01 October Sunday

ഹുൺഡായ് വെന്യു

സുരേഷ് നാരായണൻUpdated: Wednesday Jun 29, 2022

മാസത്തിൽ പതിനായിരത്തിൽപ്പരം യൂണിറ്റുകൾ വിറ്റഴിയുന്ന നാലു മീറ്ററിനു താഴെയുള്ള മിഡ് സൈസ് എസ്‌യു‌വിയാണ് 2019 നിരത്തിലിറക്കിയ ഹുൺഡായ് വെന്യു! 2022ൽ പുറത്തിറങ്ങുന്ന വെന്യുവിൽ ഫേസ് ലിഫ്റ്റിന് എന്തെല്ലാം മാറ്റങ്ങളാണ് ഹുൺഡായ് വരുത്തിയിരിക്കുന്നത് എന്നു നോക്കാം! 


 

ഹാലൊജനിൽനിന്ന്‌ ഹെഡ് ലാമ്പ് എൽ‌ഇ‌ഡി പ്രൊജക്ടറാക്കി ചുറ്റിനും ഡി‌ആർ‌എൽ കൊടുത്തിരിക്കുന്നു. ഗ്രില്ലിന് ഫാമിലി ഡിസൈൻ എന്നോണം പിയാനോ ബ്ലാക്കും ക്രോം ഫിനിഷും ചെയ്‌തിരിക്കുന്നു.  ദീർഘചതുരത്തിലുള്ള ബംബറിലേക്ക് കയറിനിൽക്കുന്ന സ്കിഡ് പ്ലേറ്റ് മാറ്റുകൂട്ടുന്നു, എന്നാൽ, ഫോഗ്ഗ് ലാമ്പ് ഇല്ല. സൈഡ് ഇന്റികെറ്ററും റീ ഡിസൈൻ ചെയ്തിരിക്കുന്നു.   നീളത്തിനും വീതിക്കും മാറ്റമൊന്നുമില്ലാതെ നിലനിർത്തിയിരിക്കുകയാണ് വെന്യുവിൽ. അതിനാൽ വശങ്ങളിലുള്ള വ്യത്യാസം അലോയ് വീലിന്റെ പുതിയ ഡിസൈനിലാണ്. ഗ്രേ നിറത്തിലുള്ള സൈഡ് സ്കേർട്ടും റൂഫ് റെയിലും ചേർന്ന് വശങ്ങൾ മനോഹരമാക്കുന്നു. വശങ്ങളിലെ കണ്ണാടി സെൽഫ് ഫോൾഡിങ്ങാക്കി താഴെ പഡിൽ ലാമ്പ് കൊടുത്തിരിക്കുന്നു.   സ്വാഗതാർഹമായ മാറ്റമാണ് പിന്നിൽ വരുത്തിയിരിക്കുന്നത്. ഒരു ബ്ലോക്കായിരുന്ന ടെയിൽ ലാമ്പ് ഇപ്പോൾ എച്ച് ഷേപ്പിൽ ലൈറ്റ് ബാർ കൊടുത്ത് അറ്റങ്ങളിൽ ലെയർ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു. ബംബറും സ്കിഡ് പ്ലേറ്റും കൂടിച്ചേരുമ്പോൾ ഒരു സ്കോയറിഷ് ലുക്കാണ് വെന്യുവിന്റെ പിന്നിൽനിന്നും.


 

