21 June Friday

വില്ലന്‍ രക്ഷകനാകുന്നു; ചെറു കാറുകള്‍ക്ക് പ്രിയമേറുന്നു

സന്തോഷ്‌ ബാബുUpdated: Monday Jun 22, 2020

കൊച്ചി > വാഹന വിപണിക്ക് പൂട്ടിട്ട കോവിഡ് മഹാമാരി ഇപ്പോൾ രക്ഷകനാകുകയാണ്. വാഹന വിപണി ശക്തമായി തിരിച്ച് കയറുന്നു. സംസ്ഥാനത്ത് എല്ലാ പ്രമുഖ കാർ നിർമാതാക്കളുടെയും ഡീലർഷിപ്പ് ഷോറൂമുകൾ വീണ്ടും സജീവമായിരിക്കുന്നു. കോവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ ഇനിയും ഏറെനാൾ സാമൂഹിക അകലം പാലിക്കേണ്ടി വന്നേക്കുമെന്ന തിരിച്ചറിവാണ് വാഹന വിപണിക്ക് തുണയാകുന്നത്. കൂടുതൽ പേർ സുരക്ഷിതമായ യാത്രയ്ക്ക് സ്വന്തം  വാഹനം എന്ന തീരുമാനത്തിലേക്ക് എത്തുകയാണെന്നും   ആഡംബരമായിരുന്ന കാർ അങ്ങനെ കുടുംബത്തിൻറെ ആവശ്യമെന്ന നിലയിലേക്ക് മാറിയെന്നും  ഡീലർമാർ പറയുന്നു.  മെയ് മാസത്തിൽ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കും മികച്ച വിൽപനയാണ് കിട്ടിയത്.  മാരുതി സുസുകി 13, 865,  ഹ്യുണ്ടായ് 6,883, മഹീന്ദ്ര ആൻഡ് മഹീന്ദ 3867 കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.

ചെറുകാറുകളാണ് താരം

കോവിഡ് കാലത്ത്  ഷോറൂമുകളിൽ എത്തുന്ന അന്വേഷണങ്ങളിൽ അധികവും ചെറുകാറുകളെക്കുറിച്ചാണ്. മോട്ടോർസൈക്കിളിൽ നിന്ന് കാറുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണ് ഇതിൽ ഏറെയും. കൂടാതെ  നിലവിൽ കാറുള്ളവരായാലും ഭാര്യയും ഭർത്താവും രണ്ട് സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരാണെങ്കിൽ  പുതിയൊരു കാറ് കൂടി വാങ്ങാൻ താൽപര്യം കാണിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നും  സ്ത്രീകളിൽ നിന്നും ചെറു കാറുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതലായി വരുന്നുണ്ടെന്നും   പോപ്പുലർ ഹ്യുണ്ടായ് സെയിൽസ് ജനറൽ മാനേജർ ബി  ബിജു പറഞ്ഞു. കാർവിപണിയിൽ വരുന്ന മാസങ്ങളിൽ മികച്ച വിൽപനയാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു വ്യക്തമാക്കി.

ജൂൺ, ജൂലൈ മാസങ്ങളിൽ 80 ശതമാനത്തോളം വിൽപന തിരിച്ചു വരുമെന്നാണ് മാരുതിയും പ്രതീക്ഷിക്കുന്നത്.  ഷോറൂമുകളിലും ഡിജിറ്റൽ സംവിധാനങ്ങളിലും അന്വേഷണം വർദ്ധിച്ചിട്ടുണ്ടെന്നും  ആൾട്ടോ 800 മുതൽ സിഫ്റ്റ് വരെയുള്ള ചെറുകാറുകൾക്കാണ് കൂടുതൽ ആവശ്യക്കാരെന്നും കമ്പനി പറയുന്നു.  സംസ്ഥാനത്ത് 2019 ജൂൺ മാസത്തെ അപേക്ഷിച്ച് ഈ മാസം നൂറ് ശതമാനം വർച്ചയാണ് കാണുന്നതെന്ന് ടാറ്റ മോട്ടോർസും മഹീന്ദ്രയും പറയുന്നു. പ്രമുഖ ബ്രാൻഡുകളെല്ലാം   വിവിധ ഓഫറുകളും  വായ്‌പാ സ്‌കീമുകളും  അവതരിപ്പിച്ചിട്ടുമുണ്ട്.  ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം ശക്തമായതും ആകർഷകമായ പലിശ നിരക്കുകളിൽ വായ്‌പകൾ ലഭ്യമാകുന്നതും കാർവിപണിയുടെ തിരിച്ചു വരവിന് സഹായകമാകുന്നു.

