25 April Thursday

ക്രോസ്‌മോഡലില്‍ പയറ്റാന്‍ ഫിയറ്റ്

സ്മിതിUpdated: Sunday Oct 2, 2016

ക്രോസ്‌മോഡലുകളിലെ സാധ്യതകള്‍ തേടിയുള്ള ഫിയറ്റിന്റെ അര്‍ബന്‍ ക്രോസ് നിരത്തിലിറങ്ങി. അവെന്‍ചുറയെ അടിസ്ഥാനമാക്കി രൂപകല്‍പ്പനചെയ്ത പെട്രോള്‍, ഡീസല്‍ വകഭേദങ്ങളാണ് വടക്കേ ഇന്ത്യന്‍ ഉത്സവവിപണിയില്‍നിന്നു ലഭിക്കുന്ന പ്രാരംഭ മൈലേജുമായി മുന്നേറുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം ആദ്യം ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ആശയത്തില്‍നിന്ന് ഏറെയൊന്നും മാറ്റമില്ലാതെയാണ് അര്‍ബന്‍ ക്രോസ് നിരത്തിലിറങ്ങിയിരിക്കുന്നത്. അടിസ്ഥാനമോഡലായ അവെന്‍ചുറയോട് പ്രത്യക്ഷത്തില്‍ ഏറെ സാമ്യങ്ങളാണ് അര്‍ബന്‍ ക്രോസിനുള്ളത്. അവെന്‍ചുറയുടെ പിന്നിലുള്ള സ്പെയര്‍ വീല്‍ അകത്തേക്കു മാറ്റിയതാണ് ഒറ്റനോട്ടത്തില്‍ ഇതിനെ വ്യത്യസ്തമാക്കുന്നത്.

ആക്ടീവ്, ഡൈനാമിക്, എമോഷന്‍ എന്നീ വേരിയന്റുകളിലാണ് അവതരണം. പെട്രോളില്‍ 138 ബിഎച്ച്പിയും 210 എന്‍എം ടോര്‍ക്കും ഡീസലില്‍ 92 ബിഎച്ച്പിയും 209 എന്‍എം ടോര്‍ക്കുമാണുള്ളത്. ക്രോസ് അവതരിപ്പിക്കുമ്പോഴും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമായിത്തന്നെ മുന്നോട്ടുപോകാനാണ് ഫിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ക്രോസ് പോളോ, എത്തിയോസ് ക്രോസ്, ഐ 20 ആക്ടീവ് എന്നിവയാകും വിപണിയില്‍ അര്‍ബന്‍ ക്രോസിന്റെ മുഖ്യ എതിരാളികളെന്നു പ്രതീക്ഷിക്കാം.
അര്‍ബന്‍ ക്രോസ് 6.85 ലക്ഷം രൂപമുതല്‍ 9.85 ലക്ഷം രൂപ വരെ വിലകളിലാണ് അവതരിപ്പിക്കുന്നത്. ഡീസല്‍ ആക്ടീവിന് 6.85 ലക്ഷം രൂപ, ഡീസല്‍ ഡൈനാമിക്കിന്  7.45 ലക്ഷം രൂപ,  പെട്രോള്‍ ഇമോഷന് 9.85 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

ഗ്രൌണ്ട് ക്ളിയറന്‍സ് അടക്കമുള്ള കാര്യങ്ങളിലും അര്‍ബന്‍ ക്രോസ് അവെന്‍ചുറയുടെ അതേ രീതിയില്‍ 205 എംഎംതന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഗ്രില്ലില്‍ വരുത്തിയ പുതുമകള്‍,ഇരട്ട ടോണോടുകൂടിയ ബംബര്‍, റൂഫ് റെയില്‍ തുടങ്ങിയവ ക്രോസിന്റെ പുറമേയ്ക്കുള്ള ഭംഗി വര്‍ധിപ്പിക്കാന്‍ ഒരുക്കിയിട്ടുണ്ട്. ഇന്റീരിയറാണെങ്കില്‍ ബര്‍ഗണ്ടി നിറത്തിലും. പെട്രോള്‍ എമോഷന്‍ വേരിയന്റില്‍ വിവിധ ഫങ്ഷനുകളുള്ള സ്റ്റിയറിങ് വീല്‍, പിന്നിലുള്ള എസി വെന്റ് തുടങ്ങിയവ അവതരിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top