28 September Thursday

കിയ കറെൻസ് ! അതെ, കാരെൻസ് അല്ല കറെൻസ്

സുരേഷ് നാരായണൻUpdated: Wednesday Feb 2, 2022


അതെ, കാരെൻസ് അല്ല കറെൻസ്. ആർ‌വി അതായത് റെക്രിയേഷണൽ വെഹിക്കിൾ എന്നാണ് കിയ ഈ എം‌പി‌വിയെ വിശേഷിപ്പിക്കുന്നത്! ഒറ്റനോട്ടത്തിൽ ഇതൊരു ഇലക്ട്രിക് കാറാണോ എന്ന് സംശയം തോന്നും വിധമാണ് കറെൻസിന്റെ ഫ്രൺന്റ്‌ എൻഡ് ഡിസൈൻ. വഴിയിൽ കണ്ട ഒന്നുരണ്ടുപേർ ചോദിക്കുകയും ചെയ്തു. ഹെഡ് ലാമ്പ്, ഗ്രിൽ ബംപറിലേക്ക് മാറ്റി ഗ്രിലിന്റെ സ്ഥാനത്ത് ഡിയമണ്ട് നർലിങ് പാറ്റേൺ കൊടുത്തിരിക്കുന്നതിനാലാണ് ഈ ഒരു ലുക്കായത്, എന്നാലും ഈ മോസ്റ്റ് മോഡേൺ ലുക്ക് ആകർഷകംതന്നെ. വ്യത്യസ്തതയുള്ള ഡിസൈനിൽ സ്റ്റാർ മാപ് ഡി‌ആർ‌എൽ, സൈഡ് ഇൻഡിക്കേറ്ററും 2 ഇൻ 1 ആയി പ്രവർത്തിക്കുന്നു. ക്രൌൺ ജുവൽ എൽ‌ഇ‌ഡി ഹെഡ് ലാമ്പും കൂടിച്ചേർന്ന് മുൻവശത്തിന് മനോഹാരിത കൂട്ടുന്നു.  16 ഇഞ്ച് ഡ്യുവൽ ടോൺ ക്രിസ്റ്റൽ കട്ട് അലോയ് വീലും വീതിയുള്ള പിൻ ഡോറും ഈ സെഗ്മെന്റിലെ ഏറ്റവും നീളമുള്ള വീൽ ബേസും (2780എം‌എം) ചേർന്ന് കറെൻസിന് നീളം കൂടുതലുള്ളതായി തോന്നും. ടെയ്ൽ ലാമ്പും സ്റ്റാർ മാപ് എൽ‌ഇ‌ഡി ആണ്. രണ്ട് ടെയ്ൽ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന റെഡ് റിഫ്ലെക്ടർ ഒറ്റ യൂണിറ്റാക്കി മാറ്റുന്നു. പിന്നിലെ ബംപറിൽ ക്രോം ഗാർണിഷ് ചെയ്ത് അതിൽ ഡയമണ്ട് നർലിങ് പാറ്റേൺ കൊടുത്തിരിക്കുന്നു. ഇതേ പാറ്റേൺ മുന്നിലുള്ള ബംപർ ക്രോം ഗാർനിഷിങ്ങിലും ഒരു ഡിസൈൻ എലമെന്റുപോലെ കാണാം.

സാധാരണ എം‌പി‌വിയുടെ ഇന്റീരിയർ ഡിസൈനെകാൾ മേൽത്തരമാണ് കാറൻസിന്റേത്. ഡാഷ് ബോർഡിൽ ഗ്ലോസ്സി പിയാനോ ബ്ലാക് ബാക്ക് ഗ്രൗണ്ടിൽ ഇരുവശങ്ങളിലും ടെക്ചർ കൊടുത്തിരിക്കുന്നു. ബംപറിലെ ക്രോം ഗാർനിഷിങ്ങിനോട് രൂപത്തിൽ സാമ്യമുള്ള സിൽവർ ഗാർനിഷിങ് ഡാഷ് ബോർഡിലും കൊടുത്തിരിക്കുന്നു. ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ്‌ വീലിന്റെ സ്പോക് കളിലും സിൽവർ ഗർനിഷിങ്ങുണ്ട്. 8 സ്പീക്കറുകളുള്ള ബോസ്സ് സൗണ്ട് സിസ്റ്റമുള്ള 12.5 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം ടി‌എഫ്‌ടി ടച്ച് സ്ക്രീനാണ്. 10.25 ഇഞ്ച് ഇൻസ്ട്രമെന്റ്‌ ക്ലസ്ടർ  നെക്സ്റ്റ് ജനറേഷൻ കിയ കണക്ടിൽ 66 കാർ ഫീച്ചറുകളുണ്ട്. സിൽവർ കൺട്രോൾ ബട്ടണുകൾ ആഡംബരകാറുകളുടെ ഫീൽ തരുന്നു. സെന്റർ കോൻസോളിന്റെ ഡിസൈനും മേൽത്തരം ജർമൻ കാറുകളുടേതുപോലെയാണ്. ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്ടർ, ടെലെസ്കോപിക് സ്റ്റീറിങ്‌ വീൽ നമ്മുടെ സൗകര്യം അനുസരിച്ച്‌ ക്രമീകരിക്കാം. ഡ്രൈവർ സീറ്റും പാസഞ്ചർ സീറ്റും വെന്റിലേറ്റെഡും മറ്റ് എല്ലാ  സീറ്റുകളും പെർഫോററ്റെഡുമാണ്. 6 സീറ്ററാണ് എനിക്കു ടെസ്റ്റ്‌ ഡ്രൈവിന് തന്നത്.

