങ്ങൾക്ക് മസ്സിൽ ലുക്ക് കൊടുക്കുന്നു. എൽ ഷെപ്പിൽ ത്രിമാന ടെയ്ൽ ലാമ്പും അവയെ ബന്ധിപ്പിക്കുന്ന റെഡ് ലൈറ്റ് ബാൻഡ്, അക്ഷരങ്ങൾ അകത്തിയെഴുതിയ ലെക്സസ് ബാഡ്ജ്, സ്പോർട്ടി സ്പോയിലർ, ഷാർക്ക് ഫിൻ ആന്റെനാ ബംബറിലെ എയർ വെന്റിലേഷൻ എന്നിവ ചേർന്ന് പിൻവശം ഭംഗിയാക്കുന്നു.


 

ആഡംബരത്തിന് ഒരു കുറവും ഇല്ലാതെയാണ് എൻ‌എക്സിന്റെ അകം ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ മോഡേണായിട്ടുള്ള ഡിസൈൻ കോൺസെപ്റ്റാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യ ശ്രദ്ധയിൽപ്പെടുന്നത് 14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റമാണ്.  ഇതിൽത്തന്നെയാണ് ക്ലൈമറ്റ് കൺട്രോൾ ചേർത്തിരിക്കുന്നത്. വോളിയം കൺട്രോൾ, ടെംപറേച്ചർ കൺട്രോൾ, ഡ്രൈവ് മോഡ് എന്നിവ നോബ് വഴിയാണ് നിയന്ത്രിക്കുന്നത്. ബാക്കിയെല്ലാം ടച്ച് സ്ക്രീനിലാണ്.

ഡാഷ് ബോർഡിലും സെന്റർ കൺസോളിലും ഡോറുകളിലും മാച്ചിങ് മറൂൺ സോഫ്റ്റ്‌ മറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നു. സെന്റർ കൺസോളിലെ സ്റ്റോറേജ് കവർ ഡ്രൈവർസൈഡിലേക്കും പാസഞ്ചർസൈഡിലേക്കും തുറക്കാവുന്നതാണ്. മുന്നിലെ സീറ്റുകൾ മറൂൺ ഗ്രേ കോമ്പിനേഷനാണ്. ബീജ് കളറിലും ലഭ്യമാണ്.  സെന്റർ കൺസോളിലെ ചില്ലറ വയ്‌ക്കാൻ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ കവർ വയർലസ് ചാർജറായും പ്രവർത്തിക്കുന്നു. ഗീയർ നോബിന്റെ ഡിസൈൻ സ്പോർട്ടിയും മോഡേണുമാണ്. പിൻസീറ്റ് ചരിക്കാവുന്നതാണ്, നടുക്ക് ഇരിക്കുന്ന യാത്രക്കാരനും ത്രീ പോയിന്റ്‌ സീറ്റ് ബെൽറ്റ്‌ കൊടുത്തിരിക്കുന്നു. ഹെഡ് റൂം, ഷോൾഡർ റൂം, നീ റൂം എന്നിവയെക്കുറിച്ച് ആറടി ഉയരമുള്ള എനിക്ക് പരാതിയില്ല. പിന്നിലെ ഫ്ലാറ്റ് ഫ്ലോർ കയറി ഇറങ്ങുന്നതിന് സൗകര്യം കൂട്ടുന്നു. രണ്ടു പാളികളുള്ള പനോരമിക് സൺ റൂഫാണ് എൻ‌എക്സ് 350എച്ചിലുള്ളത്.

2487സി‌സി 4 സിലിണ്ടർ പെട്രോൾ എൻജിനും സ്വയം ചാർജ് ചെയ്യുന്ന ബാറ്ററി പാക്കുമാണ് എൻ‌എക്സ് 350 എച്ചിന്റെ ഊർജത്തിന് ഉറവിടം. ആറ്‌ സ്റ്റെപ്പുള്ള ഇ-സി‌വി‌ടിയിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറിനെയും പിന്നിലെ ആക്സിലിലുള്ള മോട്ടോറിനെയും പ്രവർത്തിപ്പിക്കുന്നത് ബാറ്ററിയാണ്. പെട്രോൾ എൻജിനും ബാറ്ററിയും ചേർന്ന് ഉൽപ്പാദിപ്പിക്കുന്ന പവർ 244 പി‌എസാണ്.  270 ന്യൂട്ടൻ മീറ്റർ ടോർക് പെട്രോൾ എൻജിനിൽനിന്നും 121 ന്യൂട്ടൻ മീറ്റർ ടോർക് ഇലക്ട്രിക് മോട്ടോറിൽനിന്നും പുറപ്പെടുവിക്കുന്നു. സുഖകരമായ റൈഡ് ക്വാളിറ്റിയും വളവുകളിൽ സ്റ്റഡിയുമാണ് ഈ മിഡ് സൈസ് എസ്‌യു‌വി.  സി‌വി‌ടിയുടെ തനതായ റബർ ബാൻഡ് എഫെക്ട് അറിയുന്നില്ല.

ബംഗളൂരുവിലുള്ള ടൊയോട്ട പ്ലാന്റിലെ ലെക്സസിന്റെ അസംബ്ലി ലൈനിൽനിന്ന്‌ ഇ‌എസ് സെഡാൻമാത്രമാണ് പുറത്തിറങ്ങുന്നത്. ലെക്സസ് എൻ‌എക്സ് 350 എച്ച് ഇന്ത്യയിൽ സി‌ബി‌യു (കംപ്ലീറ്റ് ബിൽട്ട് അപ് യൂണിറ്റ്) ആയാണ് എത്തുന്നത്.  ജർമൻ ബ്രാൻഡുകളായ മെർസിഡെസ് ജി‌എൽ‌സി, ബി‌എം‌ഡബ്ല്യു എക്സ്3, ഓഡി ക്യൂ5 കൂടാതെ വോൾവോ എക്സ്‌സി60, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് എന്നിവയെയാണ് എൻ‌എക്സ് 350 എച്ച് നേരിടുന്നത്. മുകളിൽ പറഞ്ഞ കാറുകളിൽ എൻ‌എക്സിനുമാത്രമാണ് ഹൈബ്രിഡ്! ആ ഒരു അഡ്വാൻഡേജ് വിൽപ്പനയിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണാം! ലെക്സസ് എൻ‌എക്സ് 350 എച്ചിന്റെ എക്സ് ഷോറൂം വില 64.9 ലക്ഷം രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top