ദുബായ് > സ്ലോവോക്യയുടെ ആദ്യ ഹൈഡ്രജൻ കാർ എക്സ്പോ 2020 പവലിയനിൽ വെച്ച് പുറത്തിറക്കി. പരിസ്ഥിതി സൗഹൃദ എയറോഡൈനാമിക് സ്പോർട്സ് കാർ ആണ് പുറത്തിറക്കിയത്. 2007 മുതൽ എല്ലാ ഫെരാരി മോഡലുകളുടെയും രൂപകൽപ്പനയ്ക്ക് സംഭാവന ചെയ്ത സ്ലൊവാക് ഡിസൈനർ ബ്രാനിസ്ലാവ് മൗക്കോയാണ് MH2 ഹൈഡ്രജൻ കാർ രൂപകൽപന ചെയ്തത്.
സ്ലോവാക്യൻ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ, റിപ്പബ്ലിക് ഓഫ് സ്ലോവാക്യയിൽ നിന്നുള്ള രാഷ്ട്രീയ പ്രതിനിധി സംഘം, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ് ഇബ്രാഹിം അൽ ഹാഷെമി, എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറൽ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് സ്ലോവാക്യ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. സാമ്പത്തിക മന്ത്രി റിച്ചാർഡ് സുലക്, ഗതാഗത-ടൂറിസം മന്ത്രി ആൻഡ്രെജ് ഡൊലെസാൽ, എക്സ്പോ 2020 സ്ലോവാക്യ പവലിയൻ കമ്മീഷണർ ജനറൽ മിറോസ്ലാവ വലോവിനോവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
മുകളിൽ നിന്ന് നോക്കുമ്പോൾ ഒരു ജലകണത്തിന്റെ ആകൃതിയും, പൊതുവിൽ ഒരു മത്സരത്തിന്റെ തുടക്കത്തിന് തയ്യാറായ അത്‌ലറ്റിനോട് സാമ്യമുള്ളതുമായ എയ്റോ ഡൈനാമിക് കാറാണ് MH2. സ്ലോവാക്യയിലെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി നേതാവായ മാടഡോർ ഗ്രൂപ്പും കൊസൈസ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി രൂപകൽപന ചെയ്തതാണ് ഈ ഹൈഡ്രജൻ കാർ.
കോവിഡ് കഴിഞ്ഞ ഒരു ലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ, എക്സ്പോ 2020 ഞങ്ങളുടെ കണ്ടുപിടുത്തങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പ്രദർശിപ്പിക്കാൻ പറ്റിയ ഒരു പ്ലാറ്റ്ഫോമാണ് എന്ന് പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ പറഞ്ഞു. മൊബിലിറ്റി ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ലൊവാക്യ പവലിയന്റെ പ്രമേയം 'ഭാവിയിലെ ചലനം: ഹൈഡ്രജൻ, വ്യോമയാനം, ബഹിരാകാശം' എന്നതാണ്. ബഹിരാകാശ റോബോട്ട്, നാസയ്ക്കായി ആദ്യം സൃഷ്ടിച്ച ആൻഡ്രോവർ, സ്ലോവാക് കമ്പനിയായ വെർച്വൽ റിയാലിറ്റി മീഡിയ സൃഷ്ടിച്ച ഫ്ലൈറ്റ് സിമുലേറ്റർ എന്നിവയും പവലിയന്‍റെ ആകർഷണീയതയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..