30 November Thursday

ഹുൺഡായ് ടൂസോൺ

സുരേഷ് നാരായണൻUpdated: Wednesday Aug 17, 2022

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഒരു കാർ വാങ്ങാനുള്ള കഴിവ് ചെറുപ്പക്കാരിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.  പ്രീമിയം എസ്‌യു‌വികളുടെ ഗണത്തിൽപ്പെടുന്ന ഹുൺഡായ് ടൂസോൺ ചെറുപ്പക്കാരെ ഉന്നംവച്ച് വിപണിയിലിറക്കിയതാണ്. അതുകൊണ്ടായിരിക്കണം ഡിസൈനിന്റെ കാര്യത്തിൽ ഹുൺഡായ് ഒരു യാഥാസ്ഥിതികസമീപനം സ്വീകരിച്ചത്.


 

കറുത്ത ക്രോം ഫിനിഷിൽ വലിയ പാരാമെട്രിക് ഗ്രിലാണ് ആദ്യം ശ്രദ്ധ ആകർഷിക്കുന്നത്. ഗ്രില്ലിന്റെ ഇരുവശത്തും അതേ ഡിസൈനിൽ ഡി‌ആർ‌എൽ ചേർത്തിരിക്കുന്നു. ഡി‌ആർ‌എൽ അണഞ്ഞിരിക്കുമ്പോൾ ഗ്രില്ലിന്റെ ഭാഗം എന്ന രീതിയിലാണെങ്കിൽ തെളിയുമ്പോൾ വിരിഞ്ഞിരിക്കുന്ന പക്ഷിച്ചിറകുപോലെയാണ് കാണപ്പെടുന്നത്. താരതമ്യേന വലിപ്പം കുറഞ്ഞ എം‌എഫ്‌ആർ എൽ‌ഇ‌ഡി ഹെഡ്‌ലാമ്പാണ് ടോസോണിന്റേത്. മുൻവശം ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുമെങ്കിലും വശങ്ങളിലേക്ക് വരുമ്പോൾ സ്ഥിതി മാറുന്നു!  ടെയ്ൽ ലാമ്പിൽനിന്ന്‌ തുടങ്ങി മുൻ ഡോറിൽ എത്തി രണ്ടായി തിരിയുന്ന ഷോൾഡർ ലൈൻ അരോചകമാകുന്നു. ഇത് വീൽ ആർച്ചിന് മസ്സിൽ ബൾജ് കൊടുക്കുമെങ്കിലും ആ ഒരു ഒഴുക്കിനെ മുറിക്കുന്നു. ഈ ഒരു ഡിസൈൻ ലാങ്ഗ്വേജ് രണ്ടഭിപ്രായം ഉണ്ടാക്കുമെന്നതിൽ സംശയം ഇല്ല! റൂഫ് റെയിൽ, ഷാർക്ക് ഫിൻ അന്റെന, ക്ലാഡിങ്ങുള്ള വീൽ ആർച്ച് എന്നിവ കൂടാതെ പുതിയ ഡയമണ്ട് കട്ട് അലോയ് വീലും വളരെ ആകർഷകമാണ്. പിന്നിൽ സ്പോയിലറിൽ മറഞ്ഞിരിക്കുന്ന വൈപ്പർ ബ്ലേഡ്, ഹുൺഡായ് ബാഡ്‌ജിങ് പാനലിൽനിന്ന്‌ മാറ്റി ഗ്ലാസിൽ കൊടുത്തിരിക്കുന്നു. തമ്മിൽ കണക്ട് ചെയ്യുന്ന എൽ‌ഇ‌ഡി ടെയ്ൽ ലാമ്പുകൾ ടൂസോണിന്റെ പിൻഭാഗം ഭംഗിയാക്കുന്നു.


 

ജർമൻ ആഡംബര കാറുകളുടെ തലത്തിൽ എത്തുന്ന ഇന്റീരിയർ ഡിസൈനാണ് ടൂസോണിലുള്ളത്. ബ്ലാക്കും ലൈറ്റ് ഗ്രേയും കോമ്പിനേഷനിലുള്ള കളർ സ്കീം ഒരു പ്ലെസന്റ്‌ ഫീൽ തരുന്നു. ഇരുവശങ്ങളിൽനിന്നും സെന്റർ കാൻസൊളിലേക്ക് ഒഴുകിയെത്തുന്ന ക്രോം ലൈനും തലങ്ങൾ ഇല്ലാത്ത ലളിതമായ ഡാഷ്‌ബോർഡ് വില കൂടിയ ആഡംബര കാറുകൾക്കൊപ്പം നിൽക്കുന്നു!  സെഗ്മെന്റിൽ ആദ്യമായി മൾട്ടി എയർ മോഡുള്ള കംപ്ലീറ്റ്‌ ഓട്ടോമാറ്റിക് ടെംപറേച്ചർ കൺട്രോൾ എ‌സിയും ഓട്ടോമാറ്റിക് ഡീഫോഗ്ഗറും ലംബർ സപോർട്ട്, സീറ്റ് പൊസിഷൻ മെമ്മറി ഫങ്‌ഷൻ, ഹീറ്റ് ചെയ്യാവുന്ന വെന്റിലേറ്റഡ് മുൻ സീറ്റുകൾ, പാസഞ്ചർ സീറ്റ് എട്ടുതരത്തിലും ഡ്രൈവർ സീറ്റ് 10 തരത്തിലും അഡ്‌ജസ്റ്റ് ചെയ്യാവുന്നതാണ്. പിന്നിലിരിക്കുന്നയാൾക്ക് മുന്നിലെ പാസഞ്ചർ സീറ്റ് അഡ്‌ജസ്റ്റ് ചെയ്യാനായി ബട്ടൻ കൊടുത്തിരിക്കുന്നു. പനോരമിക് സൺ റൂഫ് ക്യാബിന് വിശാലമായ പ്രതീതി നൽകുന്നു. 10.25 ഇഞ്ച് ഫ്ലോട്ടിങ് ടൈപ്പ് ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ, സെഗ്‌മെന്റിൽ ആദ്യമായി ഡോർ പോക്കറ്റ് ലൈറ്റ്, 64 കളർ ആമ്പിയന്റ്‌ ലൈറ്റിങ്, അറുപതിൽപ്പരം ഫീച്ചറുകളുള്ള ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി, ഹോം ടു കാർ അലെക്സ വോയ്സ് കമാൻഡ്‌, 10.25 ഇഞ്ച് ഓഡിയോ–-വീഡിയോ നാവിഗേഷൻ സിസ്റ്റം,  ബോസ്സ് സൗണ്ട് സിസ്റ്റം എന്നിവയാണ് ഇന്റീരിയർ ഫീച്ചറുകളിൽ പ്രധാനപ്പെട്ടത്! സെഗ്മെന്റിൽ ഏറ്റവും നീളമുള്ള വീൽ ബേസാണ് (2755എം‌എം) ടൂസോണിന്. അത് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് രണ്ടാംനിര യാത്രക്കാർക്കാണ്. മൂന്നാംനിരയുടെ അഭാവം ഒരു പരാതിക്ക് സാധ്യതയുണ്ടാക്കുന്നു. 

ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയറുമായി ബന്ധിപ്പിച്ച, 154 ബി‌എച്ച്‌പിയും 192 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന രണ്ടുലിറ്റർ 4 സിലിണ്ടർ മൾട്ടി പോയിന്റ്‌ ഇൻഡയറക്ട് ഇഞ്ചക്‌ഷൻ പെട്രോൾ എൻജിൻ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയറുമായി ബന്ധിപ്പിച്ച,  183 ബി‌എച്ച്‌പിയും 416 ന്യൂട്ടൻ മീറ്റർ ടോർക്കും പുറപ്പെടുവിക്കുന്ന രണ്ടുലിറ്റർ സി‌ആർ‌ഡി‌ഐ ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് എൻജിൻ വേറിയന്റുകളിൽ ടൂസോൺ ലഭ്യമാണ്. ഡീസൽ എൻജിൻ വേരിയന്റാണ് എനിക്ക് ടെസ്റ്റ്‌ ഡ്രൈവിനായി ലഭിച്ചത്.  വേരിയബിൾ ജീയോമെട്രി ടർബോ ചാർജറുള്ള എൻജിൻ വളരെ റിഫൈൻഡാണ്. ഓൺ ചെയ്തുകഴിഞ്ഞാൽ എൻജിൻ റണ്ണിങ്ങാണെന്ന് തോന്നില്ല.  ഹെവി ട്രാഫിക്കിലും ഹൈവേ യിലും വളരെ സ്മൂത്തായ പവർ ഡെലിവറിയാണ് ടൂസോൺ തരുന്നത്. അതുപോലെതന്നെ ഗിയർ ചേഞ്ചാകുന്നതും അറിയുകയില്ല. പാഡിൽ ഷിഫ്റ്റ്‌ ഇല്ലാത്തതും പരാതിക്ക് ഇടവരുത്തുന്നു. കംഫർട്ട്, സ്പോർട്ട്, ഇക്കോ, സ്മാർട്ട് എന്നീ നാല്‌ ഡ്രൈവിങ് മോഡുകളും സ്നോ, മഡ്, സാന്റ്‌ എന്നീ മൾട്ടി ടെറൈൻ മോഡുകളും ടൂസോണിൽ പ്രവർത്തിക്കുന്നു.


 

സുരക്ഷാസന്നാഹങ്ങളിൽ ലെവൽ 2 എ‌ഡി‌എ‌എസാണ് ടൂസോണിലുള്ളത്. ഈ സിസ്റ്റത്തിലെ സുരക്ഷാഫീച്ചറുകളായ ഫോർവേഡ് കൊള്ളിഷൻ ആവോയിഡൻസ് അസ്സീസ്റ്റ് (എഫ്‌സി‌എ), ബ്ലൈണ്ട് സ്പാട്ട് വ്യൂ മോണിറ്റർ (ബി‌വി‌ഡബ്ല്യു), ലേൻ ഫോളോ അസ്സീസ്റ്റ് (എൽ‌എഫ്‌എ), ലേൻ കീപ്പിങ് അസ്സീസ്റ്റ് (എൽ‌കെ‌എ), റിയർ ക്രോസ്സ് ട്രാഫിക് കൊള്ളിഷൻ ആവോയിഡൻസ് അസ്സീസ്റ്റ് (ആർ‌സി‌സി‌എ) എന്നിവ ഉൾപ്പെടെ അറുപതിൽപ്പരം സുരക്ഷാഫീച്ചറുകളാണ് ഹുൺഡായ് ടൂസോണിൽ ലഭിക്കുന്നത്.

നാലാംതലമുറ ടൂസോണിന് ഹുൺഡായ് എക്സ് ഷോറൂം വിലയിട്ടിരിക്കുന്നത്, പെട്രോൾ വേരിയന്റിന് 27.7 ലക്ഷം രൂപയും ഡീസൽ ഓൾ വീൽ ഡ്രൈവ് വേരിയന്റിന് 34.39 ലക്ഷം രൂപയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top