കിയ അവരുടെ ഇലക്‌ട്രിക് വാഹന നിർമാണത്തിലുള്ള കഴിവ് തെളിയിക്കാനെന്നോണം നിരത്തിലിറക്കുന്ന വാഹനമാണ് ഇവി 6! മുഴുവനായും ഇറക്കുമതി ചെയ്ത് (സിബിയു) നൂറോളം യൂണിറ്റുകൾമാത്രം വിൽക്കാനാണ് കിയയുടെ ഇപ്പോഴത്തെ ലക്ഷ്യം!
ഒരു എസ്‌യുവിയുടെയും ഹാച്ച് ബാക്കിന്റെയും ക്രോസ് ലുക്കാണ് ഇവി 6ന് ഉള്ളത്. ബോണറ്റിലും വശങ്ങളിലും ബോൾഡ് ലൈനുകളും വീൽ ആർച്ചുകളിൽ മസ്സിൽ മുഴകളും ചേർന്ന് സ്ട്രോങ് ബോഡി ലുക്കും എൽഇഡി ഹെഡ്‌ലാമ്പിനുമുകളിലും താഴെയും ഒരേപോലെയുള്ള ഡിആർഎൽ, ഹെഡ്‌ലാമ്പുകളെ കൂട്ടിയോജിപ്പിക്കുന്ന നേരിയ ഗ്രില്ലും ചേർന്ന് ഇവി 6 ന്റെ മുൻവശത്തിന് ഡൈനാമിക് ലുക്ക് കൊടുക്കുന്നു. വശങ്ങളിൽനിന്ന് നോക്കുമ്പോൾ റൂഫ്‌ലൈൻ പിന്നിലേക്ക് ചാഞ്ഞിറങ്ങി സ്പോയിലറിൽ എത്തുന്നു, കൂട്ടത്തിൽ 19 ഇഞ്ച് അലോയ് വീലും കാറിന് എയ്റോ ഡൈനാമിക് ലുക്ക് കൊടുക്കുന്നു. പിൻവശത്തെ സ്പോർട്ടി സ്പോയിലറും മിനി വിങ് രൂപമുള്ള ടെയ്ൽ ലാമ്പും ചേർന്ന് ഭംഗിയാക്കുന്നു. ടെയ്ൽ ലാമ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ് ഇവി 6ന്റെ ഐഡന്റിറ്റിയായി മാറുന്നു.
ഇവി 6ന്റെ അകത്ത് ഒരു ആഡംബര കാറിന്റെ സമീപനമാണ് കിയ സ്വീകരിച്ചിരിക്കുന്നത്. അകത്തിരിക്കുമ്പോൾത്തന്നെ ഈ കാറിന്റെ വില അൽപ്പം കൂടുതലായിരിക്കുമെന്നുള്ള തോന്നൽ ഉണ്ടാകും! ഡിസൈനിലും സ്ഥലസൗകര്യത്തിലും ഒരു ആഡംബര കാറിന്റെ ക്വാളിറ്റി ഇവി 6 നിലനിർത്തുന്നു. എടുത്തുപറയേണ്ടത് മോസ്റ്റ് മോഡേൺ ഫ്‌ളോട്ടിങ് ഡിസൈനിൽ കൊടുത്തിരിക്കുന്ന സെന്റർ കൺസോളാണ്. ഇൻഫോടൈൻമെന്റ് സിസ്റ്റവും ഇൻസ്ട്രമെന്റ് ക്ലസ്റ്ററും കർവുള്ള 12.3 ഇഞ്ച് രണ്ട് യൂണിറ്റുകളും ഡാഷ് ബോർഡ് കാർബൺ ഫൈബർ ഡിസൈനിലുമാണ് ഉള്ളത്. തുടർ ഡിസൈൻ എന്നോണം ഫ്രന്റ് എൽബോ റെസ്റ്റിലും അതേ ഡിസൈൻതന്നെ കൊടുത്തിരിക്കുന്നു. മൂന്നുപേർക്കു സൗകര്യമായി ഇരിക്കാനുള്ള സ്ഥലമുണ്ടെങ്കിലും പിൻസീറ്റിൽ ഇരിക്കുമ്പോൾ ഫ്‌ളോറിന്റെ ഉയരക്കൂടുതൽമൂലം കാൽമുട്ട് ഉയർന്നുനിൽക്കുന്നതിനാൽ ദൂരയാത്രയിൽ അസൗകര്യം ഉണ്ടാകും!