ഡാഷ് ബോർഡിന്റെ മുകളിൽ കറുത്തതും താഴെ ലൈറ്റ് ബീജും നിറത്തിൽ ഡ്യുവൽ ടോണാണ്. എ‌സി വെന്റിലേഷനിലും ഡോർ ഓപ്പണറിലും കൂടാതെ ഗിയർ ഷിഫ്റ്റ്‌ ബേസിലും സ്റ്റീറിങ്‌ വീലിലും സിൽവർലൈനിങ് കൊടുത്തിരിക്കുന്നു. ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ്‌ വീലിൽ വോയ്സ് കമാൻഡ്‌ ഉൾപ്പെടെയുള്ള ബട്ടണുകൾ ചേർത്തിരിക്കുന്നു. ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ കളർ ടി‌എഫ്‌ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയാണ്, അതിൽ ടേൺ ബി ടേൺ നാവിഗേഷനും കാണാം. ഓട്ടോമാറ്റിക് വേരിയന്റിൽ ഡ്രൈവ് മോഡ് അനുസരിച്ച് ഡിസ്‌പ്ലേയുടെ നിറം മാറുന്നു. ഹുൺഡായ്‌യുടെ ബ്ലൂ ലിങ്ക് ടെലേമാറ്റിക്സ് വഴി 10 പ്രാദേശിക ഭാഷകൾ ഉൾപ്പെടെ അറുപതിൽപ്പരം കണക്‍റ്റഡ് ഫീച്ചറുകളുള്ള എട്ട്‌ ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റമാണ് വെന്യുവിൽ കൊടുത്തിരിക്കുന്നത്. ഹോം ടോ കാർ അലക്സ ഗൂഗിൾ വോയ്സ് അസിസ്റ്റന്റും ഇതിലുണ്ട്. നാലുതരത്തിൽ അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഡ്രൈവർ സീറ്റ്, സ്മാർട്ട് സൺ റൂഫ്, രണ്ടുതരത്തിൽ ചാരി ഇരിക്കാവുന്ന പിൻസീറ്റ്, മുൻസീറ്റിന്റെ പിന്നിൽ സ്കൂപ്പ് കൊടുത്ത് പിന്നിൽ ഇരിക്കുന്നവർക്ക് നീറൂം കൂട്ടിയിരിക്കുന്നു. പിൻസീറ്റ് യാത്രക്കാർക്കായി രണ്ട് സി ടൈപ്പ് ചാർജിങ് പോയിന്റുമുണ്ട്.  

എനിക്ക്‌ ഡ്രൈവ് ചെയ്യാൻ കിട്ടിയത്‌ 118 ബി‌എച്ച്‌പിയും 172 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒരുലിറ്റർ ടർബോ ജി‌ഡി‌ഐ പെട്രോൾ എൻജിൻ വേരിയന്റാണ്. ഈ എൻജിനെ സെഗ്മെന്റിൽ ആദ്യമായി ഡി‌സി‌ടി ഗിയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെന്യുവിന്റെ എതിരാളികളിൽ എല്ലാവർക്കും ഓട്ടോ മാന്വൽ ഗിയർ ബോക്സ് അല്ലെങ്കിൽ ടോർക് കൺവേർട്ടറാണുള്ളത്. തുടക്കത്തിൽ അൽപ്പം  ലാഗ് തോന്നിക്കുമെങ്കിലും പിന്നെ വളരെ സ്മൂത്താകുന്നു. ഗിയർ മാറുന്നത് അറിയുകയേ ഇല്ല. കടുത്ത ട്രാഫിക്കിൽ അനായാസം റോൾ ചെയ്യാനും ഹൈവേയിൽ ഹൈ സ്പീഡ് ക്രൂസ് ചെയ്യാനും ഈ എൻജിന് സാധിക്കുന്നു. ഔട്ടോമാറ്റിക്കിന് പാഡിൽ ഷിഫ്റ്റും എക്കോ, സ്പോർട്ട്, നോർമൽ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുമുണ്ട്. ഇത് സെന്റർ കൺസോളിൽ കൊടുത്തിരിക്കുന്ന നോബ് വഴി പ്രവർത്തിപ്പിക്കാവുന്നതാണ്. 1.2 ലിറ്റർ എം‌പി‌ഐ പെട്രോൾ, 1.5 ലിറ്റർ സി‌ആർ‌ഡി‌ഐ ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകൾകൂടി വെന്യുവിനുണ്ട്. ഡീസൽ എൻജിന് മാന്വൽ ഗിയർ ബോക്സ് മാത്രമേ ഉള്ളൂ, ഔട്ടോമാറ്റിക് ഇല്ല. ഫാസ്റ്റ് കോർണറുകളിൽ അൽപ്പം റോൾ ഉണ്ടെങ്കിലും പൊതുവേ സ്റ്റെബിളാണ്,  കുഴികളിലും മറ്റും സുഗമമായി മുന്നേറുന്നു. 

ഇ‌ബി‌ഡിയുള്ള എ‌ബി‌എസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ബ്രേക്ക്‌ അസിസ്റ്റ് സിസ്റ്റം, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്‌, ഹിൽ അസിസ്റ്റ് കൺട്രോൾ, ഗൈഡ് ലൈൻസുള്ള ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് സുരക്ഷയ്ക്കായി വെന്യുവിലുള്ളത്.  7.53 ലക്ഷംമുതൽ 12.72 ലക്ഷംവരെയാണ് ഹുൺഡായ് വെന്യുവിന് വിലയിട്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top