12 August Friday

ജാഗ്വാർ ഐ പേസ് എച്ച്‌എസ്‌ഇ

സുരേഷ് നാരായണൻUpdated: Wednesday Feb 16, 2022

2020 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നോക്കിയാൽമതി വാഹന നിർമാതാക്കൾ എത്രത്തോളം സീരിയസാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ എന്നു മനസ്സിലാകും. ആഡംബരവാഹന നിർമാതാക്കൾ അവരവരുടെ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കിക്കഴിഞ്ഞു. ഈ ലക്കത്തിൽ ഫീച്ചർ ചെയ്യുന്നത് ജാഗ്വാർ ഐ പേസ് എച്ച്എസ്ഇ എന്ന ഇലക്ട്രിക് കാറാണ്.

ഒരു തോക്ക് ഫയർ ചെയ്യുമ്പോൾ ഉണ്ടാകുന്ന റീകോയിലിനോട് ഉപമിക്കാവുന്നതാണ് ജാഗ്വാർ ഐ പേസിന്റെ ആക്സിലറേറ്റർ മുഴുവനായി അമർത്തുമ്പോൾ സീറ്റിലിരിക്കുന്നവരുടെ പ്രതികരണം. 400 ബി‌എച്ച്‌പി, 696 ന്യൂട്ടൻ മീറ്റർ ടോർക്, വിജനമായ റോഡ്, ആക്സിലറേറ്ററിൽ കാലമരുമ്പോൾ നിമിഷാർധംകൊണ്ടുണ്ടാകുന്ന കുതിപ്പ് യാത്രക്കാരെ സീറ്റിലേക്ക് അമർത്തുന്നു. നിന്നനിൽപ്പിൽനിന്ന്‌ 100 കിലോമീറ്റർ പ്രതി മണിക്കൂറിലെത്താൻ വെറും 4.8 സെക്കൻഡ് മതി! ആക്സിലറേറ്ററിൽനിന്ന്‌ കാല് മാറ്റുമ്പോൾ റീജനറേറ്റീവ് ബ്രേക് വാഹനത്തെ സ്ലോ ആക്കുന്നു. ഹൈ, ലോ എന്നീ രണ്ട് മോഡുകൾവഴി  റീജനറേറ്റീവ് ബ്രേക് ഉപയോഗിക്കാം. ട്രാഫിക് ബ്ലോക്കിൽ നിരങ്ങിനീങ്ങുമ്പോൾ കാറ് നിർത്താൻ ബ്രേക് പെഡൽ അമർത്തേണ്ട ആവശ്യം ഇല്ല! ഇലക്ട്രിക് മോട്ടോറുകളുടെ പ്രത്യേകതകളാണിത്. മുന്നിലെയും പിന്നിലെയും ആക്സിലുകളിലുള്ള രണ്ടു മോട്ടോറുകളാണ് ഐ പേസിന്റെ ശക്തിക്കുറവിടം. രണ്ട് ആക്സിലുകൾക്ക് ഇടയിലുള്ള സ്ഥലത്ത് ഫ്ലോറിന് താഴെയായി ബാറ്ററി വച്ചിരിക്കുന്നു. ഇതിനാൽ കാറിന്റെ ഭാരവിന്യാസം മെച്ചപ്പെടുകയും സെന്റർ ഓഫ് ഗ്രാവിറ്റി താഴെയാകുകയും ചെയ്യുന്നു. ഇത് കാറിനെ അതിവേഗതയിലും സുസ്ഥിരമാക്കുന്നു.

പെർഫോമൻസ് മാത്രമല്ല കാണാനും ഐ പേസ് വളരെ ആകർഷകമാണ്. എൻജിന്റെ അഭാവത്തിൽ ബോണറ്റിന് നീളം കുറച്ചിരിക്കുന്നു. അൽപ്പം ഉയർന്ന് പിന്നെ  സിഗ്‌നേചർ ജാഗ്വാർ ഗ്രിൽവരെ താഴ്ന്നിറങ്ങുന്ന ബോണറ്റ്, ഗ്രില്ലിൽ തുടങ്ങി ബോണറ്റിന്റെ നടുക്കുവരെ എത്തുന്ന സ്കൂപ് വായുപ്രവാഹം സുഗമമാക്കുന്നു. വശങ്ങളിൽനിന്ന്‌ നോക്കുമ്പോൾ കാറിന്റെ എയ്റോഡൈനാമിക് നിൽപ്പ് എടുത്തുകാണിക്കും. മുന്നിൽ നേരിയതും പിന്നിലേക്ക് വരുമ്പോൾ ഉയരം കൂടുകയും ചെയ്യുമ്പോൾ എസ്‌യു‌വിക്ക്‌ ഒരു കൂപേ ലുക്ക് ആകുന്നു. ടെയ്ൽ ലാമ്പിൽ ജാഗ്വാറിന്റെ സിഗ്‌നേചർ ഡി‌ആർ‌എൽ, ഡൈനാമിക് സ്പോയിലർ, വീതികുറഞ്ഞ വിൻഡ് ഷീൽഡ്, കറുത്ത ബമ്പർ, സിൽവർ സ്കിട് പാഡ് എന്നിവയും ചേർന്ന് ഈ പേസിനെ ഏറ്റവും ആകർഷകമായ ഇലക്ട്രിക് എസ്‌യു‌വി ആക്കി മാറ്റുന്നു.

