26 April Friday

ഇന്ത്യയിൽ ആദ്യമായി മാറ്റിവയ്ക്കാവുന്ന ബാറ്ററിയുമായി ഇൻഫിനിറ്റി ഇ വൺ

സുരേഷ് നാരായണൻUpdated: Wednesday Feb 23, 2022


ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ ഉപയോക്താക്കളിൽനിന്ന്‌ അകറ്റിയിരുന്ന കാരണങ്ങളിൽ ഒന്ന് ഒരു ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിമിതിയായിരുന്നു. അതിനു പരിഹാരമായി കണ്ടത് പെട്രോൾ പമ്പുകൾ ഉള്ളതുപോലെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതാണ്. അപ്പോഴും ബാറ്ററി ചാർജ് ചെയ്യാനുള്ള സമയം കടമ്പയായി. ഈ കടമ്പ മറികടക്കാനായി ബംഗളൂരു ആസ്ഥാനമായ ബൌൺസ് എന്ന കമ്പനി ഇന്ത്യയിൽ ആദ്യമായി മാറ്റിവയ്ക്കാവുന്ന ബാറ്ററിയുമായി ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഇറക്കുന്നു. അതാണ് ഇൻഫിനിറ്റി ഇ വൺ!

ഈ സ്കൂട്ടർ ബാറ്ററിയോടുകൂടിയും ബാറ്ററി ഇല്ലാതെയും വാങ്ങിക്കാം എന്നുള്ളതാണ് പ്രത്യേകത. ബാറ്ററി ഉൾപ്പെടെ വാങ്ങിക്കുമ്പോൾ വില 59,999 രൂപയും ബാറ്ററിയില്ലാതെ വില 45,000 രൂപയുമാണ്. ഗവൺമെന്റ്‌  സബ്സിഡി കഴിഞ്ഞിട്ടുള്ള വിലയാണിത്.  ബാറ്ററി ഇല്ലാതെ വാങ്ങിക്കുന്നവർ ‘ബാറ്ററി ആസ് എ സർവീസ്’ എന്ന പ്ലാൻ സബ്സ്ക്രൈബ് ചെയ്യണം. ചാർജ് തീരുന്ന ബാറ്ററികൾ അവരുടെ ചാർജിങ് സ്റ്റേഷനുകളിൽ ചാർജ് ചെയ്തവയുമായി മാറ്റാവുന്നതാണ്. സാധാരണ സ്റ്റോറുകളിൽ സ്ഥാപിക്കാവുന്ന രീതിയിലാണ് ചാർജിങ് സ്റ്റേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്.  ബാറ്ററിയോടെ വാങ്ങിക്കുന്നവർക്ക് സൗകര്യമായി എടുത്തുമാറ്റി ചാർജ് ചെയ്യാവുന്നതാണ്. നാലുമുതൽ അഞ്ചുമണിക്കൂർവരെയാണ് ചാർജിങ് സമയം. ബാറ്ററി ഐ‌പി67 വാട്ടർ പ്രൂഫാണ്, സീറ്റിനടിയിലുള്ള സ്ഥലത്താണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്.  കൂടാതെ, യു‌എസ്‌ബി ചാർജിങ് പോയിന്റും ഒരു ഹാഫ് ഫേസ് ഹെൽമെറ്റ് വയ്‌ക്കാനുള്ള സ്ഥലവുമുണ്ട്.

ഫുൾ ചാർജിൽ 85 കിലോമീറ്റർ ദൂരംവരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1500 ബ്രഷ് ലെസ്സ് ഡി‌സി മോട്ടോർ 65 കിലോമീറ്റർ പ്രതിമണിക്കൂറാണ് ഏറ്റവും കൂടുതൽ വേഗം. മുന്നിൽ ഫോർക്കും പിന്നിൽ ട്വിൻ സസ്പെൻഷനുമാണുള്ളത്. റീജനറേറ്റീവ് ബെക്കിങ് സിസ്റ്റം ഉള്ള ഡിസ്ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലും. അലോയ് വീലുകളിൽ ട്യൂബില്ലാത്ത ടയറുകളാണ്. ഹെഡ് ലാമ്പും ടെയിൽ ലാമ്പും എൽ‌ഇ‌ഡിയാണ്.  സ്മാർട്ട് ഫോൺ കണക്ട് ചെയ്യാവുന്ന ഇൻസ്ട്രുമെന്റ്‌ ക്ലസ്റ്റർ മുഴുവനായും ഡിജിറ്റലാണ്. കണക്‍റ്റഡ് ഫീച്ചറുകളിൽ ജിയോ ഫെൻസിങ്, കളവിനുള്ള ശ്രമവും പാർക്ക്‌ ചെയ്ത സ്ഥലത്തുനിന്ന് നീക്കാനുള്ള ശ്രമവും സൂചിപ്പിക്കും, റിമോട്ട് ട്രാക്കിങ് സാധ്യമാണ്, പഞ്ചറായാൽ സുഗമമായി നീക്കാവുന്ന ക്രവ്ൾ മോഡ്, റിവേഴ്സ് മോഡ് എന്നിവയാണ് പ്രധാനപ്പെട്ടത്. 

ഇൻഫിനിറ്റി ഇ വൺ  റെഡ്, ഗ്രേ, വൈറ്റ്, ബ്ലാക്ക്‌, സിൽവർ എന്നിങ്ങനെ അഞ്ചു നിറങ്ങളിൽ ലഭ്യമാണ്. നമ്മൾ ഇഷ്ടപ്പെടുന്ന നിറത്തിൽ കമ്പനി നിയമിച്ചിരിക്കുന്ന ആർട്ടിസ്റ്റുകളുടെ സഹായത്തോടെ സ്റ്റിക്കറുകളും മറ്റും ഉപയോഗിച്ച് മോടിപിടിപ്പിക്കാവുന്ന സ്ലീക് ഡിസൈനാണ് ഈ സ്കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top