രണ്ടാംനിരയിൽ ക്യാപ്റ്റൻ സെറ്റുകളാണ്. സാധാരണ ഒരു ലിവർ വലിച്ചുപിടിച്ചാണ് മൂന്നാംനിരയിലേക്ക് കയറാൻ സീറ്റ് മടക്കുന്നത്. ആ സ്ഥാനത്ത് ഒരു ബട്ടൺ കൊടുത്തിരിക്കുന്നു. അത് പ്രസ് ചെയ്ത മാത്രയിൽ സീറ്റ് താനേ മടങ്ങി പിന്നിലേക്ക് കയറാനുള്ള സൗകര്യം ഒരുക്കുന്നു. ഈ കാരണംകൊണ്ടായിരിക്കാം രണ്ടാംനിര സീറ്റുകൾ അൽപ്പം ചെറുതാക്കിയത്. ഇതിന്റെ ഹാൻഡ് റസ്റ്റ് മറ്റ് ആഡംബരങ്ങൾക്ക് ചേരുന്ന നിലവാരം ഒട്ടും പുലർത്തുന്നില്ല. ഒരു വടിയിൽ കൃത്രിമ തുകൽ ചുറ്റിവച്ചിരിക്കുന്നതുപോലെയാണ് അതിന്റെ ഡിസൈൻ. ഇത് കണ്ണിൽ കരടാകുന്നു.  എല്ലാ നിരകളിലും ഇരിക്കുന്ന യാത്രക്കാർക്ക് യു‌എസ്‌ബി-സി ചാർജിങ് പോയിന്റ്‌ കൊടുത്തിരിക്കുന്നു. ഡ്രൈവർ സീറ്റിനുപിന്നിൽ വായുശുദ്ധീകരണ യന്ത്രവും കൊടുത്തിട്ടുണ്ട്. രണ്ടാംനിരയിലെയും മൂന്നാംനിരയിലെയും യാത്രക്കാർക്കായി റൂഫിൽ ഡിഫ്ഫ്യൂസർ ഉള്ള  എ‌സി വെന്റിലേറ്റർ കൊടുത്തിരിക്കുന്നു. മൂന്നാംനിര സീറ്റ് 33 ഡിഗ്രിവരെ ചരിക്കാവുന്നതാണ്.  ഇടത്തേ മുൻ സീറ്റിനുപിന്നിലായി ഒരു ചെറിയ ടേബിളുണ്ട്. മൂന്നു കിലോവരെ ഭാരം എടുക്കും എന്നെഴുതിയിട്ടുണ്ടെങ്കിലും സംശയമാണ്. ഇത്തരം ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്ചാൽ കറെൻസിന്റെ അകം ആഡംബര കാറുകൾപോലെയാണ്.

4 ടി ജി‌ഡി‌ഐ, 1.4 ഡി‌പി‌എഫ്‌ഐ എന്നീ പെട്രോൾ വേരിയന്റുകളും 1.5 സി‌ആർ‌ഡി‌ഐ ഡീസൽ എൻജിനുമാണ് കറെൻസിന്റെ ഊർജത്തിന് ഉറവിടം. ഇതിൽ 1.5 സി‌ആർ‌ഡി‌ഐ 6 സീറ്റർ ഓട്ടോമാറ്റിക് വേരിയന്റാണ് എനിക്ക് ടെസ്റ്റ്‌ ഡ്രൈവിനായി തന്നത്. ഈ എൻജിന്റെ മാക്സിമം പവർ 4000 ആർ‌പി‌എമ്മിൽ 115 പി‌എസ് ആണ്. മാക്സിമം ടോർക് 1500 മുതൽ 2750 ആർ‌പി‌എം വരെ 240 ന്യൂട്ടൻ മീറ്ററാണ്. ഇതിനെ 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ടു ട്രാൻസ്മിഷനുകളിൽ പാഡിൽ ശിഫ്റ്റോടുകൂടി ലഭ്യമാണ്. വളരെ പരിമിതമായ എൻജിൻ ശബ്ദമാണ് ഇതിന്റെ പ്രത്യേകത, ക്യാബിന്റെ സൗണ്ട് ഇൻസുലേഷൻകൂടിയാകുമ്പോൾ അകം നിശ്ശബ്ദമാകുന്നു.

സുരക്ഷാ ഫീച്ചറുകളിൽ 6 എയർ ബാഗുകൾ, എല്ലാ വീലുകളിലും ഡിസ്ക് ബ്രെക്, ഇവ എല്ലാ വേറിയന്റുകളിലും ഉണ്ടായിരിക്കും. റിയർ പാർക്കിങ് സെൻസർ, ഇലക്ട്രോണിക് സ്പീഡ് കൺട്രോൾ, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്‌, ഹിൽ സ്റ്റാർട്ട് അസ്സീസ്റ്റ് കൺട്രോൾ, ഡൌൺ ഹിൽ ബ്രേക് കൺട്രോൾ, ബ്രേക് അസ്സീസ്റ്റ്, എ‌ബി‌എസ് എന്നിവയാണ് പ്രധാനപ്പെട്ടവ.

കിയ കറെൻസിന്റെ വില 14 ലക്ഷംമുതൽ 18.5 ലക്ഷംവരെ പ്രതീക്ഷിക്കാവുന്നതാണ്. കിയയുടെ മറ്റ് മോഡലുകൾക്ക് കിട്ടിയ സ്വീകരണം കറെൻസിനും പ്രതീക്ഷിക്കാമോ? കാത്തിരുന്ന് കാണാം !   


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top