29 March Friday

നിരത്തിലിറങ്ങും ഹൈഡ്രജൻ വാഹനങ്ങൾ; പദ്ധതിയുമായ് കേരളം മുന്നോട്ട്

റഷീദ‌് ആനപ്പുറംUpdated: Monday Jul 6, 2020

തിരുവനന്തപുരം > ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള വാഹനം നിരത്തിലിറക്കാനുള്ള പദ്ധതിയുമായ് കേരളം മുന്നോട്ട്. ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനം വികസിപ്പിക്കാനുള്ള പൈലറ്റ് പദ്ധതിക്കുള്ള കേരളത്തിന്റെ അപേക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരട്‌ വിജ്ഞാപനമിറക്കി. പദ്ധതിക്കുള്ള മാര്‍​ഗനിര്‍ദേശവുമായി. അന്തിമ അനുമതി താമസിയാതെ ലഭിക്കും.  ഒരു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌. 

ഗതാഗത വകുപ്പിന്‌ കീഴിലെ ശ്രീചിത്ര തിരുനാൾ കോളേജ്‌ ഓഫ്‌ എൻജിനിയറിങ്ങും അനർട്ടും ചേർന്നാണ്‌ പൈലറ്റ്‌ പദ്ധതിയുടെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  വിദഗ്‌ധ സമിതി പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ സമർപ്പിച്ചത്‌. ഹൈഡ്രജൻ ഉൽപ്പാദനം, സംഭരണം, പദ്ധതിയുടെ കാര്യക്ഷമത, സാമ്പത്തിക നേട്ടം തുടങ്ങിയവ ഉൾപ്പെട്ട റിപ്പോർട്ടാണ്‌ കേരളം കേന്ദ്രത്തിന്‌ സമർപ്പിച്ചത്‌. ഇതിന്‌ ചുവട് പിടിച്ച്‌  സമാനപദ്ധതി തയ്യാറാക്കാനൊരുങ്ങുകയാണ്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും. സാധ്യത പഠിച്ച്‌ റോഡ്‌ മാപ്പ്‌ തയ്യാറാക്കാൻ ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കേരളത്തിൽനിന്ന്‌ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ കമ്മിറ്റിയിൽ അംഗമാണ്‌.

ഇന്ധനക്ഷമത കൂടുതൽ
ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾക്ക്‌ ഇന്ധനക്ഷമത കൂടുതലായിരിക്കും. ബസ്‌, ട്രെയിൻ, കപ്പൽ തുടങ്ങിയവയ്‌ക്ക്‌ ഹൈഡ്രജൻ  സെൽകൂടുതൽ പ്രയോജനം ചെയ്യും. എൽഎൻജി, വെള്ളം, ജൈവ മാലിന്യം എന്നിവയിൽനിന്ന്‌ ഹൈഡ്രജൻ ഉൽപാദിപ്പിച്ച്‌ പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ സെല്ലിൽ നിറയ്‌ച്ച്‌ വാഹനത്തിൽ ഘടിപ്പിക്കുകയാണ്‌ കേരളം സമർപിച്ച പദ്ധതി.

നിലവിൽ കൊച്ചി പിപിസിഎല്ലിൽ എൽഎൻജിയിൽനിന്ന്‌ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നുണ്ട്‌. മാലിന്യത്തിൽനിന്ന്‌ ഹൈഡ്രജൻ ഉൽപാദിപ്പിക്കാവുന്ന സാങ്കേതി വിദ്യയാകട്ടെ ഐഒസിക്കുണ്ട്‌. ഈ രണ്ട്‌ സ്ഥാപനങ്ങളുടെ പങ്കാളിത്തം കേരളം തേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top