24 April Wednesday

മത്സരിക്കാൻ തയ്യാറായി ഫോർഡ് ഫ്രീസ്റ്റൈൽ

സി ജെ ഹരികുമാര്‍Updated: Monday Apr 16, 2018

  കരുത്തിനൊപ്പം സ്റ്റൈലും ഫ്രീയായിട്ട് ഉറപ്പ് നൽകി ഫോർഡിന്റെ ഏറ്റവും പുതിയ മോഡൽ ഫോർഡ് ഫ്രീസ്റ്റൈൽ തയ്യാർ. ഫോർഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഫ്രീസ്റ്റൈൽ ഏപ്രിൽ മൂന്നാം വാരം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഫോർഡ് നിരയിൽ ഫിഗൊയ്ക്കും ഇക്കോസ്പോർടിനും ഇടയിലാണ് സ്ഥാനം. ഫോർഡിന്റെ ക്രോസ്ഓവർ ഹാച്ച്ബാക്കാണ് ഫ്രീസ്റ്റൈൽ. കോമ്പാക്ട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണത്തോട് നീതിപുലർത്താൻ ഫ്രീസ്റ്റൈൽ ആവുവോളം ശ്രമിച്ചിട്ടുണ്ട്. കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് തന്നെയാണ് ഇതിൽ പ്രധാനം. 190 മി.മീറ്ററാണ് ഫ്രീസ്റ്റൈലിന്റെ ഗ്രൗണ്ട് ക്ലിയറൻസ്, ഫിഗോയേക്കാളും 16 മി.മീറ്റർ അധികം. 15 ഇഞ്ച് നാലു സ്പോക്ക് അലോയ് വീലുകളാണ് കാറിൽ. നാലു സ്പോക്ക് അലോയ് വീലുകൾ ശ്രേണിയിൽ പുതുമയാണെന്നതും ശ്രദ്ധേയം.

ഹെക്സഗണൽ ബ്ലാക് ഹണികോമ്പ് ഗ്രില്ലാണ് ഫ്രീസ്റ്റൈലിന്. ഹെഡ്ലാമ്പുകൾ ഫിഗോയിൽ നിന്നും കടമെടുത്തതാണ്. മുകളലിൽ മെറ്റാലിക്ക് കറുപ്പോടുകൂടിയ ഹെഡ്ലൈറ്റുകൾ വാഹനത്തിന് പരുക്കൻ മുഖഭാവവും നൽകുന്നുണ്ട്. കോണോട് കോൺ ചേർന്നാണ് ബമ്പർ. ഫോഗ്ലാമ്പുകൾ ബമ്പറിന് താഴെയാണ്. സിൽവർ സ്കിഡ് പ്ലേറ്റും ദേഹമാസകലമുള്ള സ്കിഡ് പ്ലേറ്റും കാറിന്റെ ഓഫ്റോഡിങ് സാധ്യത സൂചിപ്പിക്കും. ബമ്പറിൽ നിന്നും ടെയിൽ ലാമ്പിലേക്ക് അലിഞ്ഞ് ചേരുന്നതാണ് ക്യാരക്ടർ ലൈൻ. ഇരു വശങ്ങളിലും ബ്ലാക് ഗ്രാഫിക്സും നൽകിയിട്ടുണ്ട്. രൂപകൽപന പുതിയതെങ്കിലും ടെയിൽലാമ്പുകൾ എൽഇഡി അല്ല എന്നതാണ് ചെറിയൊരു ന്യൂനത. ഫിഗോയോട് കടം കൊണ്ടതിനു പുറമെ വലിയ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ഫ്രീസ്റ്റൈലിന്റെ അകത്തളം. കറുപ്പ് പശ്ചാത്തലത്തിലുള്ള ചോക്ലേറ്റ് നിറമാണ് ഡാഷ്ബോർഡിന്. ഇടത്തരം ഇക്കോസ്പോർട് വകഭേദങ്ങൾക്കുള്ള 6.5 ഇഞ്ച് ടച്ച്സ്ക്രീനാണ് ഫ്രീസ്റ്റൈലിൽ.
ടസങ്ങളില്ലാത്ത കാഴ്ച സമ്മാനിക്കാൻ ഡാഷ്ബോർഡിന് മുകളിലാണ് സിങ്ക് 3 ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള ടച്ച്സ്ക്രീൻ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി കാറിൽ സ്റ്റാൻഡേർഡ് ഫീച്ചറാണ്. ദിശ സൂചിപ്പിക്കാൻ കോമ്പസും ഡിസ്പ്ലേയിൽ ഉണ്ട്. സീറ്റുകൾക്ക് ഇടയിലാണ് സെൻട്രൽ സ്റ്റോറേജ്. 257 ലിറ്ററാണ് ബൂട്ട്സ്പെയ്സ്. പിൻസീറ്റുകൾ മടക്കിയാൽ സ്റ്റോറേജ് ശേഷി വർധിപ്പിക്കാം. എന്നാൽ പിൻ സീറ്റ് എടുത്തുമാറ്റാൻ സാധിക്കില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനും, 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും ഫ്രീസ്റ്റൈൽ പുറത്തിറങ്ങും. പുതിയ ഡ്രാഗൺ സീരീസ് 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടർ പെട്രോൾ എഞ്ചിന് പരമാവധി 93.7 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാനാവും. ഗെട്രാഗ് അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന്. പുതിയ എഞ്ചിന്റെ പിൻബലത്തിൽ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്ന ഏറ്റവും കരുത്തുറ്റ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ കാറാണ് ഫോർഡ് ഫ്രീസ്റ്റൈൽ.

