08 June Thursday
മാരുതി ഇഗ്നിസ്, ഹ്യുണ്ടായ് കര്‍ലിനോ, ടാറ്റ ഹെക്സ, ടൊയോട്ട വിയോസ്

നോട്ടില്ലേലും ഓട്ടത്തിന് പുതുപുത്തന്‍ കാറുകള്‍ റെഡി

വെബ് ഡെസ്‌ക്‌Updated: Monday Jan 2, 2017

കൊച്ചി > സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കും അസ്ഥിരതകള്‍ക്കും ഇടയിലും പുതുവര്‍ഷം ഇന്ത്യന്‍ വാഹനവിപണിയില്‍ ഒട്ടേറെ മോഡലുകള്‍ ഇറക്കാന്‍തന്നെയാണ് കാര്‍നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ കാര്‍വിപണിയിലെ ഭീമനായ മാരുതിമുതല്‍ ആഗോള ഭീമനായ ടൊയോട്ടവരെ എല്ലാ നിര്‍മാതാക്കളും വിപണി കൈയടക്കാന്‍ മത്സരിക്കുമ്പോള്‍ ഒരുകാലത്ത് അരങ്ങുവാണ ചില മോഡലുകള്‍ പിന്‍വലിക്കും. എന്നാല്‍ വിപണിയില്‍നിന്ന് പിന്‍വലിച്ച ചില ജനപ്രിയ മോഡലുകളുടെ മടങ്ങിവരവിനും 2017 സാക്ഷിയാകുമെന്നാണ് സൂചന.

സാധാരണക്കാരുടെ കാര്‍മോഹങ്ങള്‍ക്ക് സാക്ഷാല്‍കാരമേകുന്ന മാരുതിയില്‍നിന്നുതന്നെ കൂടുതല്‍ പ്രതീക്ഷിക്കാം. കുറച്ചുനാള്‍ മുമ്പുവരെ നിരത്തുകളില്‍ തിളങ്ങിയ റിറ്റ്സിന്റെ നിര്‍മാണം കമ്പനി അവസാനിപ്പിക്കുന്നുവെന്നതും പകരക്കാരനായി ഇഗ്നിസ് എത്തുന്നുവെന്നതുമാണ് ശ്രദ്ധേയം. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെയും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെയും കരുത്തില്‍ എത്തുന്ന ഇഗ്നിസ് ആകും പുതുവര്‍ഷം ഇന്ത്യന്‍ നിരത്തിലെത്തുന്ന ആദ്യ പുതിയ കാര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടിസ്ഥാന മോഡലില്‍ത്തന്നെ എബിഎസ്, രണ്ട് എയര്‍ ബാഗുകള്‍ തുടങ്ങിയ സവിശേഷതകളുള്ള ഇഗ്നിസ്  ജനുവരി പകുതിക്കുമുമ്പ് എത്തിയേക്കും. ഓട്ടോമാറ്റിക് മോഡലും ഉണ്ടാകും.

ടാക്സിവിഭാഗത്തില്‍ ഇപ്പോഴും ഏറെ പ്രിയങ്കരമായിരുന്ന, ആദ്യം ഇറങ്ങിയ ഡിസയറിന്റെ രൂപമുള്ള, 'ഡിസയര്‍ ടൂര്‍' എന്ന മോഡലും മാരുതി നിര്‍ത്തും. എന്നാല്‍ സ്വിഫ്റ്റും ഡിസൈറും കാര്യമായ മാറ്റങ്ങളോടെ വൈകാതെതന്നെ വിപണിയിലെത്തും. ഭാരംകുറച്ച് കരുത്തും മൈലേജും കൂട്ടി, സുരക്ഷാക്രമീകരണങ്ങളും മെച്ചപ്പെടുത്തിയാകും സ്വിഫ്റ്റിന്റെ വരവ്. ഏഴു സീറ്റുള്ള വാഗണര്‍, കോംപാക്ട് എസ്യുവിയായ ജിംനി തുടങ്ങിയവയും മാരുതിയില്‍നിന്ന് വൈകാതെ പ്രതീക്ഷിക്കാം.