കേന്ദ്രം കനിഞ്ഞാൽ വിൽപന കൂടും കുറഞ്ഞ ചെലവിൽ കാറ് വാങ്ങാം

ആട്ടോമൊബൈൽ മേഖലയിൽ നേരിട്ട് ജോലി ചെയ്യുന്നത് 40 ലക്ഷത്തിലധികം പേരാണ്. അതിൻറെ മൂന്നിരട്ടിയോളം പേർ വാഹന നിർമാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽ ഓട്ടോമൊബൈൽ രംഗത്തിൻറെ തകർച്ച നിരവധി മേഖലകളെയാണ് ബാധിയ്ക്കുക. ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷൂറൻസ് കമ്പനികൾ തുടങ്ങിയ സാമ്പത്തിക സേവന മേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാകും.  ഇത് ഒഴിവാക്കുന്നതിന് കുറഞ്ഞത് അടുത്ത ഒരു വർഷത്തേയ്ക്കെങ്കിലും കേന്ദ്ര സർക്കാർ ആട്ടോമൊബൈൽ മേഖലയ്ക്ക് പ്രത്യേക രക്ഷാ പാക്കേജ് കൊണ്ടുവരണമെന്ന്  ഈ മേഖലയിലുള്ളവർ പറയുന്നു.  അതോടൊപ്പം കാർ വിൽപ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന് മുന്നിൽ മൂന്ന് നിർദ്ദേശങ്ങളും വെയ്ക്കുന്നു.

1  ദീർഘകാല വാഹന വായ്പ അനുവദിയ്ക്കുക.
നിലവിൽ പരമാവധി ഏഴ് വർഷത്തേയ്ക്കാണ് വാഹന വായ്പ നൽകുന്നത്. അതിന് പകരം കുറഞ്ഞത് പത്തു വർഷത്തേയ്ക്ക് വായ്പ അനുവദിച്ചാൽ പ്രതിമാസ തിരിച്ചടവ്  (ഇഎംഐ) തുക കുറയും. അങ്ങനെ ഇഎംഐ താങ്ങാവുന്നതാകുമ്പോൾ കൂടുതൽ പേർ കാർ വാങ്ങാൻ തയ്യാറാകും.
 
 2  ജിഎസ്ടി കുറയ്ക്കുക
കാറുകളുടെ ജിഎസ്ടി നിലവിൽ 28 ശതമാനം മുതുൽ 40 ശതമാനം വരെയാണ്. ഒരു വർഷത്തേയ്ക്ക് ഇതിൽ കുറവ് വരുത്തിയാൽ കാറുകളുടെ വില കുറയും, വിൽപന വർദ്ധിയ്ക്കും.

3 റോഡ് നികുതി വ്യത്യാസപ്പെടുത്തുക
പുതിയ കാറ് വാങ്ങുന്നവർ നിലവിൽ 15 വർഷത്തെ റോഡ് നികുതി ഒറ്റത്തവണയായി കാറിൻറെ വിലയ്ക്ക് ഒപ്പം തന്നെ അടയ്ക്കേണ്ടതുണ്ട്. ഇപ്പോൾ ആളുകൾക്ക് പണലഭ്യത കുറവായതിനാൽ 15 വർഷത്തെ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചാൽ മതിയെന്നാക്കുക. അത് കാറ് വാങ്ങാനുള്ള ചെലവ് കുറയ്ക്കും. അപ്പോൾ വിൽപന  ഇരട്ടിയാകും. അതിനാൽ സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകുകയുമില്ല.

2020 മെയ് മാസത്തെ ഇന്ത്യയിലെ കാര്‍ വില്പന

മാരുതി സുസുകി- -  13,865.
ഹ്യുണ്ടായ് മോട്ടോര്‍സ് 6,883.
മഹീന്ദ്ര&മഹീന്ദ്ര 3,867
ടാറ്റാ മോട്ടോര്‍സ് 3,153
കിയ മോട്ടോര്‍ ഇന്ത്യ 1,661
ടൊയോട്ട കിര്‍ലോസ്കര്‍  1,639
ഫോഡ് മോട്ടോര്‍ ഇന്ത്യ 571
സ്കോഡ ആട്ടോ ഇന്ത്യ 508
നിസ്സാന്‍ ഇന്ത്യ 378
ഹോണ്ട മോട്ടോര്‍സ് ഇന്ത്യ 375


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top