    6 ബിഎച്ച്പി കരുത്തേകുന്ന ഡീസൽ എഞ്ചിൻ ഫിഗൊ, ആസ്പൈർ, ഇക്കോസ്പോർട് എന്നിവയോട് സമാനമാണ്. സുരക്ഷയുടെ കാര്യത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് ഫ്രീസ്റ്റൈലിലും ഫോർഡ് പറഞ്ഞുവെയ്ക്കുന്നു.

വൈദ്യുത പിന്തുണയോടെയുള്ള പവർ സ്റ്റീയറിംഗ് ആണ് വാഹനത്തിന്റെ മറ്റൊരു പ്രധാന മേൻമ. ഡ്യുയർ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് ബ്രേക്കിങ്, റിവേഴ്സ് പാർക്കിങ് സെൻസർ എന്നിവ ബേസ് മോഡൽ ഫ്രീസ്റ്റൈൽ വാഗ്ദാനം ചെയ്യുന്നു. ഇഎസ്പിയോട് കൂടിയ ആന്റി റോൾഓവർ പ്രിവൻഷൻ, വീതിയേറിയ 185/60 ടയറുകൾ, ദൃഢതയും ഉയരവുമുള്ള സ്പ്രിങ്ങ് സസ്പെൻഷൻ, മുൻചക്രങ്ങൾക്ക് വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉയർന്ന മോഡലുകളിൽ ലഭിക്കും. ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാലു വകഭേദങ്ങളിലാണ് ഫ്രീസ്റ്റൈലിന്റെ ഒരുക്കം.

ആറു നിറങ്ങളിൽ ലഭ്യമാകും. പെട്രോൾ മോഡൽ 19 കി. മീറ്ററും, ഡീസൽ പതിപ്പിൽ 24.4 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധന ക്ഷമത.
നിലവിലെ ക്രോസ് ഓവറുകൾക്ക് പ്രധാന എതിരാളിയായി എത്തുന്ന ഫ്രീസ്റ്റൈലിന് 6‐8 ലക്ഷം വരെയാണ് പ്രതീക്ഷിക്കാവുന്ന വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top