മാരുതി കഴിഞ്ഞാല്‍ ഹ്യുണ്ടായിയും പുതിയ വര്‍ഷത്തേക്ക് വലിയ പദ്ധതികള്‍ ഒരുക്കുന്നു. ജനപ്രിയ മോഡലുകളിലൊന്നായ ഇയോണ്‍ മുഖംമിനുക്കി വരുമ്പോള്‍ പിന്‍വലിച്ച സാന്‍ട്രോ അടിമുടി മാറി തിരിച്ചെത്തിയേക്കും. ഇതിന് ഓട്ടോമാറ്റിക് മോഡലും ഉണ്ടാകും. കോംപാക്ട് എസ്യുവിയായ കര്‍ലിനോയാണ് കാര്‍പ്രേമികള്‍ കാത്തിരിക്കുന്ന മറ്റൊരു താരം. വിപണിയില്‍ വന്‍ ഹിറ്റായ ക്രേറ്റയ്ക്ക് തൊട്ടുതാഴെ 8-12 ലക്ഷത്തിന്റെ വിഭാഗത്തില്‍ എത്തുന്ന കര്‍ലിനോ എലൈറ്റ് ഐ20യുടെ പ്ളാറ്റ്ഫോമിലാണ് നിര്‍മിക്കുന്നത്. ഐ20ക്ക് കരുത്തുപകരുന്ന 1.2 ലിറ്റര്‍ കാപ്പ വിറ്റിവിറ്റി പെട്രോള്‍ എന്‍ജിനും ഡീസലില്‍ 1.4 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിനുമാകും കര്‍ലിനോയ്ക്കും. സമൂലമാറ്റങ്ങളോടെ വെര്‍ണ 'ന്യൂജനറേഷന്‍ വെര്‍ണ'യായി എത്തുമെന്നും എസ്യുവിയായ ട്യുസോണിന്റെ ഫോര്‍വീല്‍ ഡ്രൈവുള്ള മോഡലും 2017ല്‍ എത്തുമെന്ന് സൂചനയുണ്ട്.

2017ന്റെ ആദ്യപാദത്തില്‍ വിപണിയിലെത്തിക്കുമെന്ന് കരുതുന്ന ടാറ്റ കൈറ്റ്-5 ആണ് സാധാരണ കാര്‍ ഉപയോക്താക്കള്‍  പ്രതീക്ഷിക്കുന്ന മറ്റൊരു വാഹനം. ടിയാഗോയുടെ പ്ളാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന് നാലുലക്ഷംമുതലാകും വിലയെന്നാണ് സൂചന. പ്രീമിയം എംപിവിയായ ഹെക്സയും ടാറ്റ ജനുവരിയില്‍ത്തന്നെ വിപണിയിലിറക്കുമെന്നാണ് സൂചന. 2.2 ലിറ്റര്‍ എന്‍ജിനുള്ള ആറു വേരിയന്റുകളാവും ഈ വാഹനത്തിന്.

മാരുതി സുസുക്കിയുടെ താരമായ വിറ്റാര ബ്രസയില്‍നിന്ന് കനത്ത വെല്ലുവിളി നേരിട്ട ഫോഡ് ഇക്കോ സ്പോട്ട് സമൂല മാറ്റങ്ങളോടെ 2017ല്‍ എത്തും. ഹോണ്ടസിറ്റി, ഹ്യൂണ്ടായ് വെര്‍ണ, മാരുതി സിയാസ് എന്നിവ വാശിയോടെ മത്സരിക്കുന്ന വിഭാഗത്തിലേക്ക് ടൊയോട്ട വിയോസും ഈ വര്‍ഷം എത്തിയേക്കും. എറ്റിയോസിനും കൊറോള ആള്‍ടിസിനും ഇടയിലാണ് കമ്പനി ഈ കോംപാക്ട് സെഡാന്‍ അവതരിപ്പിക്കുക. 7.5-10 ലക്ഷമാകും വിലയെന്നാണ് കരുതുന്നത്.
ഹോണ്ടയുടെ എസ്യുവിയായ എച്ച്ആര്‍വി, സിആര്‍വിയുടെ പരിഷ്കരിച്ച പതിപ്പ് എന്നിവയും വൈകാതെ ഇന്ത്യന്‍ നിരത്തുകളിലിറങ്ങിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top