പുറംമോഡിപോലെ അകവും ആകർഷകമാണ്, മാത്രമല്ല, ആഡംബരവും. ഐ പേസിന് പ്രത്യേകം ഡിസൈൻ ചെയ്തതാണ് മറ്റ് ജാഗ്വാർ എസ്‌യു‌വികളിൽനിന്ന്‌ തികച്ചും വ്യത്യസ്തം! മൂന്ന് തലങ്ങളിലായാണ് ഡാഷ് ബോർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. സെന്റർ കൺസോളിൽ ഒരുവശത്തായി ഡ്രൈവ് ഫീച്ചറുകൾക്കുള്ള ബട്ടൺസ് കൊടുത്തിരിക്കുന്നു.

ലിവർ ഒഴിവാക്കി ഡ്രൈവ്, ന്യൂട്രൽ, റിവേഴ്സ്, പാർക്ക് എന്നിങ്ങനെ ബട്ടണുകൾ മറുവശത്തും കാണാം. ക്ലൈമറ്റ് കൺട്രോളിനും ടച്ച് സ്ക്രീൻ ഉണ്ട്. ഐ പേസിലാണ് ആദ്യമായി ജാഗ്വറിന്റെ ടച്ച് പ്രോ ഡ്യുവോ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ടച്ച് സ്ക്രീനും ബട്ടണുകളും, ഡയലുകളും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു, അതിനാൽ രണ്ടുതരത്തിൽ ഫങ്ഷനുകൾ ഓപ്പറേറ്റ് ചെയ്യാം. മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാവുന്ന സ്ഥലസൗകര്യം ഐ പേസിൽ ഉണ്ട്. പനോരമിക് സൺ റൂഫ് ഫിക്സ് ചെയ്തിരിക്കുന്നതാണ്, തുറക്കാൻ പറ്റില്ല. ഒന്നുരണ്ട് കുറവുകൾ എനിക്കു തോന്നി. ഒന്ന്, അകത്തെ റിയർ വ്യൂ കണ്ണാടിയിൽ കിട്ടുന്ന കാഴ്ച വളരെ ഇടുങ്ങിയതാണ്. രണ്ട് ബൂട്ടിന്റെ സിംഹഭാഗവും കൈയേറിയിരിക്കുന്നത് സ്പേയർ വീലാണ്!

ഫീച്ചറുകളിൽ മാട്രിക്സ് എൽ‌ഇ‌ഡി ഹെഡ് ലൈറ്റ്, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ, ഓൾ വീൽ ഡ്രൈവ്, ഐ പേസ് ആപ്, സ്മാർട്ട് ഫോൺ വഴി ഓപ്പറേറ്റ് ചെയ്യാവുന്ന റിമോട്ട് ആപ്, എസ്‌ഒഎസ് അസിസ്റ്റൻസ് എന്നിവയാണ്

100kW ഡി‌സി റാപിഡ് ചാർജിങ് ചെയ്താൽ 80 ശതമാനംവരെ ആകാൻ വെറും 40 മിനിറ്റ് മതി. എന്നാൽ, വീട്ടിലെ സാധാരണ പ്ലഗ്ഗിൽനിന്ന്‌ ചാർജ് ചെയ്യുമ്പോൾ ഏകദേശം 10 മണിക്കൂർ വേണ്ടിവരും 80 ശതമാനം ചാർജ് ആകാൻ! 1.12 കോടി രൂപയാണ് ജാഗ്വാർ ഐ പേസ് എച്ച്‌എസ്‌സിയുടെ എക്സ് ഷോറൂം വില!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top