ഫീച്ചറുകളിൽ 64 ആമ്പിയന്റ് കളർ ലൈറ്റിങ്, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്‌ഡ് ഔട്ടോ, 14 സ്പീക്കർ മറീഡിയൻ സൗണ്ട് സിസ്റ്റം, നോർമൽ സൺ റൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, വെന്റിലേറ്റഡ് സീറ്റ്, യുഎസ്‌ബി സ്ലോട്ട്, പിൻസീറ്റിന് താഴെയായി ലാപ്ടോപ്പും മറ്റും കണക്റ്റ് ചെയ്യാവുന്ന 3 പിൻ എസി ഔട്ട്‌ലെറ്റ് എന്നിവയാണ്. സുരക്ഷയുടെ കാര്യത്തിൽ അഡ്വാൻസ് ഡ്രൈവർ അസിസ്‌റ്റ് സിസ്റ്റം, മുന്നിലിരിക്കുന്ന യാത്രക്കാർ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനുള്ള സൈഡ് സെന്റർ എയർബാഗ് ഉൾപ്പെടെ 8 എയർബാഗുകളാണ് ഇവി 6ൽ ഉള്ളത്.
റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ജിടി ലൈൻ വേരിയന്റുകളിലാണ് ഇവി 6 ലഭിക്കുന്നത്. ഒരു മോട്ടോറുള്ള റിയർ വീൽ ഡ്രൈവ് ഉൽപ്പാദിപ്പിക്കുന്നത് 226 ബിഎച്ച്‌പിയും 350 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ്. അതേസമയം, രണ്ട് മോട്ടോറുള്ള ഓൾ വീൽ ഡ്രൈവ് വേർഷനിൽ കിട്ടുന്നത് 222 ബിഎച്ച്‌പിയും 350 എൻഎം ടോർക്കുമുന്നിലെ മോട്ടോറിൽനിന്നും കിട്ടുമ്പോൾ 98 ബിഎച്ച്‌പിയും 255 എൻഎം ടോർക്കുപിന്നിലെ മോട്ടോറിൽനിന്നും ഉൽപ്പാദിപ്പിക്കുന്നു. രണ്ടും കൂടി ചേർന്ന് 321 ബിഎച്ച്‌പിയും 605 എൻഎം ടോർക്കുമാണ്! നിന്ന നിൽപ്പിൽനിന്ന് 100 കിലോമീറ്റർ പ്രതി മണിക്കൂറിലെത്താൻ വെറും 5.2 സെക്കൻഡ് മാത്രം മതി! രണ്ട് വേരിയന്റുകളിലും ഉപയോഗിക്കുന്ന ഊർജം എത്തുന്നത് 77.4 കെഡബ്ല്യുഎച്ച് ലിഥിയം അയൺ ബാറ്ററിയിൽനിന്നുമാണ്. 350 കെഡബ്ല്യു ഡിസി ചാർജർ ഉപയോഗിച്ചാൽ 10 മുതൽ 80 ശതമാനംവരെ ചാർജ് ചെയ്യാൻ വെറും 18 മിനിറ്റ് മതിയാകും. എന്നാൽ, സാധാരണ 50 കെഡബ്ല്യു ചാർജറാണെങ്കിൽ ആ സ്ഥാനത്ത് 73 മിനിറ്റ് എടുക്കും. 528 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽനിന്നും കിട്ടുന്നതെന്ന് കിയ അവകാശപ്പെടുന്നു. റോഡിൽ ഏകദേശം 400 കിലോമീറ്ററെങ്കിലും പ്രതീക്ഷിക്കാം!
ഈക്കോ, നോർമൽ, സ്പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഇവി 6ന് ഉണ്ട്. ബ്രേക്കിലും നോർമൽ, സ്പോർട് എന്നീ രണ്ട് മോഡുകളുണ്ട്. സ്പോർട് മോഡിൽ ബ്രേക്കിങ് അൽപ്പം കടുപ്പത്തിലായിരിക്കും. കിയ ഇവി 6ന്റെ ബൂട്ട് കപ്പാസിറ്റി 520 ലിറ്ററാണ്. കൂടാതെ റിയർ വീൽ ഡ്രൈവ് വേരിയന്റിൽ ബോണറ്റിനടിയിൽ 52 ലിറ്ററും ഓൾ വീൽ ഡ്രൈവിൽ 20 ലിറ്ററും സ്റ്റോറേജ് സ്ഥലമുണ്ട്. കിയ ഇവി 6ന്റെ എക്സ് ഷോറൂം വില 59.95 ലക്ഷത്തിൽ തുടങ്ങി 64.95 ലക്ഷംവരെയാണ്!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..